തൊലിവെളുപ്പ് നോക്കി ജാതി നിശ്ചയിക്കാൻ പറ്റില്ല -മദ്രാസ് ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
മദ്രാസ് ഹൈക്കോടതി | Photo: ANI
മദ്രാസ് ഹൈക്കോടതി | Photo: ANI

ചെന്നൈ: തൊലിവെളുപ്പും ഉയരവും ചുരുണ്ട മുടിയുമൊക്കെ നോക്കി ഒരു വ്യക്തിയുടെ ജാതി നിശ്ചയിക്കാൻ പറ്റില്ലെന്നും ബന്ധപ്പെട്ട സമുദായത്തിൽപ്പെട്ടവരുടെ സ്വീകാര്യതയാണ് പ്രധാനമെന്നും മദ്രാസ് ഹൈക്കോടതി.

തന്റെ ഹിന്ദു ആദി ദ്രാവിഡർ സമുദായ സർട്ടിഫിക്കറ്റ് ആധികാരികമല്ലെന്നു വിധിച്ച തിരുവണ്ണാമല ജില്ലാ വിജിലൻസ് കമ്മിറ്റി ഉത്തരവിനെതിരേ കസ്റ്റംസ് വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ എം. രവികുമാർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

ഹിന്ദു ആദി ദ്രാവിഡർ സമുദായത്തിൽപ്പെട്ട തന്റെ പിതാവ് 1960-ൽ ക്രിസ്തുമതം സ്വീകരിച്ചു. തന്റെ ജനനശേഷം 1983-ൽ അച്ഛനും താനും ഹിന്ദുമതത്തിലേക്ക് വീണ്ടും മാറി. അച്ഛന്റെ പേര് ആർ. അയ്യാവു ജെയിംസ് എന്നായിരുന്നത് ആർ. മുനുസാമി എന്നും തന്റെ പേര് എ. സൗന്ദരരാജൻ എന്നതിൽനിന്ന് എം. രവികുമാർ എന്നുമാക്കി. 1986-ൽ ഹിന്ദു ആദി ദ്രാവിഡർ കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചുവെങ്കിലും ജോലിയിൽനിന്ന് താൻ വിരമിക്കുന്ന സമയമായ 2026 മേയ് നാലിന് വിജിലൻസ് കമ്മിറ്റി സർട്ടിഫിക്കറ്റ് യഥാർഥമല്ലെന്ന് വിധിച്ചു.

രവികുമാറും കുടുംബാംഗങ്ങളും വെളുത്ത നിറമുള്ളവരാണെന്നും നല്ല ഉയരവും ശരീരഘടനയും ചുരുണ്ടമുടിയും ഉണ്ടായിരുന്നതായും തമിഴും ഇംഗ്ലീഷും സംസാരിച്ചിരുന്നുവെന്നുമായിരുന്നു കമ്മിറ്റി ഇതിനുള്ള കാരണം നിരത്തിയത്. ഇതിനെതിരേയാണ് രവികുമാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

ഇതിൽ വാദം കേട്ട ജസ്റ്റിസ് ഡി. ഭരത് ചക്രവർത്തിയുടെ ബെഞ്ച് വിജിലൻസ് കമ്മിറ്റിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഹർജിക്കാരൻ ഹിന്ദുവിശ്വാസമോ ക്രിസ്തുമതമോ പിന്തുടരുന്നുണ്ടോയെന്ന ചോദ്യം നിയമപരമായി പ്രസക്തമാണെങ്കിലും രൂപമോ തമിഴും ഇംഗ്ലീഷും സംസാരിക്കാനുള്ള കഴിവോ തുടങ്ങിയവ സാമുദായിക പദവിയെ ബാധിക്കുന്ന കാര്യമല്ല. പുനഃമതപരിവർത്തനത്തിനുശേഷം ജാതിയിലെ അംഗങ്ങൾ സ്വീകരിച്ചാൽ സമുദായ സർട്ടിഫിക്കറ്റിന് അർഹതയുണ്ട് -കോടതി വ്യക്തമാക്കി.

അതേസമയം, രവികുമാർ ഹിന്ദുമതം പിന്തുടരുന്നുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ, ഫോട്ടോകൾ തുടങ്ങിയ നാലാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചു.

Content Highlights: The Madras High Court ruled that caste cannot be determined by physical attributes like skin color, height, or hair texture, emphasizing the importance of acceptance by the community