'കുഞ്ഞിമക്കൾ ഇപ്പോഴും ഒപ്പമുണ്ട്, അവരുടെയടുത്തേക്ക് മിഠായി വാങ്ങാതെ പോകാൻ പറ്റുമോ,അവരു ചോദിക്കില്ലേ'

പുത്തുമല(വയനാട്): ‘‘എന്റെ കുഞ്ഞിമക്കൾ ഇപ്പോഴും ഒപ്പമുണ്ട്, അവരുടെയടുത്തേക്ക് മിഠായി വാങ്ങാതെ പോകാൻ പറ്റുമോ.. അവരു ചോദിക്കില്ലേ...’’ - അനീഷും സയനയും ഇപ്പോഴും പതിവുകളൊന്നും തെറ്റിച്ചിട്ടില്ല. പുത്തുമലയിലെ മൃതഭൂമിയിൽ ഉറങ്ങുന്ന കുഞ്ഞിമക്കൾക്കു മുകളിൽ മൂന്നു ചോക്ലറ്റുകളുണ്ട്. അവർക്കേറ്റവും പ്രിയപ്പെട്ടത്. ഓർമ്മയിലുണ്ട്, മധുരം നുണഞ്ഞ ചിരിയോടെ മൂന്നു കുഞ്ഞുമുഖങ്ങൾ - നിവേദ്, ധ്യാൻ, ഇഷാൻ.
ചൂരൽമല - മുണ്ടക്കൈ ദുരന്തം അജീഷിന്റെയും സയനയുടെയും മൂന്നു കുഞ്ഞുങ്ങളെയും കവർന്നു. ഇത് ഉൾക്കൊള്ളാൻ ഇനിയും മാതാപിതാക്കൾക്കായിട്ടില്ല. ‘‘വൈകീട്ട് ജോലികഴിഞ്ഞു വരുമ്പോഴേ മൂത്തയാൾ - നിവേദ്, ഞങ്ങൾ നന്ദൂനാണ് വിളിക്കുക, നാലാംക്ലാസിലേ എത്തിയിട്ടുള്ളൂ. ചോദിക്കും മിഠായി എവിടെയെന്ന്. അതുകൊണ്ട് മിഠായിയില്ലാതെ മക്കളെ കാണാൻ പോകില്ല’’ -അനീഷ് പറഞ്ഞു.
ചെറിയ മോൻ ഇഷാന് മൂന്നര വയസ്സേയുള്ളൂ. അന്ന് രാത്രിയും കിടക്കുമ്പോൾ പല്ലുവേദനയായിരുന്നു. മിഠായി തിന്നരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല. ഞാൻ മോനെയെടുത്ത് താലോലിച്ചുറക്കുകയായിരുന്നു -സയനയുടെ വാക്കുകളിൽ ഇപ്പോഴും അമ്മയുടെ പരിഭവം.
സംസാരത്തിനിടെ ഓടിയെത്തിയ സഹോദരന്റെ മകൾ അനന്യയെ ചേർത്തു പിടിച്ചു അനീഷും സയനയും. ‘‘ധ്യാൻ അനന്യയുമായാണ് കൂട്ട്. മോൻ പോയതിൽപ്പിന്നെ അനന്യ വരയ്ക്കുന്ന ചിത്രങ്ങളൊക്കെയും ധ്യാനുമുണ്ടാകും. ’’ - ചിത്രങ്ങളിലേ ഇനി മക്കളുള്ളൂവെന്ന തിരിച്ചറിവിൽ സയന മൊബൈൽ എടുത്തു ഒന്നൊന്നായി അവരുടെ ചിത്രങ്ങൾ കാണിച്ചു.
‘‘ഒരുമിച്ചേ എവിടെയും പോകാവൂവെന്ന് ഞങ്ങൾ മക്കളോട് പറഞ്ഞിരുന്നു. അവരിപ്പോ ഒരുമിച്ച് പോയി, അല്ലേ’’ -അനീഷ് ചോദിക്കുന്നു. ‘‘കുഞ്ഞുങ്ങൾക്കൊപ്പമാണ് എന്റെയമ്മ രാജമ്മയും ഉറങ്ങുക. മൃതദേഹങ്ങൾ ഒന്നൊന്നായി തിരിച്ചറിഞ്ഞപ്പോൾ മക്കളുടെ തൊട്ടടുത്ത് തന്നെയായിരുന്നു അമ്മയും.’’ -അനീഷ് വിവരിക്കുന്നതിനിടെ സയന ഇടയിൽ പറയുന്നു. ‘‘അമ്മ എന്റെ മക്കൾക്കൊപ്പമുണ്ടല്ലോ. എനിക്ക് ആശ്വാസമാണ്. മക്കൾക്ക് ചോക്ളേറ്റ് വാങ്ങുമ്പോൾ അമ്മയ്ക്കിഷ്ടമുള്ള വെറ്റിലപ്പാക്കും കടലമിഠായിയും കൂടി കരുതും’’. സയനയും അനീഷും ഇപ്പോഴും മക്കൾക്കൊപ്പമാണ്. മിഠായി നുണഞ്ഞ അവരുടെ കുഞ്ഞിച്ചിരികൾ അവരിപ്പോഴും കേൾക്കുന്നുണ്ടാകും.
Content Highlights: heartbreaking story from Wayanad, parents still buy candy for their 3 children perished in landslide