'സിഎഎ ഭരണഘടനാവിരുദ്ധം'; ചർച്ചയായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ മകൻ്റെ വീഡിയോ

അഭിനവ് ചന്ദ്രചൂഡ് | Photo: Twitter
അഭിനവ് ചന്ദ്രചൂഡ് | Photo: Twitter

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പലഭാഗങ്ങളിൽ നിന്നും പ്രതിഷേധ സ്വരങ്ങളുയരുന്നതിനിടെ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡ് പൗരത്വനിയമഭേദഗതി എന്തുകൊണ്ട് ഭരണഘടനാവിരുദ്ധമാണ് വിശദീകരിക്കുന്ന പഴയ  വീഡിയോ വൈറലാകുന്നു. ജൂതന്മാരടക്കമുള്ള മതവിഭാഗങ്ങളെ സിഎഎ ഒഴിവാക്കുന്നുവെന്നും അതിനാല്‍ നിയമഭേദഗതി തികച്ചും ഭരണഘടനാവിരുദ്ധമാണെന്നുമാണ്  ഈ വീഡിയോയില്‍ അഭിനവ് വ്യക്തമാക്കുന്നത്. 

"ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14  പൗരന്മാര്‍ക്ക് മാത്രമല്ല ഇന്ത്യയിലെ എല്ലാവര്‍ക്കും സമത്വത്തിനും നിയമപരിരക്ഷയ്ക്കുമുള്ള അവകാശം ഉറപ്പുവരുത്തുന്നുണ്ട്.  2020-ല്‍ സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം, എന്തുകൊണ്ട് ജൂതന്മാരെ സിഎഎയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് ചോദിച്ച്  ഞാന്‍ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടു. ജൂതന്മാര്‍ക്ക് ഇസ്രായേല്‍ ഉണ്ടെന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി. അങ്ങനെയാണെങ്കില്‍  ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതക്കാര്‍ക്കും അവരുടേതായ രാജ്യമുണ്ട്. നിരീശ്വരവാദികളെ ഉള്‍പ്പെടുത്തിയിട്ടില്ല. ദൈവമുണ്ടോ ഇല്ലയോ എന്നറിയാത്ത ആജ്ഞേയവാദികളെ ഉള്‍പ്പെടുത്തിയിട്ടില്ല. പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ന്യൂനപക്ഷങ്ങളായ അഹമ്മദീയര്, ബഹായികൾ, ഹസ്രാസ് എന്നീ വിഭാഗങ്ങളെ  ഒഴിവാക്കി.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 ന് മുമ്പ് കുടിയേറിയ ഹിന്ദുക്കള്‍, സിഖ്, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, ജൈനര്‍, പാഴ്‌സികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് സിഎഎ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിൽ ഇളവ് നൽകുന്നു. ഇന്ത്യന്‍ പൗരനാകാന്‍ താത്പര്യപ്പെടുന്നവർ 11 വര്‍ഷത്തേക്ക് ഇന്ത്യയില്‍ താമസിക്കണം. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിന് കീഴില്‍ വരുന്ന ഒരാള്‍ക്ക്, പൗരത്വത്തിന് അഞ്ച് വര്‍ഷം മതിയാകും. പാഴ്‌സികള്‍ക്ക് ഇത് എങ്ങനെ ബാധകമാകുന്നു എന്ന് നോക്കൂ. പാഴ്‌സികള്‍ ഇറാനില്‍ നിന്ന് പലായനം ചെയ്തു. ഇറാന്‍ വിട്ട് ഇന്ത്യയിലേക്ക് വന്ന ഒരു പാഴ്‌സിക്ക് പൗരത്വം ലഭിക്കാന്‍ 11 വര്‍ഷം കാത്തിരിക്കണം എന്നാല്‍ അഫ്ഗാനിസ്താനില്‍ നിന്ന് പലായനം ചെയ്യുന്ന ഒരു പാഴ്‌സിക്ക് 5 വര്‍ഷം കാത്തിരുന്നാല്‍ മതി. ഈ വൈരുദ്ധ്യങ്ങളൊന്നും മനസ്സിലാകുന്നില്ല.

1987-നു ശേഷവും 2004-നു മുമ്പും ജനിച്ചയാളാണെങ്കിൽ ഇവിടെ ജനിച്ചവരാണെന്നും മാതാപിതാക്കളിൽ ഒരാൾ ഇന്ത്യയിൽ ജനിച്ചയാളാണെന്നും തെളിയിക്കണം. 2004-നു ശേഷം ജനിച്ചയാളാണെങ്കിൽ നിങ്ങൾ ഇന്ത്യയിലാണ് ജനിച്ചതെന്നും മാതാപിതാക്കളിലൊരാൾ ഇന്ത്യൻ പൗരത്വമുള്ളയാളാണെന്നും മറ്റേയാൾ അനധികൃത കുടിയേറ്റം നടത്തിയവരല്ലെന്നും തെളിയിക്കണം. നിങ്ങളൊരു അനാഥനോ ജനിക്കുമ്പോഴേ ഉപേക്ഷിക്കപ്പെടുന്ന ഒരു ട്രാൻസ്ജെൻഡറോ ആണെങ്കിൽ എന്ത് ചെയ്യും. ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ മാതാപിതാക്കൾക്ക് ഇന്ത്യയിൽ ജനിക്കുന്ന കുഞ്ഞ് എന്ത് തെറ്റാണ് ചെയ്യുന്നത്. ഇന്ത്യയിൽ ജനിച്ചത് ആ കുഞ്ഞിൻ്റെ കുറ്റമാണോ?",  അഭിനവ് വീഡിയോയിൽ ചോദിക്കുന്നു.

Content Highlights: old video of cji chandrachuds son goes viral amid furore over caa this law makes no sense to me