മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്ക് പുനരധിവാസം; ആലുവയിൽ 60 കിടക്കകളുള്ള ക്ഷേമകേന്ദ്രം വരുന്നു

കാക്കനാട് (എറണാകുളം): മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി എടയ്ക്കാട്ടുവയലിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്ഷേമകേന്ദ്രം ഒരുങ്ങുന്നു. വനിതാ ശിശുവികസന വകുപ്പിന്റെ ’തേജോമയ’ പദ്ധതി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് പുതിയ കേന്ദ്രം യാഥാർഥ്യമാകുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം.
മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പൂർണമായും ഒരു വീടിന്റെ അന്തരീക്ഷം ഉറപ്പാക്കുന്ന രീതിയിലാണ് കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടത്തെ അന്തേവാസികൾക്കായി മാനസിക ഉല്ലാസത്തിനുള്ള സജ്ജീകരണങ്ങൾ, പുനരധിവാസത്തിനുള്ള സൗകര്യങ്ങൾ, ഡോക്ടർമാരുടെ വിദഗ്ധ സേവനം എന്നിവ ലഭ്യമാക്കും.
നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന തേജോമയ കേന്ദ്രം കാക്കനാട്ടേക്ക് മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കെട്ടിടത്തിൽ പുതിയ വനിതാ ക്ഷേമകേന്ദ്രം ആരംഭിക്കുന്നത്.
ആലുവയിൽ ജെറിയാട്രിക് സെന്റർ
ഇതിനു പുറമേ, ആലുവ ജില്ലാ ആശുപത്രിയോട് ചേർന്നുള്ള മൂന്നുനില കെട്ടിടത്തിൽ അത്യാധുനിക ജെറിയാട്രിക് (വയോജന ചികിത്സ) സെന്റർ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. കെട്ടിടത്തിന്റെ ആദ്യനിലയിൽ ഡയാലിസിസ് സെന്ററും രണ്ടും മൂന്നും നിലകളിൽ ഒരേസമയം 60 കിടപ്പുരോഗികളെ ചികിത്സിക്കാൻ സാധിക്കുന്ന ജെറിയാട്രിക് സെന്ററുമാണ് വരുന്നത്.
സംസ്ഥാനത്തിനുതന്നെ മാതൃകയാകുന്ന ജില്ലാതല പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്. പദ്ധതികൾ എപ്പോഴും ജനകേന്ദ്രീകൃതമാകണം. കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളിൽ കാലാനുസൃതമായ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജൂൺ 30-നകം ത്രിതല പഞ്ചായത്തുകളുടെ വാർഷിക പദ്ധതി ഭേദഗതികൾ സർക്കാരിലേക്ക് സമർപ്പിക്കേണ്ടതുണ്ട്. ഇതിന് മുന്നോടിയായി മുൻഗണനാ പദ്ധതികൾ ചർച്ച ചെയ്ത് അന്തിമരൂപം നൽകാനാണ് യോഗം ചേർന്നത്. കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ജി. ഉല്ലാസ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Establishment of a modern welfare center for women with mental health challenges in Edakkattuvayal., Launch of a 60-bed geriatric treatment center at Aluva District Hospital., Integration of dialysis facilities within the new geriatric health infrastructure., Deadline for 3-tier panchayat annual project amendments set for June 30, 2026., Focus on people-centric development in agriculture and animal husbandry.