‘നിലവിലുള്ള നിയമം പര്യാപ്തം’; കർണാടക പാസാക്കിയ വിദ്വേഷപ്രസംഗ ബില്ലിന് തടയിട്ട് കേന്ദ്രം

Photo: ANI
Photo: ANI

ബെംഗളൂരു: വിദ്വേഷപ്രചാരണം തടയാൻ കർണാടക മന്ത്രിസഭ അംഗീകാരം നൽകിയ വിദ്വേഷപ്രസംഗ ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തടഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് നിലവിലുള്ള നിയമം പര്യാപ്തമാണെന്നും അതിനാൽ പുതിയനിയമം ആവശ്യമില്ലെന്ന വാദം ഉന്നയിച്ചാണ് ബിൽ രാഷ്ട്രപതിക്ക് അയക്കാതെ തടഞ്ഞത്.

അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലുൾപ്പെടെ വിദ്വേഷം പ്രചരിപ്പിച്ചാൽ ഒരുവർഷംമുതൽ ഏഴുവർഷംവരെ തടവുശിക്ഷയും 50,000 രൂപ പിഴയുമാണ് കർണാടകയുടെ ബില്ലിൽ വ്യവസ്ഥചെയ്യുന്നത്. കുറ്റം ആവർത്തിച്ചാൽ രണ്ടുവർഷംമുതൽ 10 വർഷംവരെ തടവുശിക്ഷയും ലഭിക്കും. ഒരുലക്ഷം രൂപവരെ പിഴയും വിദ്വേഷപരാമർശത്തിന് ഇരയായവർക്ക് നഷ്ടപരിഹാരവും നൽകേണ്ടിവരും. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസടുക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നു.

എന്നാൽ, ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഇതിനകം ഭാരതീയ ന്യായസംഹിത 2023-ലെ നിയമവ്യവസ്ഥകളിൽ വിശദീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം. അതിനാൽ സംസ്ഥാനം ഇതിനായി പ്രത്യേകം നിയമനിർമാണം നടപ്പാക്കുന്നത് ഏകീകൃതമില്ലായ്മക്ക് കാരണമാകുമെന്നും കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു.

സംസ്ഥാനത്ത് വിദ്വേഷപ്രചാരണവും സാമുദായികസംഘർഷവും പതിവായതോടെയാണ് നിയമനിർമാണം നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള സമിതി ഇതേക്കുറിച്ച് പഠിച്ചിരുന്നു. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ബിൽ തയ്യാറാക്കിയതും നിയമസഭയിൽ സർക്കാർ പാസാക്കുകയും ചെയ്തത്. എന്നാൽ, ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബില്ലിനെതിരായിരുന്നു.

ബില്ല് അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാകുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ഗവർണർ തവർചന്ദ് ഗഹ്‌ലോതും ബില്ലിന് അംഗീകാരം നൽകാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരത്തിനായാണ് ബില്ല് സർക്കാർ ആഭ്യന്തരമന്ത്രാലയത്തിന് അയച്ചത്. ഒടുവിൽ കേന്ദ്രവും ബില്ലിന് തടയിടുകയായിരുന്നു.

Content Highlights: The Union Home Ministry rejected the Karnataka anti-hate speech bill., Central government claims Bharatiya Nyaya Sanhita 2023 covers these offenses sufficiently., Karnataka's bill proposed 1-10 years of imprisonment and heavy fines., Opposition parties and the Governor had previously raised concerns over free speech., The bill aimed to curb communal tensions in the state.