ദുരഭിമാനക്കൊല തടയാൻ നിയമം: ബിൽ പാസാക്കി കർണാടക നിയമസഭ

#ന്യൂസ് ഡെസ്ക്
കർണാടക വിധാന്‍ സൗധ | Photo: Pics4 news
കർണാടക വിധാന്‍ സൗധ | Photo: Pics4 news

ബെംഗളൂരു: ദുരഭിമാനക്കൊലപാതകങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ പാസാക്കി കർണാടക നിയമസഭ. കർണാടക ഫ്രീഡം ഓഫ് ചോയ്‌സ് ഇൻ മാര്യേജ് ആൻഡ് പ്രിവെൻഷൻ ആൻഡ് പ്രൊഹിബിഷൻ ഓഫ് ക്രൈംസ് ഇൻ ദ നെയിം ഓഫ് ഓണർ ആൻഡ് ട്രഡീഷൻ ബിൽ -2026 ആണ് നിയമസഭ കടന്നത്. ഉപരിസഭയായ നിയമനിർമാണ കൗൺസിലിന്റെ അംഗീകാരംകൂടി നേടിയശേഷം ബിൽ ഗവർണറുടെ അംഗീകാരത്തിനായി അയക്കും. ഗവർണർ ഒപ്പിടുന്നതോടെ നിയമം വിജ്ഞാപനം ചെയ്യാൻ വഴിതെളിയും.

പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായിരുന്ന ബസവണ്ണയുടെ പ്രസിദ്ധ വചനമായ ‘ഇവ നമ്മവ’ (അവൻ/അവൾ നമ്മളുടേതാണ്) എന്ന പേരാണ് ബില്ലിന് നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറിൽ ദളിത് സമുദായാംഗത്തെ വിവാഹംചെയ്തതിന് ഹുബ്ബള്ളിയിൽ 19-കാരിയായ ഗർഭിണിയെ അച്ഛനും സഹോദരനും ചേർന്ന് ട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമനിർമാണത്തിന് സർക്കാർ നടപടിയെടുത്തത്. ഗ്രാമവികസനമന്ത്രി പ്രിയങ്ക് ഖാർഗെ അവതരിപ്പിച്ച ബില്ലിനെ നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പിന്താങ്ങി. ദുരഭിമാനക്കൊലപാതകങ്ങളും ജാതി അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങളും വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയമനിർമാണമെന്ന് എച്ച്.കെ. പാട്ടീൽ പറഞ്ഞു. സാമൂഹികമാറ്റം ലക്ഷ്യമാക്കിയാണ് ബില്ലിന് രൂപം നൽകിയതെന്നും പറഞ്ഞു.

ദുരഭിമാനക്കൊലപാതകവും ആക്രമവും അവസാനിപ്പിക്കുന്നതിനായി കഠിനവ്യവസ്ഥകളാണ് ബിൽ വ്യവസ്ഥചെയ്യുന്നത്.

ദുരഭിമാനക്കൊലപാതകത്തിനോ ജാതീയമായ ആക്രമണത്തിനോ മുതിർന്നതായി തെളിഞ്ഞാൽ അവർക്ക് അഞ്ചുവർഷംമുതൽ ജീവപര്യന്തം തടവുവരെ ജയിൽശിക്ഷ ബിൽ വ്യവസ്ഥ ചെയ്യുന്നു. ദുരഭിമാനത്തിന്റെയോ പാരമ്പര്യത്തിന്റെയോ പേരു പറഞ്ഞുള്ള ആക്രമണവും വിവാഹിതരാവുന്നവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതും ഇതര ജാതികളിൽ വിവാഹിതരാകുന്ന ദമ്പതിമാരെയോ അവരുടെ വീട്ടുകാരെയോ സാമൂഹിക ബഹിഷ്കരണം നടത്തുന്നതും ബിൽപ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കും.

Content Highlights: Passage of the 'Iva Namav' bill in Karnataka assembly to curb honor killings., Named after 12th-century reformer Basavanna., Triggered by the tragic Hubballi incident., Punishments range from 5 years to life imprisonment., Criminalizes social boycotts and interference in inter-caste marriages.