‘ലിംഗവിവേചനത്തിന് കാരണമാകും’; ആർത്തവ അവധിക്കെതിരേ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥകൾ കർണാടക ഹൈക്കോടതിയിൽ

#ന്യൂസ് ഡെസ്ക്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ബെംഗളൂരു: കർണാടകത്തിലെ ആർത്തവ അവധിക്കെതിരേ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥകളുടെ ഹർജി. തൊഴിൽരംഗത്ത് വിവേചനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ കമ്പനികളിൽ ഉയർന്നപദവികളിൽ ജോലിചെയ്യുന്ന 15 പേർ കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

സർക്കാർ, സ്വകാര്യസ്ഥാപനങ്ങളിലും ഓഫീസുകളിലുമടക്കം വനിതാജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിയ നടപടിക്കെതിരേയാണ് ഇവരുടെ ഹർജി.

അധികമായി ആർത്തവ അവധി നൽകേണ്ടിവരുന്നതിനാൽ വിവിധ ജോലികളിൽ വനിതകളെ നിയമിക്കുന്നതിന് കമ്പനികൾ മടിക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇത് തുല്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്ന നടപടിയാണ്. തൊഴിലിടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പരിഗണ ലഭിക്കാതെവരും. സ്ത്രീകൾ പുരുഷ ജീവനക്കാരെക്കാൾ കാര്യക്ഷമതയില്ലാത്തവരാണെന്ന മനോഭാവം സൃഷ്ടിക്കുമെന്നും ഹർജിയിൽ വാദിക്കുന്നു.

18 മുതൽ 52 വയസ്സുവരെയുള്ള ജീവനക്കാർക്കാണ് മാസം ഒരു അവധിവീതം വർഷത്തിൽ 12 ആർത്തവ അവധി ലഭിക്കുക. സ്ഥിരംജീവനക്കാരെ കൂടാതെ കരാർ, പുറംകരാർ, താത്കാലിക ജീവനക്കാർക്കും ആർത്തവ അവധിക്ക് അർഹതയുണ്ട്. ഇതിനെതിരേ നേരത്തെ സമർപ്പിച്ചിട്ടുള്ള ഹർജികൾക്കൊപ്പം പരിഗണിക്കാൻ കോടതി, വനിതാ ജീവനക്കാരുടെ ഹർജിയും മാറ്റി.

Content Highlights: Private sector employees file petition against mandatory menstrual leave., Petitioners argue the policy leads to gender-based discrimination in hiring., Concerns raised about perceived efficiency gaps between male and female employees., The policy applies to 12 days of annual leave for women aged 18-52.