പ്രസവാവധിയില്ല, വിവാഹിതയായാല്‍ സ്ഥാനക്കയറ്റവുമില്ല, പരാതികൾ എണ്ണിപ്പറഞ്ഞ് വനിതാ ടെക്കികൾ

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

കോഴിക്കോട്: പ്രസവാവധിയെന്നത് തങ്ങള്‍ക്ക് അപൂര്‍വമാണെന്ന് വനിതാ ടെക്കികള്‍. അവധിക്കുശേഷം തിരിച്ചുവന്നാല്‍ പഴയ പരിഗണന ലഭിക്കാറില്ലെന്നും വിവാഹിതയാകുന്നതുപോലും വെല്ലുവിളിയാകാറുണ്ടെന്നും വനിതാ ജീവനക്കാര്‍ പറഞ്ഞു. കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച ഐടി മേഖലയിലെ വനിതാ ജീവനക്കാരുടെ പബ്ലിക് ഹിയറിങ്ങിലായിരുന്നു അവര്‍ മനസ്സുതുറന്നത്. പ്രസവാവധിക്കാലത്തെ വരുമാനം വലിയ വിഷയമാണെന്നും ഈ സമയത്ത് സാമ്പത്തികബാധ്യത ഏറ്റെടുക്കാന്‍ കമ്പനികള്‍ തയ്യാറാകാറില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ഐടി മേഖലയില്‍ മാസത്തില്‍ ഒരു ആര്‍ത്തവാവധി ലഭ്യമാക്കണമെന്ന് അഭിപ്രായമുയര്‍ന്നു.

ഗര്‍ഭിണിയായാല്‍ വൈകാതെതന്നെ അവരെ ചില കമ്പനികള്‍ പിരിച്ചുവിടേണ്ടവരുടെ പട്ടികയിലുള്‍പ്പെടുത്തുന്നു. ഈ സമയത്ത് കൂടുതല്‍ ജോലിഭാരം നല്‍കുകയും സ്വയം പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കുകയുമാണ്. പ്രമോഷന്‍ ലഭിക്കുന്നതിന് 'വിവാഹിത' എന്ന പദവി തടസ്സമുണ്ടാക്കുന്നു. വിവാഹിതര്‍ക്ക് കമ്പനികളില്‍ കൂടുതല്‍ സമയം ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയില്ലെന്നാണ് കമ്പനികളുടെ കണ്ടെത്തല്‍.

കോഴിക്കോട് സൈബര്‍ പാര്‍ക്ക് മേഖലയില്‍ ഹോസ്റ്റല്‍ സൗകര്യമേര്‍പ്പെടുത്തണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. കൂടുതല്‍സമയം ജോലിചെയ്യുന്നുവെങ്കിലും അതിനുള്ള വേതനം ലഭിക്കാറില്ല. ജോലിസമ്മര്‍ദം പലപ്പോഴും താങ്ങാന്‍ കഴിയാറില്ല. അതിനാല്‍ ഒരു സൈക്കോളജിസ്റ്റിന്റെയോ സോഷ്യല്‍ കൗണ്‍സിലറുടെയോ സേവനം ലഭ്യമാക്കണമെന്നതായിരുന്നു മറ്റൊരാവശ്യം. ഒളവണ്ണ ഗ്രാമപ്പഞ്ചായത്തുമായി സംസാരിച്ച് ഇതിനുള്ള സൗകര്യമൊരുക്കാമെന്ന് യുഎല്‍ സൈബര്‍ പാര്‍ക്ക് സിഒഒ ടി.കെ. കിഷോര്‍ കുമാര്‍ ഉറപ്പുനല്‍കി.

സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ കുട്ടികള്‍ക്കുള്ള ക്രഷ് നിര്‍മിക്കണമെന്ന ആവശ്യവുമുയര്‍ന്നു. യുഎല്‍ സൈബര്‍പാര്‍ക്കിലെ ക്രഷ്, സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലുള്ളവര്‍ക്ക് ഉപയോഗിക്കാമെന്ന് കിഷോര്‍ കുമാര്‍ പറഞ്ഞു. നൂറിലധികം വനിതാജീവനക്കാരാണ് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങില്‍ പങ്കെടുത്തത്. കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ പി. സതീദേവി ഉദ്ഘാടനംചെയ്തു. 

യുഎല്‍ സൈബര്‍ പാര്‍ക്ക് സിഒഒ ടി.കെ. കിഷോര്‍ കുമാര്‍ അധ്യക്ഷനായി. വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, ലോ ഓഫീസര്‍ കെ. ചന്ദ്രശോഭ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്‍. ജയശ്രീ, പ്രോജക്റ്റ് ഓഫീസര്‍ എന്‍. ദിവ്യ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Kerala women in IT face discrimination during maternity leave and marriage