‘താലിബാൻ സ്ത്രീകളെ മനുഷ്യരായല്ല കണക്കാക്കുന്നത്’; വനിതാ മാധ്യമപ്രവർത്തകരെ അകറ്റിനിര്‍ത്തിയതിൽ തസ്‌ലിമ നസ്രീന്‍

തസ്‌ലിമ നസ്രീൻ, അമീർഖാൻ മുത്തഖി | Photo: AFP, ANI
തസ്‌ലിമ നസ്രീൻ, അമീർഖാൻ മുത്തഖി | Photo: AFP, ANI

അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്തഖിയുടെ വാർത്താസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകരെ അനുവദിക്കാത്തതിൽ രൂക്ഷവിമർശനവുമായി എഴുത്തുകാരി തസ്‌ലിമ നസ്രീന്‍. താലിബാൻ സ്ത്രീകളെ മനുഷ്യരായല്ല കണക്കാക്കുന്നത്. പുരുഷ മാധ്യമപ്രവർത്തകർക്ക് അൽപ്പമെങ്കിലും മനസ്സാക്ഷിയുണ്ടായിരുന്നെങ്കിൽ അവർ വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോകുമായിരുന്നുവെന്നും തസ്‌ലിമ ‘എക്സി’ൽ കുറിച്ചു.

‘അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്തഖി ഇന്ത്യയിലെത്തി ഒരു വാർത്താസമ്മേളനം നടത്തി. എന്നാൽ, ഒരു വനിതാ മാധ്യമപ്രവർത്തകയെയും അതിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. സ്കൂളുകളിലോ തൊഴിലിടങ്ങളിലോ ആകട്ടെ, സ്ത്രീവിരുദ്ധരായ ഈ പുരുഷന്മാർ സ്ത്രീകളെ വീടിന് പുറത്ത് എവിടെയും കാണാൻ ആഗ്രഹിക്കുന്നില്ല.

“താലിബാൻ സ്ത്രീകളെ മനുഷ്യരായി കണക്കാക്കാത്തതുകൊണ്ടാണ് അവർക്ക് മനുഷ്യാവകാശങ്ങൾ നൽകാൻ വിസമ്മതിക്കുന്നത്. പുരുഷ മാധ്യമപ്രവർത്തകർക്ക് അൽപ്പമെങ്കിലും മനസ്സാക്ഷിയുണ്ടായിരുന്നെങ്കിൽ അവർ വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോകുമായിരുന്നു. കൊടിയ സ്ത്രീവിരുദ്ധതയിൽ കെട്ടിപ്പടുത്ത ഒരു രാജ്യം പ്രാകൃത രാഷ്ട്രമാണ്. ഒരു പരിഷ്കൃത നാടും അതിനെ അംഗീകരിക്കരുത്.” തസ്‌ലിമ ‘എക്സി’ൽ കുറിച്ചു.

ഡൽഹിയിലെ അഫ്ഗാനിസ്താൻ എംബസിയിൽ വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് വനിതാ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിക്കാതിരുന്നത്. താലിബാന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ പ്രതിഫലനമാണിതെന്നും ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവേചനപരമായ നയങ്ങൾക്ക് അവസരം നൽകിയ കേന്ദ്ര സർക്കാരിനെയും വനിതാ മാധ്യമ പ്രവർത്തകർ വിമർശിച്ചിരുന്നു.