അവരുടെ അവസ്ഥ അറിയണം; ലൈംഗികന്യൂനപക്ഷ സർവേ നടത്താൻ കർണാടകസർക്കാർ, രാജ്യത്ത് ഇതാദ്യം

ബെംഗളൂരു: ലൈംഗികന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മനസ്സിലാക്കാൻ സർവേ നടത്താൻ കർണാടകസർക്കാർ. ട്രാൻസ്ജെൻഡർ അടക്കം സംസ്ഥാനത്തെ ലൈംഗികന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
സംസ്ഥാനത്തെ 15 ജില്ലകളിൽ നടത്തുന്ന ദേവദാസി സർവേയ്ക്ക് ഒപ്പമാണ് സംസ്ഥാന വനിത-ശിശു വികസന വകുപ്പ് ലൈംഗികന്യൂനപക്ഷ സർവേയും നടത്തുന്നത്. ഈ വിഭാഗത്തിൽപ്പെട്ടവരുടെ വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികസ്ഥിതി, നേരിടുന്ന സാമൂഹികവെല്ലുവിളികൾ എന്നിവ സർവേയുടെ ഭാഗമായിരിക്കുമെന്ന് വനിത-ശിശുവികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ അറിയിച്ചു. രാജ്യത്താദ്യമായാണ് ഇത്തരം ഒരു സർവേ നടത്തുന്നതെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.
Content Highlights: karnataka to hold sexual minority survey