വെട്ടിലാക്കി ടി-ഗ്രാന്റ്സ് ആപ്ലിക്കേഷൻ, കാടിറങ്ങിവന്നാലും കാശുകിട്ടില്ല; പാവങ്ങളോട് ഇങ്ങനെ ചെയ്യരുത്

#ടി.ജി. ജയകുമാർ
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

പത്തനംതിട്ട: ചികിത്സ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടാലും ചെലവായ തുക കിട്ടാതെ പട്ടിക വർഗവിഭാഗത്തിൽപ്പെട്ട ആദിവാസി- ഗോത്രവിഭാഗങ്ങൾ. ആഴ്ചകളും ചിലപ്പോൾ മാസങ്ങളും കാത്തിരിക്കേണ്ട ഗതികേടിലാണ് ഇവർ. ഒരു ബില്ല് മാറി പണം അക്കൗണ്ടിലെത്തിയാൽ മാത്രമേ അടുത്ത ബില്ലിന്റെ അപേക്ഷ സമർപ്പിക്കാൻ പോലും കഴിയൂ.‌

നേരിട്ടു സമർപ്പിക്കുന്ന അപേക്ഷയ്ക്കു പകരം പോർട്ടൽ വഴിയുള്ള അപേക്ഷ സമർപ്പണമെത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവരാണ് ചികിത്സാച്ചെലവു കിട്ടാതെ വലയുന്നതിൽ ഭൂരിഭാഗവും.

ടി-ഗ്രാന്റ്സ് എന്ന പോർട്ടൽ വഴിയാണ് പട്ടികവർഗ- ആദിവാസി വിഭാഗക്കാർ ചികിത്സാ ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകേണ്ടത്. ചെലവിന്റെ ഒന്നിലധികം അപേക്ഷ ഒരുമിച്ച് പോർട്ടൽ വഴി രജിസ്റ്റർചെയ്യാൻ കഴിയില്ല.

സമയ പരിധിയാണ് പ്രശ്നം. ഒരു അപേക്ഷ സമർപ്പിച്ച് അതിന്റെ രേഖകൾ പരിശോധിച്ച് പൂർത്തിയാക്കി പണം അക്കൗണ്ടിലെത്തിയാലേ അടുത്ത അപേക്ഷ അപ്‌ലോഡ് ചെയ്യാൻ കഴിയൂ. ചെലവായ തുകയുടെ ബിൽ സമർപ്പിച്ചാൽ മുമ്പ് മാസത്തിൽ മൂന്നുംനാലും തവണ മാറിക്കിട്ടുമായിരുന്നു.

അയ്യായിരം രൂപയിൽ താഴെയുള്ള തുക ഒാഫീസുകളിൽത്തന്നെ മാറിക്കൊടുക്കുമായിരുന്നു. എന്നാൽ, ടി-ഗ്രാന്റ്സ് എന്ന ആപ്ലിക്കേഷൻ വന്നതോടെ കാര്യങ്ങൾ എളുപ്പമാകുന്നതിനുപകരം കുരുങ്ങുകയാണ് ചെയ്തത്. അയ്യായിരംരൂപയ്ക്കു മുകളിലുള്ള ബില്ലുകൾ ഡയറക്ടറേറ്റിൽനിന്നാണ് പാസാക്കേണ്ടത്.

25,000-നു മുകളിലുള്ളത് സർക്കാരിൽനിന്ന് പാസായി വരണം. അങ്ങനെയും താമസം നേരിടുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ടി-ഗ്രാന്റ്സ് എന്ന ആപ്ലിക്കേഷൻ തുടങ്ങിയത്. ചെലവായ തുക മാറിക്കിട്ടാൻ വൈകുന്നത് കൂടുതൽ ബാധിക്കുന്നത് ഇടയ്ക്കിടെ ഡയാലിസിസ് ആവശ്യമുള്ളവരെയും കീമോതെറാപ്പി ചെയ്യുന്നവരെയുമാണ്.

ഇത്തരം ചികിത്സ കൂടുതലുളളത് സ്വകാര്യ ആശുപത്രികളിൽ ആയതിനാൽ അവിടെ പണം അടച്ചേ ചികിത്സ നടത്താൻ കഴിയൂ. സർക്കാർ ആശുപത്രിയിലാണ് ചികിത്സയെങ്കിലും രോഗിയുടെ സ്കാനിങ്, ബ്ലഡ് ടെസ്റ്റ് തുടങ്ങിയവ പുറത്ത് നടത്തേണ്ടിവരും.

ഇതിന്റെയും പുറത്തുനിന്ന്‌ വാങ്ങേണ്ടിവരുന്ന മരുന്നുകൾ, ഗുരുതരമായ രോഗം ബാധിച്ചവരെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനത്തിൽ ആശുപത്രിയിലെത്തിക്കുന്നതിന്റെ ചെലവ് തുടങ്ങിയവയാണ് പാസാക്കി കിട്ടേണ്ടത്. മുമ്പ് അപേക്ഷ സമർപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ പുതിയ ബില്ല് മാറിക്കിട്ടുമായിരുന്നു.

Content Highlights: The introduction of the T-Grants portal has complicated the process for tribal communities to receive reimbursement for medical expenses, as they can only submit one application at a time and must wait for approval before submitting another. The delay in receiving funds is particularly challenging for those requiring frequent treatments like dialysis and chemotherapy, as they often need to pay upfront at private hospitals.