സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍കോഡ് ഭരണഘടനാപരമായ അസംബന്ധം- കാളീശ്വരം രാജ്

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് കൊണ്ടുവന്നതിനുശേഷം ബി.ജെ.പി. അധികാരത്തിലുള്ള മറ്റുചില സംസ്ഥാനങ്ങളിലും സമാനനിയമനിര്‍മാണത്തിനായുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തൊട്ടാകെ പൗരര്‍ക്ക് മൊത്തത്തില്‍ ബാധകമാകുന്ന ഏകീകൃത സിവില്‍കോഡിനായി ഭരണകൂടം ശ്രമിക്കണമെന്നാണ് ഭരണഘടനയിലെ നിര്‍ദേശകതത്ത്വങ്ങളില്‍പ്പെടുന്ന 44-ാം അനുച്ഛേദം പറയുന്നത്. ഒറ്റയടിക്ക് ഏകീകൃത സിവില്‍നിയമം വേണമെന്ന് ഭരണഘടന പറഞ്ഞിട്ടില്ല. കെ.എം. മുന്‍ഷിയെപ്പോലുള്ളവര്‍ അതിനായി ശക്തമായ വാദമുയര്‍ത്തിയെങ്കിലും പൗരര്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷണല്‍ നിയമത്തെക്കുറിച്ചാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ പറഞ്ഞത്. ഏതുനിലയില്‍ നോക്കിയാലും ചില സംസ്ഥാനങ്ങളില്‍മാത്രം അടിച്ചേല്‍പ്പിക്കുന്ന ഏകീകൃത സിവില്‍നിയമം ഭരണഘടന വിവക്ഷിച്ച ഏകീകൃത സിവില്‍ നിയമമെന്ന സങ്കല്പത്തിനു കടകവിരുദ്ധമാണ്. അതത് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയകക്ഷികളുടെ/ മുന്നണിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് കൊണ്ടുവരേണ്ടുന്ന ഒന്നായിട്ടല്ല ഭരണഘടനയില്‍ ഈ നിയമപദ്ധതി വിഭാവനംചെയ്തത്.
കേന്ദ്രം മടിക്കുന്നതെന്തേ
2014-ലെ പൊതു തിരഞ്ഞെടുപ്പിനുമുന്നോടിയായിത്തന്നെ ബി.ജെ.പി. ഏകീകൃത സിവില്‍കോഡിനുവേണ്ടിയുള്ള വാദമുഖങ്ങള്‍ ശക്തമായി ഉന്നയിക്കുകയുണ്ടായി. കേന്ദ്രത്തില്‍ ഇപ്പോഴുള്ളത് ബി.ജെ.പി.ക്കുമാത്രമായി ഭൂരിപക്ഷമില്ലാത്ത കൂട്ടുകക്ഷിസര്‍ക്കാരാണെങ്കിലും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുവരെയുള്ള പത്തുവര്‍ഷങ്ങളില്‍ സ്ഥിതി അതായിരുന്നില്ല. ഒറ്റയ്ക്ക് മതിയായ ഭൂരിപക്ഷമുണ്ടായിട്ടും രാജ്യത്താകമാനം ബാധകമായ ഏകീകൃത സിവില്‍നിയമം കൊണ്ടുവരാന്‍ പോയിട്ട് അതിന്റെ കരടുരൂപംപോലും തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതിരുന്നതെന്തുകൊണ്ടാണ്? ഈ വിഷയത്തിലുള്ള ആത്മാര്‍ഥതക്കുറവുകൊണ്ടാണോ, അതോ മറ്റെന്തെങ്കിലും കാരണംകൊണ്ടാണോ?
ബോധപൂര്‍വമായ ഈ നിഷ്‌ക്രിയത്വത്തിനുപിന്നില്‍ രണ്ടു കാരണങ്ങള്‍ ഉണ്ടെന്നുതോന്നുന്നു. ഒന്നാമത്തേത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒട്ടേറെയായ ഘടകങ്ങള്‍ കാരണം രാജ്യത്താകെയായി നിര്‍ബന്ധിത ഏകീകൃത സിവില്‍നിയമം കൊണ്ടുവരുക പ്രയാസകരം മാത്രമല്ല, അസാധ്യം തന്നെയാണ്. ഹിന്ദു അവിഭക്ത കുടുംബ (Hindu Undivided Family)ത്തിനുള്ള വരുമാനനികുതിയടക്കമുള്ള കാര്യങ്ങളിലെ പ്രത്യേകാവകാശങ്ങള്‍, ഒരു ഏകതാനമായ നിയമനിര്‍മാണത്തിന് തടസ്സമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും അവിടങ്ങളിലെ പ്രത്യേക ഗോത്രവിഭാഗങ്ങള്‍ക്കും ഭരണഘടനയിലെ 371 എ, 371 സി, 244 (2), 275 (1) തുടങ്ങിയ അനുച്ഛേദങ്ങള്‍ പ്രത്യേക പരിഗണന ഉറപ്പുവരുത്തുന്നു. ഈ ജനവിഭാഗങ്ങളുടെ സവിശേഷമായ ആചാരാനുഷ്ഠാനങ്ങളിലും വ്യക്തിനിയമങ്ങളിലും ഏകപക്ഷീയമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ഇത്തരം വ്യവസ്ഥകള്‍തന്നെ തടസ്സമാണ്. എന്തിന്, ഹിന്ദുക്കള്‍ക്കിടയില്‍ത്തന്നെ ദായക്രമത്തിന്റെ കാര്യത്തിലുള്ള വൈവിധ്യം ഒറ്റയടിക്ക് ഇല്ലാതാക്കാനാകില്ല. ദായഭാഗ, മിതാക്ഷര സമ്പ്രദായങ്ങള്‍ ഇന്ത്യയിലെ ഭൂരിപക്ഷമതത്തിനുള്ളില്‍ത്തന്നെ വ്യത്യസ്തദായക്രമങ്ങളാണുള്ളതെന്ന് വ്യക്തമാക്കുന്നു. കേന്ദ്രീകരിച്ച ഹിന്ദുപിന്തുടര്‍ച്ചാവകാശനിയമങ്ങള്‍പോലും ഈ യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നു. വിവാഹാനുഷ്ഠാനങ്ങള്‍ തൊട്ട് വിശ്വാസപ്രമാണങ്ങള്‍വരെയുള്ള കാര്യങ്ങളില്‍ നിലനില്‍ക്കുന്ന ഈ വൈവിധ്യത്തെ നിയമംമുഖേന ഏകീകരിക്കാന്‍ കഴിയില്ല. ബഹുഭാര്യത്വത്തിനെതിരായ നിയമപരമായ ആയുധമെന്ന നിലയില്‍ മുസ്ലിം സ്ത്രീകളുടെ രക്ഷയ്ക്കുവേണ്ടി ഏകീകൃത സിവില്‍നിയമം ഉപകരിക്കും എന്ന പ്രചാരണത്തിനും വലിയ അടിസ്ഥാനമില്ല. ഇന്ത്യയില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ബഹുഭാര്യത്വനിരക്ക് 1.9 ശതമാനമാണെങ്കില്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ അത് 2.1 ശതമാനവും ഹിന്ദുക്കള്‍ക്കിടയില്‍ 1.3 ശതമാനവും ആണെന്ന് റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരിക്കുന്നു. അപ്പോള്‍പ്പിന്നെ ഒരു സമുദായത്തെമാത്രം ഏകീകൃത സിവില്‍നിയമത്തിലൂടെ 'പരിഷ്‌കരിച്ചെടുക്കാം' എന്ന പദ്ധതിക്കും നിലനില്‍പ്പില്ലാതായി. ഈവകകാര്യങ്ങളില്‍ യാഥാര്‍ഥ്യം കേന്ദ്രസര്‍ക്കാരിന് മനസ്സിലായി എന്നതാണ് കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ടാമത്തെ കാരണം, ഈ വിഷയം സജീവമായി നിലനിര്‍ത്താനും കേന്ദ്ര, സംസ്ഥാനതല തിരഞ്ഞെടുപ്പുകളില്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനും ബി.ജെ.പി. ആഗ്രഹിക്കുന്നുവെന്നതാണ്. സംസ്ഥാനതലത്തിലെ ഏകീകൃത സിവില്‍ നിയമം എന്ന ഭരണഘടനാബാഹ്യമായ ആശയം രൂപപ്പെട്ടതും ഭാഗികമായി ചിലയിടങ്ങളില്‍ പ്രയോഗിക്കപ്പെടുന്നതും ഈ സാഹചര്യത്തിലാണ്.
പാശ്ചാത്യരാജ്യങ്ങളിലും മറ്റും
ഈ അവസ്ഥ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഏകീകൃത സിവില്‍ കോഡിനായുള്ള സംരംഭങ്ങളില്‍നിന്ന് ഗുണപരമായിത്തന്നെ വ്യത്യസ്തമാണ്. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, അയര്‍ലന്‍ഡ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാനുള്ള ചോദന പ്രാദേശികവാദങ്ങളെ ഇല്ലാതാക്കാനും ലിംഗപരമായ അസമത്വത്തിന് പരിഹാരം കാണാനുമുള്ള താത്പര്യമായിരുന്നു. 1804-ല്‍ നൂറുകണക്കിന് പ്രാദേശിക നിയമങ്ങളെ ഇല്ലാതാക്കിക്കൊണ്ടാണ് ഫ്രാന്‍സ് ഏകീകൃത സിവില്‍ കോഡിലേക്ക് പ്രവേശിച്ചത്. ഇന്ത്യന്‍ മതേതരത്വ സങ്കല്പത്തില്‍നിന്ന് തികച്ചും ഭിന്നമായി, മതങ്ങളെയും ആചാരങ്ങളെപ്പോലും നിരാകരിക്കുന്ന നിയമ-ഭരണഘടനാ സംവിധാനമാണ് ഫ്രാന്‍സിന്റേത് എന്നതും കാണുക. ഈജിപ്ത്, ടുണീഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ മതരാഷ്ട്രങ്ങളാണെങ്കിലും പൊതുനിയമങ്ങളെ മതവിശ്വാസങ്ങള്‍ക്കതീതമായിക്കാണാന്‍ തയ്യാറായ പൗരസമൂഹമാണ് അവിടങ്ങളില്‍ ഏകീകൃത സിവില്‍ നിയമങ്ങളെ സാധ്യമാക്കിയത്. ഇവിടങ്ങളില്‍നിന്നും ഭിന്നമാണ് ഇന്ത്യന്‍ സാഹചര്യങ്ങളെന്ന തിരിച്ചറിവ് പക്ഷേ, തിരഞ്ഞെടുപ്പുസമയത്ത് ജനങ്ങളെ ധ്രുവീകരിക്കാനുള്ള വിഷയമെന്ന നിലയില്‍ ഏകീകൃത സിവില്‍ കോഡിനുള്ള വാണിജ്യമൂല്യത്തെ ബാധിച്ചിട്ടില്ല!
ഉത്തരാഖണ്ഡിലെ നിയമം
ഉത്തരാഖണ്ഡില്‍ നടപ്പാക്കിയ നിയമമാകട്ടെ, ഒട്ടേറെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിനുനേരേ വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്. ലിവ്-ഇന്‍- റിലേഷന്‍പോലും രജിസ്റ്റര്‍ ചെയ്യണമെന്ന് ശഠിക്കുന്ന നിയമത്തില്‍ മനുഷ്യബന്ധങ്ങള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ മാത്രമേ ആകാവൂ എന്ന അധികാര രാഷ്ട്രീയത്തിന്റെ ഉള്ളടക്കമാണുള്ളത്. ഇത്തരം കാര്യങ്ങളില്‍ മതപുരോഹിതന്മാരുടെ സര്‍ട്ടിഫിക്കറ്റാവശ്യപ്പെടുന്ന നിയമവ്യവസ്ഥകള്‍ ഫലത്തില്‍ പ്രായപൂര്‍ത്തിയായ പൗരരുടെ സ്വന്തം ഇഷ്ടമനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നത്. ലതാസിങ്ങിന്റെ കേസ് (2006), ഇന്ദ്രാശര്‍മയുടെ കേസ് (2013), ജോസഫ് ഷൈന്‍ കേസ് (2018), ഷഫീന്‍ ജഹാന്റെ കേസ് (2018), നവതേജ്സിങ് ജോഹാറിന്റെ കേസ് (2018) തുടങ്ങിയ ഒട്ടേറെ കേസുകളില്‍ മനുഷ്യബന്ധങ്ങളിലേര്‍പ്പെടാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിനും വ്യക്തിപരമായ സ്വച്ഛന്ദമായ തീരുമാനങ്ങള്‍ക്കും സുപ്രീംകോടതി അടിവരയിട്ടതാണ്. പ്രസിദ്ധമായ പുട്ടുസ്വാമികേസില്‍ (2017) സുപ്രീംകോടതി സ്വകാര്യത മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചു. ഈ വിധികളുടെ വ്യക്ത്യധിഷ്ഠിതമായ മൗലികാവകാശങ്ങളുടെ തായ്വേരറുക്കുന്ന നിബന്ധനകളാണ് 'ഏകീകൃത സിവില്‍ കോഡ്' എന്ന വ്യാജേന ഉത്തരാഖണ്ഡില്‍ കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനത്തിനു പുറത്ത് ജീവിക്കുന്ന ഉത്തരാഖണ്ഡുകാര്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കും ഈ സംസ്ഥാനനിയമം എങ്ങനെ ബാധകമാക്കുമെന്ന കാര്യത്തിലും അവ്യക്തതകള്‍ നിലവിലുണ്ട്. ഏതുനിലയിലും ലിംഗസമത്വത്തിനുള്ള ദേശീയമായ നിയമനിര്‍മാണമെന്ന സങ്കല്പത്തിനടുത്തുവരുന്നതല്ല ഇത്തരം ഉദ്യമങ്ങള്‍. ഉത്തരാഖണ്ഡില്‍ത്തന്നെയുള്ള ചില ന്യൂനപക്ഷ, ഗോത്രവിഭാഗങ്ങള്‍, അടിച്ചേല്പിക്കപ്പെട്ട ഈ സംസ്ഥാനനിയമത്തില്‍ തികച്ചും അസംതൃപ്തരാണ്.
ഇന്ത്യയില്‍ നൂറ്റാണ്ടുകളോളം ഭരണം നടത്തിയ മുഗളന്മാരും ബ്രിട്ടീഷുകാരുംപോലും രാജ്യത്തിന്റെ സാംസ്‌കാരികവും വിശ്വാസപരവുമായ വൈവിധ്യത്തെ തകര്‍ക്കുന്ന നിലയില്‍ ഏകീകൃത സിവില്‍ നിയമത്തിന് തുനിഞ്ഞിട്ടില്ല എന്നത് ഈ വിഷയത്തിലെ സങ്കീര്‍ണതകള്‍കൊണ്ടുകൂടിയാണ്. ഷബാനു ബീഗം കേസ് (1985), സരളാ മുധ്ഗല്‍ കേസ് (1995), ഡാനിയല്‍ ലത്തീഫ് കേസ് (2001) തുടങ്ങിയ കേസുകളില്‍ സുപ്രീംകോടതി ഏകീകൃത സിവില്‍ കോഡിന്റെ അഭികാമ്യതയെക്കുറിച്ച് പറഞ്ഞുവെങ്കിലും അവ കേവലം സാന്ദര്‍ഭിക നിരീക്ഷണങ്ങള്‍ മാത്രമായിരുന്നു. അല്ലാതെ വിഷയത്തില്‍മാത്രം ഊന്നിയുള്ള കൃത്യമായ നിര്‍ദേശങ്ങളായിരുന്നില്ല. കൃഷ്ണാസിങ്ങിന്റെ കേസ് (1979), പന്നലാല്‍ ബന്‍സിലാലിന്റെ കേസ് (1996) തുടങ്ങിയ മറ്റൊരു കൂട്ടം കേസുകളിലെ വിധികളില്‍ ഏകീകൃത സിവില്‍ നിയമം ഏകപക്ഷീയമായി നടപ്പാക്കുന്നതിനെതിരായ സൂചനകള്‍ കാണാം. എന്നാല്‍, വിഷയത്തെ ആഴത്തില്‍ പഠിച്ച 21-ാം നിയമ കമ്മിഷന്‍ റിപ്പോര്‍ട്ട് (2018) പറഞ്ഞത് ഇന്നത്തെ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ നിയമം ആവശ്യമോ അഭികാമ്യമോ അല്ല എന്നാണ്.
തുല്യനീതി വേണ്ടതുതന്നെ
ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപരമായ അസമത്വം പക്ഷേ, ചെറുക്കപ്പെടേണ്ടതുതന്നെയാണ്. മൗലികാവകാശങ്ങളെയും തുല്യനീതിയെയും ഹനിക്കുന്ന വിധത്തില്‍ പിന്തുടര്‍ച്ചാവകാശ സമ്പ്രദായങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് ദുഃഖകരമായ യാഥാര്‍ഥ്യമാണ്. ഇക്കാര്യങ്ങളില്‍ മൗലികാവകാശങ്ങളുയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വിധികള്‍ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടാകണം. മുസ്ലിം വനിതകള്‍ക്ക് പിന്തുടര്‍ച്ചാവകാശകാര്യത്തില്‍ തുല്യതയാവശ്യപ്പെടുന്ന ഹര്‍ജി ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
സംസ്ഥാനാടിസ്ഥാനത്തിലുള്ള ചിതറിയ ഏകീകൃത സിവില്‍ കോഡുകള്‍, യഥാര്‍ഥവിഷയത്തിന്റെ രാഷ്ട്രീയമായി വക്രീകരിച്ച രൂപങ്ങള്‍ മാത്രമായിരിക്കും. ഇവ ഇതുസംബന്ധിച്ച ഭരണഘടനാ സങ്കല്‍പത്തെത്തന്നെ നിഷേധിക്കും. സഹോദര്യത്തിലും വൈവിധ്യത്തിലും ഉള്‍ക്കൊള്ളലിലും ഊന്നുന്ന ഇതര ഭരണഘടനാവ്യവസ്ഥകളില്‍നിന്ന് വെട്ടിമാറ്റിക്കൊണ്ട് ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചോ അതേക്കുറിച്ച് പറയുന്ന 44-ാം അനുച്ഛേദത്തെക്കുറിച്ചോ ചിന്തിക്കാന്‍പോലും കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം.
ലേഖകന്‍ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനാണ്
Content Highlights: Examines the constitutional and practical challenges of implementing a Uniform Civil Code (UCC)