LGBTQIA+ നയം: പൊതുജനാഭിപ്രായം തേടാനൊരുങ്ങി തമിഴ്നാട് സർക്കാർ

ചെന്നൈ: LGBTQIA+ നയത്തിന്റെ അന്തിമപരിഗണനയ്ക്ക് മുമ്പ് സംസ്ഥാനവ്യാപകമായി പൊതുജനാഭിപ്രായം തേടാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ഗ്രാമപ്രദേശങ്ങളിലുള്‍പ്പടെ നയവുമായി ബന്ധപ്പെട്ട് മേഖല തിരിച്ചുള്ള ചര്‍ച്ചകള്‍ നടത്തണമെന്ന് ക്വിയര്‍ സംഘടനകളടക്കം ആവശ്യമുന്നയിച്ചതിനു പിന്നാലെയാണ് തീരുമാനം.
2023 ജൂലായിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നയരൂപീകരണത്തിനായി പതിനൊന്നംഗ സമിതി രൂപീകരിച്ചത്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയില്‍ വിവിധ ക്വിയര്‍ സംഘടനകളുടെ പ്രതിനിധികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വെല്‍ഫെയര്‍ പ്രതിനിധികള്‍, ഹൈക്കോടതി അഭിഭാഷകര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.
സംസ്ഥാന ആസൂത്രണ കമ്മീഷന്‍ തയ്യാറാക്കിയ കരട് നയത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരികയെന്നതാണ് സമിതിയുടെ പ്രാഥമിക ഉത്തരവാദിത്തം. അന്തിമ കരട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായവും പരിഗണിക്കും.
41 നയ നടപടികളാണ് കരടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സമിതി വ്യക്തമാക്കുന്നു. സംസ്ഥാനത്തെ LGBTQIA+ വിഭാഗത്തില്‍പ്പെട്ട എല്ലാവര്‍ക്കും വിദ്യാഭ്യാസം, തൊഴില്‍മേഖലകളില്‍ സംവരണവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കൽ തുടങ്ങിയവ കരടിലുണ്ട്. ഇന്റര്‍സെക്‌സ് കുട്ടികളില്‍ നടത്തുന്ന നിര്‍ബന്ധിത ശസ്ത്രക്രിയ നിരോധിക്കാനും വ്യവസ്ഥയുണ്ട്. എല്ലാ LGBTQIA+ വ്യക്തികള്‍ക്കും അനന്തരാവകാശത്തിനുള്ള അവകാശവും കരട് നയം മുന്നോട്ട് വയ്ക്കുന്നു.
Content Highlights: tamil nadu government considers statewide public consultations for its LGBTQIA+ policy