സംസ്ഥാനത്തെ നഗരങ്ങൾ വളരുന്നു; എന്നാൽ ശുചീകരണ തൊഴിലാളികൾ കൂടുന്നില്ല

കോഴിക്കോട്: സംസ്ഥാനത്തിന്റെ നഗരസ്വഭാവം കൂടുമ്പോഴും ശുചീകരണത്തൊഴിലാളിലാളികളുടെ എണ്ണം കൂടുന്നില്ല. വർഷങ്ങൾക്കുമുൻപ് 12,000-ത്തിൽ ഏറെ ശുചീകരണത്തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പകുതിയോളംപേർ മാത്രമാണ് സ്ഥിരമായുള്ളത്. സാങ്കേതികസംവിധാനങ്ങൾ വികസിച്ചതാണ് തൊഴിലാളികളുടെ എണ്ണം കുറയാൻ കാരണമെന്ന് പറയുമ്പോഴും നഗരത്തിലെത്തുന്ന മാലിന്യത്തിന് കുറവില്ല.
വർഷങ്ങൾക്കുമുൻപ് അഞ്ച് കോർപ്പറേഷനുകളും 50-ൽ ഏറെ നഗരസഭകളും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോഴത് ആറ് കോർപ്പറേഷനും 87 നഗരസഭകളുമായി. ഓവുചാലുകളുൾപ്പെടെ വൃത്തിയാക്കുന്ന ചുമതലയുണ്ട് നഗരശുചീകരണ തൊഴിലാളികൾക്ക്. പലയിടത്തും രാവും പകലുമെല്ലാം ജോലിയുണ്ട്. നഗരത്തിൽ വന്നുപോകുന്നവരുടെയും കെട്ടിടങ്ങളുടെയും എണ്ണമേറി. അതിനനുസരിച്ച് മാലിന്യത്തിന്റെ തോതും കൂടുന്നുണ്ട്.
കോഴിക്കോട് കോർപ്പറേഷനിൽ 759 പേർ വേണ്ടിടത്ത് 600 പേർമാത്രം. ബദൽതൊഴിലാളികളെ നിയമിക്കാൻ നടപടിയെടുത്തിട്ടുണ്ട്. കണ്ണൂരിൽ 23 ഒഴിവുകളുണ്ട്. 189 പേരാണുള്ളത്. ഇത്തരത്തിൽ സംസ്ഥാനത്തെ നഗരസഭകളിലും കോർപ്പറേഷനുകളിലുമെല്ലാം ഒഴിവുകളുണ്ടെന്ന് കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് കെ.ജി. പങ്കജാക്ഷൻ പറഞ്ഞു.
എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയാണ് നഗരശുചീകരണത്തൊഴിലാളികളെ നിയമിക്കുന്നത്. കുറച്ചുവർഷം കഴിയുമ്പോൾ പലരെയും സ്ഥിരപ്പെടുത്തും. എന്നാൽ, 16 കൊല്ലമായി താത്കാലികമായി ജോലിചെയ്യുന്നവർവരെയുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. നഗരശുചീകരണത്തൊഴിലാളികൾ പൊതുസർവീസിലല്ലാത്തതിനാൽ അതത് നഗരസഭ-കോർപ്പറേഷൻ ആണ് ശമ്പളവും ആനുകൂല്യവുമെല്ലാം കൊടുക്കുന്നത്. നിലവിലുള്ള ആനുകൂല്യങ്ങളെല്ലാം ഉറപ്പാക്കി പൊതുസർവീസിന്റെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുവട്ടം ചർച്ചകൾ നടത്തിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല.
നഗരശുചീകരണത്തൊഴിലാളികളിൽ പാർട്ട് ടൈം ജീവനക്കാർ ഇല്ല. എന്നാൽ, അധികൃതർ മുന്നോട്ടുവെച്ച നിർദേശത്തിൽ പാർട്ട് ടൈം കണ്ടിൻജന്റ്, സ്വീപ്പർ, വാച്ച്‌മാൻ പോലുള്ള വിഭാഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പിന്നീട് തീരുമാനമൊന്നുമുണ്ടായില്ല. തദ്ദേശസ്ഥാപനങ്ങളിലുള്ള ഹരിതകർമസേനക്കാരെ ഇത്തരം ഒഴിവുകളിലേക്ക് പരിഗണിക്കണമെന്ന് ആവശ്യവുമുണ്ട്. റോഡ് അടിച്ചുവാരാൻപോലും യന്ത്രസംവിധാനമായിത്തുടങ്ങി. വാഹനങ്ങളും മാറ്റ് സാങ്കേതികസൗകര്യങ്ങളുമെല്ലാം വന്നു. അതിനാൽത്തന്നെ കൂടുതൽ ശുചീകരണത്തൊഴിലാളികൾ വേണ്ടിവരില്ലെന്നും ഒഴിവുകൾ നികത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
എന്നാൽ, കോഴിക്കോട് കോർപ്പറേഷനിൽപ്പോലും നിലവിൽ ഒരു സ്വീപ്പിങ് മെഷീൻ മാത്രമാണുള്ളതെന്നും തങ്ങളുടെ ജോലിഭാരത്തിന് കുറവില്ലെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
Content Highlights: cities in state are growing but number of cleaning staff is not increasing