ബലാത്സംഗ അതിജീവിതയെ ഗർഭം തുടരാൻ നിർബന്ധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി; 15-കാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി

#സ്വന്തം ലേഖകൻ
File Photo/PTI
File Photo/PTI

ന്യൂഡൽഹി: ബലാത്സംഗ അതിജീവിതയെ, ആ കുറ്റകൃത്യത്തിലൂടെയുണ്ടായ ഗർഭം തുടരാൻ നിർബന്ധിക്കുന്നതും മാതൃത്വം അടിച്ചേൽപ്പിക്കുന്നതും അവരുടെ അന്തസ്സിന്റെ ഗുരുതര ലംഘനമാണെന്ന് ഡൽഹി ഹൈക്കോടതി. ബലാത്സംഗ അതിജീവിതയായ 15-കാരിയുടെ 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ലൈംഗികാതിക്രമത്തിന്റെ ഫലമായി ഗർഭംധരിച്ചു എന്നതുകൊണ്ട് പതിനഞ്ചുവയസ്സുള്ള പെൺകുട്ടിയെ അമ്മ എന്ന നിർവചനത്തിലേക്ക് കൊണ്ടുവരാനാവില്ല.

ലൈംഗികാതിക്രമത്തിൽനിന്നുണ്ടാകുന്ന കേസുകളിൽ, ആക്രമണത്തിന്റെ ഫലമായുണ്ടാകുന്ന ഗർഭം തുടരാൻ നിർബന്ധിക്കുന്നതും അതുവഴി അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതൃത്വത്തിന്റെ ഉത്തരവാദിത്വം ചുമത്തുന്നതും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി പറഞ്ഞു.

മെഡിക്കൽ ഗർഭച്ഛിദ്രനിയമത്തിന്റെ മൂന്നാം വകുപ്പനുസരിച്ച് നിബന്ധനകൾക്ക് വിധേയമായി 20 മുതൽ 24 ആഴ്ചവരെയുള്ള ഗർഭം അലസിക്കാൻ അനുമതിയുണ്ട്. ഗർഭം നിയമപരമായ സമയപരിധി കഴിഞ്ഞിരിക്കുന്നു എന്നത് ഒറ്റപ്പെടുത്തി കാണാൻ കഴിയില്ലെന്ന് ജസ്റ്റിസ് മധു ജെയിൻ പറഞ്ഞു.

ഗർഭം അലസിക്കാനുള്ള നടപടികൾ എത്രയുംവേഗം നടപ്പാക്കാൻ ഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിനോടും എസ്.കെ. ഹോസ്പിറ്റലിനോടും ഹൈക്കോടതി നിർദേശിച്ചു. ഡി.എൻ.എ. തിരിച്ചറിയലിന് ഭ്രൂണാവശിഷ്ടമോ കലയോ സൂക്ഷിച്ചുവെക്കണം. പെൺകുട്ടിയുടെ ഭക്ഷണവും ചികിത്സയും ഉൾപ്പെടെ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കണം. കുഞ്ഞ് ജീവനോടെ ജനിച്ചാൽ സാധ്യമായ എല്ലാ പരിപാലനവും നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.