പ്രായപൂർത്തിയാകാത്ത കുട്ടി ലൈംഗികബന്ധത്തിന് സമ്മതിച്ചാലും പോക്സോ കേസ് ഒഴിവാകില്ല -മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഉഭയസമ്മതത്തോടെയായിരുന്നു എന്നതുകൊണ്ട് പ്രായപൂർത്തിയാവാത്ത കുട്ടിയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാവില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. 18 വയസ്സിനു താഴെയുള്ളവർ നൽകുന്ന സമ്മതത്തെ പോക്സോ നിയമം അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കടേഷും ജസ്റ്റിസ് കെ.കെ. രാമകൃഷ്ണനുമടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാണിച്ചു.
ആവർത്തിച്ചുള്ള ലൈംഗിക ബന്ധത്തിലൂടെ പ്ലസ് വൺ വിദ്യാർഥിനിയെ ഗർഭിണിയാക്കിയ 19-കാരനെ ജീവപര്യന്തം തടവിനുശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയുമായി അടുപ്പംതുടർന്ന പ്രതി പിന്നീട് ജാതിയുടെ പേരുപറഞ്ഞ് ബന്ധത്തിൽനിന്ന് പിൻമാറുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാവുകയും കുഞ്ഞിന് ജന്മംനൽകുകകയും ചെയ്തപ്പോഴാണ് അമ്മ പോക്സോ കേസ് നൽകിയത്.
താനും പെൺകുട്ടിയും തമ്മിൽ വർഷങ്ങളായി അടുപ്പമുണ്ടെന്നും ലൈംഗികബന്ധം ഉഭയസമ്മതത്തോടെയായിരുന്നെന്ന് പ്രോസിക്യൂഷൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പ്രതി പറഞ്ഞു. കൗമാരപ്രായത്തിലുള്ള രണ്ടുപേർ തമ്മിലുള്ള പ്രണയബന്ധത്തിന്റെ പേരിൽ ഒരാളെ ശിക്ഷിക്കാൻപാടില്ലെന്നായിരുന്നു ഹർജിയിലെ വാദം.
ഈ വാദം അംഗീകരിച്ചാൽ പോക്സോ നിയമത്തിന്റെ ഉദ്ദേശ്യംതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ഹൈക്കോടതി പറഞ്ഞു. പ്രായപൂർത്തിയാവാത്ത പെൺകുട്ടി ലൈംഗികബന്ധത്തിലൂടെ ഗർഭിണിയായാൽ അത് കുറ്റംതന്നെയാണ്. പ്രണയബന്ധമെന്നപേരിൽ അതിനെ കുറ്റവിമുക്തമാക്കാൻ പോക്സോ നിയമത്തിൽ വകുപ്പില്ല. പ്രായപൂർത്തിയാവാത്ത കുട്ടിയുടെ സമ്മതത്തെ സമ്മതമായി കണക്കാക്കാൻ കഴിയില്ല -കോടതി വ്യക്തമാക്കി.
Content Highlights: The Madras High Court ruled that a minor's consent does not validate sexual relations under the POCSO Act. A bench dismissed the appeal of a 19-year-old sentenced to life for impregnating a Plus One student under the guise of marriage.