ശങ്കിക്കേണ്ട; മഹാരാജാസ് കോളേജിലുണ്ട് വിവേചനമില്ലാത്ത ലിംഗ സൗഹൃദ ശൗചാലയം

representative image|photo:canva
representative image|photo:canva

മൂഹത്തിലെ ലിംഗ വ്യത്യാസങ്ങൾക്കെതിരേ മാറ്റം കുറിച്ച ഇടമാണ് മഹാരാജാസ് കോളേജ്. അവിടെ നിന്ന് തന്നെ സമൂഹത്തിന് മാതൃകയാക്കാവുന്ന ലിംഗ സൗഹൃദ ശൗചാലയത്തിന് കൂടി തുടക്കമാവുകയാണ്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റിലൂടെയാണ് മഹാരാജാസിലെ ലിംഗ സൗഹൃദ ശൗചാലയം ചർച്ചയായത്. ഇന്ന് ഇവിടെ ലിംഗ വ്യത്യാസമില്ലാതെ ഓരോ വിദ്യാർഥിയും ടോയ്ലറ്റ് സൗകര്യം ഉപയോഗപ്പെടുത്തുകയാണ്. വർഷങ്ങൾക്ക് മുമ്പേ മാറ്റങ്ങൾക്ക് പിന്നാലെ സഞ്ചരിച്ച കോളേജിലെ അധ്യപകരും വിദ്യാർഥികളും ഈ മാറ്റങ്ങളുടെ പാതയിലാണ്.

ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്ക്‌ കലാലയങ്ങളിൽ പ്രവേശനം നൽകാൻ 2018ലാണ് സർക്കാർ തീരുമാനിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രണ്ട് സീറ്റ് വീതം ഓരോ കോഴ്സിനും സംവരണം ചെയ്യണമെന്നാണ് തീരുമാനിച്ചിരുന്നത്.  ഇത്  ചരിത്രപരമായ തീരുമാനമായിരുന്നു. ഇതിനെ തുടർന്ന് 12 ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾ കോളേജിലെത്തി. ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് കോളേജിൽ അഡ്മിഷൻ നൽകിയതിന് പിന്നാലെയാണ് മഹാരാജാസിൽ ആദ്യമായി ലിംഗ സൗഹൃദ ശൗചാലയവും നിർമിക്കുന്നതും അതിന്റെ ആവശ്യകത എന്താണെന്ന് മനസിലാക്കിയതും.

ശൗചാലയം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാൻസ്ജെൻഡർ വിദ്യാർഥികൾ ബുദ്ധിമുട്ട് നേരിട്ടതോടുകുടിയാണ് ഇത്തരമൊരു രീതിയെപ്പറ്റി കോളേജ് അധികൃതർ ചിന്തിച്ചതും നടപ്പിലാക്കിയതുമെന്നാണ് കോളേജ് പ്രിൻസിപ്പാൽ  ഡോ. എസ്‌ ഷാജില ബീവിക്ക് പറയാനുള്ളത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കുട്ടികൾ അവർക്ക് ശൗചാലയം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകളെപ്പറ്റി വന്ന് പറഞ്ഞിരുന്നു.

ഇത്തരത്തിലുള്ള ടോയ്ലറ്റുകളാണ് വേണ്ടത് എന്നുള്ള ചോദ്യത്തിന് യൂണിസെക്സ് ടോയ്ലറ്റുകളാണ് വേണ്ടത് എന്നാണ് അവർ മറുപടി നൽകിയത്. പിന്നീട് നടന്ന ചർച്ചകൾക്കൊടുവിലാണ്  ജെൻഡർ ന്യൂട്രൽ  ടോയ്ലറ്റ് എന്ന ആശയത്തിലേക്ക് ഞങ്ങൾ എത്തിച്ചേർന്നത്. 2018 ൽ തന്നെ ഇത്തരം ടോയ്‌ലെറ്റുകൾ ഇവിടെയുണ്ട്. അന്ന് പത്രങ്ങളിൽ വാർത്തയടക്കം വന്നിരുന്നെങ്കിലും  ഇത്രയധികം ചർച്ചയായിരുന്നില്ല. ഇവിടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്ന രാം മോഹൻ പാലിയത്ത് ഇവിടുത്തെ ജൻഡർ ന്യൂട്രൽ ടോയ്‌ലറ്റിനെ പറ്റി ഫേസ്ബുക്കിൽ കുറിച്ചതോടുകൂടിയാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. കാലത്തിന്റെ മാറ്റവും കാഴ്ചപ്പാടുകളും ആകും  ഇപ്പോഴുണ്ടായിരിക്കും ഈ ചർച്ചകൾക്ക് പിന്നിൽ - പ്രിൻസിപ്പൽ പറയുന്നു.

ഇസ്ലാമിക്‌ ഹിസ്റ്ററി ബ്ലോക്കിൽ ആദ്യ ജെൻഡർസൗഹൃദ ശുചിമുറികൾ നിർമിച്ചാണ്‌ ഈ ആശയത്തിന്‌ തുടക്കമിട്ടത്.  2021ൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ അക്കാദമിക്‌ ബ്ലോക്ക്‌ ഉദ്‌ഘാടനം ചെയ്‌തപ്പോൾ അതിലും രണ്ട്‌ ജെൻഡർസൗഹൃദ ശൗചാലയങ്ങളുണ്ടായി. പുതിയ ഓഡിറ്റോറിയത്തിൽ രണ്ടെണ്ണവും ലൈബ്രറി സമുച്ചയത്തിൽ ഒരെണ്ണവുംകൂടി തുടർന്ന്‌ നിർമിച്ചു.

വീട്ടിൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇവിടേയും എന്നാണ് മഹാരാജാസിലെ വിദ്യാർഥികൾക്ക് പറയാനുള്ളത്. ലിംഗ സൗഹൃദ ശൗചാലയം ഉപയോഗിക്കാൻ താത്പര്യമില്ലാത്ത വിദ്യാർഥികൾക്കായി ആൺ, പെൺ ശൗചാലയങ്ങളും ഉണ്ട്.  സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന നെഗറ്റീവ് കമന്റുകളെ തള്ളിക്കളയുകയാണെന്നാണ് വിദ്യാർഥികൾക്ക് പറയാനുള്ളത്.

ഹിബ, ആദിത്യ

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ആൺ പെൺ ടോയ്ലറ്റ് നോക്കാറില്ലല്ലോ മറ്റ് പല പൊതു ഇടങ്ങളിലും ഇങ്ങനെ തന്നെയാണ്. മഹാരാജാസിൽ ജൻഡർ സൗഹൃദ ടോയ്ലറ്റ് വരുമ്പോൾ ഞങ്ങൾ വിദ്യാർത്ഥികൾ ഇങ്ങനെ തന്നെ കാണുന്നുള്ളൂ. ഈ ടോയ്ലറ്റ് കൊണ്ട് മഹാരാജാസിലെ വിദ്യാർത്ഥികൾക്ക് ആർക്കും ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായതായി അറിയില്ല. പുറത്ത് നിന്ന് ഇതിനെതിരെ നെഗറ്റീവ് പറയുന്നവർ ഇനിയും അത് തന്നെ ചെയ്യും. പുതിയത് ഇങ്ങനെ വന്നത് കൊണ്ട് പഴയ ആൺ- പെൺ ടോയ്ലറ്റ് പൊളിച്ചു കളയണമെന്നല്ല. അത് ഉപയോഗിക്കാൻ താല്പര്യമുള്ളവർക്ക് അത് ഉപയോഗിക്കാം അത്രയേ ഉള്ളു.- ഹിബ( കോളേജ് വിദ്യാർഥിനി)

വീട്ടിൽ അച്ഛനും അമ്മക്കും വേറെ വേറെയല്ല നമ്മൾ ടോയ്ലറ്റ് ഉപയോഗിക്കുന്നത്. എല്ലാവർക്കും ഒന്നാണ്. അത്രയേ ഇവിടേയും ഉള്ളൂ. ജൻഡർ ന്യൂട്രൽ ടോയ്ലറ്റുകൾക്കെതിരേ ഇവിടെ ഇപ്പോൾ ഉയരുന്ന നെഗറ്റീവുകളെല്ലാം അത് മഹാരാജാസ് കോളേജ് ആയതുകൊണ്ട് മാത്രമാണ്. വേറേ ഏതെങ്കിലും കോളേജ് ആയിരുന്നെങ്കിൽ ഇത്തരം കമന്റുകൾ വരില്ലായിരുന്നു- ആദിത്യ - വിദ്യാർഥിനി

Content Highlights: gender neutral toilets at maharajas college