അപകടങ്ങളിൽ നഷ്ടപരിഹാരം; അതിഥിത്തൊഴിലാളികൾക്ക് കാര്യങ്ങൾ എളുപ്പമല്ല

കൊച്ചി: അപകടങ്ങളിൽ ഉൾപ്പെടുന്ന അതിഥിത്തൊഴിലാളികൾക്ക് നിയമപിന്തുണയും നഷ്ടപരിഹാരവും ഇനിയും അകലെ. കേരളത്തിലെ വ്യവസായ-നിർമാണമേഖലകളിലെ തൊഴിലാളി പ്രാതിനിധ്യത്തിൽ ‘അതിഥി’കൾ നല്ലൊരു ശതമാനംവരും. എന്നാൽ ഇതിനിടെയുണ്ടാകുന്ന അപകടങ്ങളിൽ നിയമപരിരക്ഷ ഇവർക്ക് അന്യമാവുകയാണ്.
എംപ്ലോയീസ് കോമ്പൻസേഷൻ കമ്മിഷനുമുന്നിലാണ് ഇത്തരം കേസുകൾ വരുന്നത്. അതിഥിത്തൊഴിലാളികൾ ഏറെയുള്ള എറണാകുളത്തിന്റെ കാര്യമെടുത്താൽ ജില്ലയ്ക്ക് സ്വന്തമായി ഒരു നഷ്ടപരിഹാര കമ്മിഷൻ സംവിധാനമില്ല.
എറണാകുളം, ആലപ്പുഴ, ഇടുക്കി എന്നീ മൂന്നുജില്ലകൾക്കായി നിലവിൽ ഒന്നുമാത്രമാണുള്ളത്. ജില്ലയിൽ നിന്നുള്ള കേസുകൾ ആഴ്ചയിൽ രണ്ടുദിവസമാണ് പരിഗണിക്കുന്നത്. തൊഴിൽ സ്ഥലങ്ങളിലുണ്ടാകുന്ന അത്യാഹിതങ്ങളിലെ നഷ്ടപരിഹാരം സംബന്ധിച്ച കേസുകളെല്ലാം കമ്മിഷന് മുന്നിലാണ് വരുന്നത്.
നിയമസംവിധാനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ഇതര സംസ്ഥാനത്തൊഴിലാളികളുടെ കേസുകൾ കോടതിയിലേക്ക് എത്തുന്നത് കുറവാണ്. തൊഴിൽസ്ഥലത്തുണ്ടാകുന്ന അപകടങ്ങളിൽ മുതലാളി നൽകുന്ന നഷ്ടപരിഹാരം വാങ്ങി പ്രശ്നം പരിഹരിക്കാനാണ് പലർക്കും താത്പര്യം.
സംഘടനകൾ ഇടപെട്ടാണ് പലപ്പോഴും ഇത്തരം സംഭവങ്ങൾ കേസാക്കുന്നത്. കോടതിയിലേക്ക് എത്തുമ്പോൾ സാക്ഷിമൊഴികളെല്ലാം പ്രശ്നമാകും. അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് സാക്ഷികളായി ചേർത്തവരെ പിന്നീട് കേസ് പരിഗണിക്കുമ്പോൾ കിട്ടാതെ വരുന്ന സംഭവങ്ങളുണ്ട്. ഇതെല്ലാം കേസ് ദുർബലമാക്കും. അർഹിക്കുന്ന ആനുകൂല്യം ലഭിക്കാതെവരുകയും ചെയ്യും.
സംസ്ഥാനത്ത് തൊഴിലിടങ്ങളിലുണ്ടാകുന്ന അപകടങ്ങളിൽ ഇരകളാകുന്നതേറെയും ഇതര സംസ്ഥാനത്തൊഴിലാളികളാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
അതിഥിത്തൊഴിലാളികൾ ഇരകളാകുന്ന അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു സ്ഥിരം സംവിധാനം കൊണ്ടുവരുന്നത് ഗുണകരമാകുമെന്ന് ഇത്തരം കേസുകളിൽ ഹാജരാകുന്ന അഡ്വ. ബോബി തോമസ് പറയുന്നു.
Content Highlights: Migrant workers in Kerala struggle to access legal support and compensation after workplace accidents., Ernakulam shares a single compensation commission with Alappuzha and Idukki, leading to severe delays., Lack of legal awareness and vanishing witnesses often weaken compensation claims in court., Experts advocate for a permanent, dedicated system to handle accident cases involving migrant workers.