ബാലാവകാശ സംരക്ഷണം പാഠ്യപദ്ധതിയിലേക്ക്

കൊല്ലം: കുട്ടികളുടെ സുരക്ഷ, ക്ഷേമം, അവകാശസംരക്ഷണം എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കുന്നതിന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും തമ്മിൽ പ്രാഥമിക ധാരണയായി. ഇതുമായി ബന്ധപ്പെട്ട ഉന്നതതല ചർച്ചകൾ സർവകലാശാലാ ആസ്ഥാനത്ത് നടന്നു. പദ്ധതിയുടെ ഔദ്യോഗിക ധാരണാപത്രം ഇരു സ്ഥാപനങ്ങളും ഉടൻ ഒപ്പുവയ്ക്കും. ആദ്യ ബാച്ച് ജൂലായിൽ ആരംഭിക്കും.
ബാലാവകാശ സംരക്ഷണമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്കും പൊതുസമൂഹത്തിനും ആവശ്യമായ നിയമപരവും സാമൂഹികവും പ്രായോഗികവുമായ അറിവുകൾ സമഗ്രമായി ലഭ്യമാക്കുന്ന രീതിയിലാണ് പഠനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സും ഒരുവർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സും ആരംഭിക്കും.
ബാലവേല നിരോധന നിയമം, ഭരണഘടനാപരമായ വ്യവസ്ഥകൾ, ബാലനീതി, ബാലവിവാഹ നിരോധന നിയമം എന്നിവയ്ക്കൊപ്പം ശിശുമനശ്ശാസ്ത്രം, കുട്ടികളുടെ നൈപുണിവികസനം, പോഷകാഹാരവും ഭക്ഷ്യസുരക്ഷയും എന്നിവ പാഠ്യവിഷയങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അങ്കണവാടി പ്രവർത്തകർ, അധ്യാപകർ, സ്കൂൾ കൗൺസിലർമാർ, ജുവനൈൽ ഹോം വാർഡൻമാർ, അഭിഭാഷകർ, സാമൂഹികപ്രവർത്തകർ തുടങ്ങിയവർക്ക് പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കുന്നതിനും സേവനമികവ് വർധിപ്പിക്കുന്നതിനും സഹായകമാകും.
സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജിന്റെയും ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാറിന്റെയും നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്. യോഗത്തിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ വി.പി. പ്രശാന്ത്, ഡോ. സി. ഉദയകല, രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു, ഫിനാൻസ് ഓഫീസർ എം.എസ്. ശരണ്യ, അക്കാദമിക് ഡയറക്ടർ ഡോ. ആർ.ഐ. ബിജു തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: New certificate and diploma courses on child safety and rights launching in July 2026., Curriculum covers Child Justice Act, Child Labor Prohibition, and Child Psychology., Targeted at teachers, social workers, counselors, and legal professionals., Collaboration between Sreenarayanaguru Open University and State Commission for Protection of Child Rights.