വരും അന്ധവിശ്വാസ നിരോധന നിയമം: ദുർമന്ത്രവാദം മുതൽ ഡിജിറ്റൽ മാധ്യമ ദുരുപയോഗംവരെ നിയമപരിധിയിലാകും

തിരുവനന്തപുരം: ദുർമന്ത്രവാദം മുതൽ അന്ധവിശ്വാസത്തിന്റെ പേരിലുള്ള ഡിജിറ്റൽ മാധ്യമ ഉപയോഗംവരെ നിയന്ത്രണവിധേയമായേക്കും. ബ്ലാക് മാജിക്കും അന്ധവിശ്വാസവും തടയുന്നതിനുള്ള നിയമനിർമാണത്തിനായി നിയോഗിച്ച ഉപസമിതിയാണ് അമാനുഷികശക്തിയുടെ പേരിലുള്ള രോഗശാന്തി അവകാശവാദവും ഡിജിറ്റൽ മാധ്യമദുരുപയോഗവുമൊക്കെ നിയമപരിധിക്കുള്ളിലാക്കാൻ ആലോചിക്കുന്നത്.
വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേർതിരിക്കുന്നതിനായി സമൂഹത്തിന് ഹാനികരമെന്ന് കരുതുന്ന 34 വിഷയങ്ങളാണ് സമിതി ഇപ്പോൾ പരിഗണിക്കുന്നത്. ഗുരുതരം, മിതമായത്, സാമ്പത്തികചൂഷണം നടത്തുന്നവ എന്നിങ്ങനെ തരംതിരിച്ചാവും അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളെ വിശകലനം ചെയ്യുക.
അന്ധവിശ്വാസവും അനാചാരങ്ങളും തടയാൻ നിയമനിർമാണം നടത്താൻ വി.എസ്. സർക്കാരിന്റെ കാലംമുതൽ ആലോചനകളുണ്ടെങ്കിലും മുന്നോട്ടുപോയിരുന്നില്ല. അന്ധവിശ്വാസത്തെ നിർവചിക്കുന്നതിലുണ്ടായ ആശയക്കുഴപ്പമാണ് ബിൽ ഉപേക്ഷിക്കാൻ കാരണം. മതവിശ്വാസത്തെയോ ആചാരത്തെയോ ചോദ്യം ചെയ്യുന്നതാവുമോ എന്ന ആശങ്ക കാരണം പിണറായി സർക്കാരും ബില്ലിന്റെ കരട് ഉപേക്ഷിക്കുകയായിരുന്നു.
കേരള യുക്തിവാദിസംഘം നൽകിയിരുന്ന കേസിൽ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് നിയമനിർമാണ നടപടിക്ക് വീണ്ടും ജീവൻവെച്ചത്. നിയമപരിഷ്‌കരണ കമ്മിഷൻ വൈസ് ചെയർമാൻ കെ. ശശിധരൻനായർ, മുൻ പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന വിദഗ്ധസമിതി ഇതിനുള്ള നടപടി തുടങ്ങി. മതസംഘടനകൾ അടക്കമുള്ളവർക്ക് ഈ മാസം 27-വരെ നിയമപരിഷ്‌കരണ കമ്മിഷനിൽ അഭിപ്രായം അറിയിക്കാം.
അന്ധവിശ്വാസം ഗുരുതരം
നരബലി, ജീവന് ഭീഷണിയാവുംവിധം പരിക്കേല്പിക്കൽ, കർമത്തിന്റെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ശാരീരികമായി മുറിവേല്പിക്കൽ, രോഗശാന്തിയുടെയോ കർമങ്ങളുടെ മറവിലുള്ള ലൈംഗികചൂഷണം, വഴിപാടിന്റെയും ആചാരത്തിന്റെയും പേരിൽ ലൈംഗികാവശ്യത്തിന് നിർബന്ധിക്കൽ, ജീവനോടെ അടക്കം ചെയ്യുകയോ ശ്വാസംമുട്ടിക്കുകയോ ചെയ്യുക, പൊള്ളലോ പരിക്കോ എല്പിക്കുക.
മിതം
ബാധയൊഴിപ്പിക്കാൻ അടിക്കുകയോ ശാരീരിക പീഡനം ഏല്പിക്കുകയോ ചെയ്യൽ, ഭൂതോച്ചാടനത്തിന്റെ പേരിൽ ചികിത്സ വൈകിപ്പിക്കൽ, വ്യക്തിയെ നിയന്ത്രിക്കാൻ ലഹരി നൽകുക, സ്ത്രീത്വത്തെ അപമാനിക്കൽ.
സാമ്പത്തിക ചൂഷണം
അമാനുഷിക ശക്തിയുടെപേരിൽ പണം പിടിച്ചുവാങ്ങൽ, ബ്ലാക് മാജിക് നടത്തി രോഗനിർണയം, മരിച്ചയാളുടെപേരിൽ ബന്ധുക്കളെ ചൂഷണം ചെയ്യുക, അദ്‌ഭുതരോഗശാന്തി അവകാശപ്പെടൽ, അമാനുഷിക നേട്ടത്തിന്റെയോ നിധിയുടെയോ പേരിലുള്ള അവകാശവാദം, ‘അനുഗ്രഹ’വസ്തുക്കളുടെ വിൽപ്പന, ഡിജിറ്റൽ മാധ്യമങ്ങളുപയോഗിച്ച് വ്യാജ അദ്ഭുത പ്രചാരണം, അന്ധവിശ്വാസം സംബന്ധിച്ച വ്യാജപരസ്യം.
Content Highlights: Drafting new legislation to define and ban harmful superstitious practices., Categorizing practices into severe, moderate, and financial exploitation types., Targeting digital media misuse and fraudulent miracle claims., Expert committee led by K. Sasidharan Nair and Jacob Punnoose is overseeing the process., Public and religious organizations invited to submit feedback by the 27th.