സ്ത്രീധനവും ഗാർഹികപീഡനവും ജീവനെടുക്കുന്നു, കലാലയങ്ങളിൽ വിവാഹപൂർവ കൗൺസലിങ്‌ നിർബന്ധമാക്കണം- നിയമസഭാ സമിതി

#എസ്. സൗമ്യ
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

കൊല്ലം: കോളേജുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കാൻ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ നിർദേശം.

വിദ്യാസമ്പന്നർക്കിടയിലും സ്ത്രീധനവും ഗാർഹികപീഡനവും കാരണം ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കൗൺസലിങ് തുടങ്ങാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് ശുപാർശ ചെയ്തത്.

2020 മുതൽ 2025 വരെയുള്ള കാലയളവിൽ, 43 പെൺകുട്ടികൾ സ്ത്രീധനപീഡനം കാരണം ആത്മഹത്യചെയ്തതായി സമിതി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീധനപീഡനം കാരണം ജീവൻപൊലിഞ്ഞവരെക്കുറിച്ചും ഇതു സമൂഹത്തിൽ സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചും സ്‌കൂൾ, കോളേജ് തല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്.

സ്ത്രീധനസമ്പ്രദായം അവസാനിപ്പിക്കുന്നതിനും ദാമ്പത്യജീവിതത്തിൽ സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്ന രീതിയിൽ സാമൂഹികസാഹചര്യങ്ങൾ മാറുന്നതിനും ഇതു സഹായിക്കും. തദ്ദേശസ്വയംഭരണം, ആഭ്യന്തരം, വനിത-ശിശുവികസനം തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിൽ നിലവിലുള്ള സ്ത്രീധനവിരുദ്ധ കാംപെയ്‌നുകൾ മെച്ചപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു.

സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട കേസുകൾ സമയബദ്ധമായി അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കുന്നതിൽ ചില ഉദ്യോഗസ്ഥർ വീഴ്ചവരുത്തുന്നുണ്ട്. ഇത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണം.

സംസ്ഥാനത്തെ 35 കുടുംബക്കോടതികളിലായി ഗാർഹികപീഡനവുമായി ബന്ധപ്പെട്ട് 1.17 ലക്ഷം കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ആറു വർഷത്തിനിടെ, 2026 മേയ് വരെ സ്ത്രീകൾക്കുനേരേ ഭർത്താവിന്റെയും ബന്ധുക്കളുടെയും അതിക്രമം സംബന്ധിച്ച് 27,242 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമയബദ്ധമായി കേസുകൾ തീർപ്പാക്കാത്തത്, തെളിവുനശിപ്പിക്കുന്നതിനും സംശയത്തിന്റെ ആനുകൂല്യവും സാക്ഷികളുടെ കൂറുമാറ്റവും കാരണം നീതി നിഷേധിക്കപ്പെടുന്നതിനും ഇടയാക്കുന്നതായി സമിതി കണ്ടെത്തി.

അനുകൂല നടപടിയുണ്ടാകും

: അടുത്ത നിയമസഭാ സമ്മേളനത്തിൽ റിപ്പോർട്ടിലെ നിർദേശങ്ങൾ സംബന്ധിച്ച് അനുകൂല നടപടിയുണ്ടാകും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. സ്ത്രീധനത്തിനെതിരേ സമിതിയുടെ നേതൃത്വത്തിൽ ബോധവത്കരണവും തുടർപ്രവർത്തനവും തയ്യാറാകുന്നു-ഉമാതോമസ് എം.എൽ.എ. (ചെയർപേഴ്സൺ

നിയമസഭാ സമിതി)

Content Highlights: Kerala Assembly committee recommends mandatory pre-marital counseling in higher education institutions., 43 dowry-related case of ending own life of girls recorded between 2020 and 2025., Proposal to include dowry prevention topics in school and college curriculums., Over 1.17 lakh domestic violence cases pending in 35 family courts., Strict action urged against officials delaying dowry harassment investigations.