തോക്കിന്‍മുനയില്‍ അറസ്റ്റ്, മലേറിയ, വെള്ളം പോലുമില്ലാത്ത ദിനങ്ങള്‍; ദുരിതകാലം ഓര്‍മിച്ച് വിജിത്ത്

വി. വിജിത്ത് | Photo: instagram.com/vijith.v_nair_
വി. വിജിത്ത് | Photo: instagram.com/vijith.v_nair_

മലേറിയയും ടൈഫോയ്ഡും പിടിപെട്ട് ജീവിതത്തോട് മല്ലടിച്ച ദിനങ്ങള്‍. ദാഹിച്ച് തൊണ്ട പൊട്ടിയിട്ടും കുടിക്കാന്‍ ഒരുതുള്ളി വെള്ളം പോലുമില്ലാത്ത അവസ്ഥ. ഒടുവില്‍ ടോയ്‌ലെറ്റ്‌ ടാപ്പിലെ വെള്ളംകുടിച്ച് ദാഹമകറ്റിയ ദുര്‍വിധി. മൂന്ന് മാസക്കാലം ഇക്വറ്റോറിയൽ ഗിനി എന്ന രാജ്യത്തിന്റെ കസ്റ്റഡിയില്‍. തുടര്‍ന്നുള്ള ഏഴ് മാസം നൈജീരിയയുടെ സായുധ തടങ്കലിൽ. അതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഇക്വറ്റോറിയൽ ഗിനിയും എണ്ണ മോഷ്ടിച്ചു എന്ന ആരോപണം ഉയര്‍ത്തി നൈജീരിയയും കസ്റ്റഡിയിലെടുത്ത ആ കപ്പലില്‍ 26 പേരാണുണ്ടായിരുന്നത്. അതില്‍ മൂന്ന് പേര്‍ മലയാളികളായിരുന്നു. കൊച്ചി എളംകുളം സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസ്, കപ്പലിലെ ഓയിലര്‍ മുളവുകാട് സ്വദേശി മില്‍ട്ടണ്‍ ഡിക്കോസ്റ്റ, തേര്‍ഡ് ഓഫീസര്‍ കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവര്‍. നീണ്ട പത്തു മാസക്കാലത്തെ ദുരിതജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മൂന്ന് പേരും നാട്ടിലെത്തിയത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ മരണപ്പെട്ട വിസ്മയയുടെ സഹോദരന്‍കൂടിയായ വിജിത്ത് മാസങ്ങള്‍ നീണ്ട ദുരിതകാലത്തെക്കുറിച്ചും നൈജീരിയയില്‍ തടവിലായതിനേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

2022 ഓഗസ്റ്റ് എട്ട്, രാത്രി 9.30. നൈജീരിയയുടെ പുറംകടലില്‍ ക്രൂഡ് ഓയില്‍ ലോഡ് ചെയ്യാനായി കാത്തുകിടക്കുകയായിരുന്നു എം.ടി. ഹീറോയിക് ഐഡന്‍ (  MT Heroic Idun ) എന്ന കപ്പല്‍. ആ രാത്രിയിലാണ് കപ്പലിന്റെ റഡാറില്‍ ഒരു അജ്ഞാത ബോട്ട് ശ്രദ്ധയില്‍പ്പെടുന്നത്. ലൈറ്റ് തെളിക്കാതെ, സൈറന്‍ മുഴക്കാതെ കപ്പലിന് നേര്‍ക്ക് അതിവേഗത്തിലെത്തിയ ആ ബോട്ട് കടല്‍ക്കൊള്ളക്കാരുടേതാണെന്ന് തെറ്റിദ്ധരിച്ച് കപ്പൽ മുന്നോട്ടു കുതിച്ചു. അവരില്‍നിന്ന് രക്ഷപ്പെടാൻ ക്യാപ്റ്റന്‍ പരമാവധി വേഗത്തിലാണ് കപ്പല്‍ മുന്നോട്ട് എടുത്തതും. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം കപ്പിലിന്റെ ആ യാത്ര ചെന്നു നിന്നത് ഇക്വറ്റോറിയൽ ഗിനിയിലെ ലൂബ  (Luba) തുറമുഖത്താണ്. പിന്നീട് ഇക്വറ്റോറിയൽ ഗിനി നാവികസേനയുടെ തടവിലായി കപ്പലും  ജീവനക്കാരും. കപ്പല്‍ കമ്പനി ഇക്വറ്റോറിയൽ ഗിനി സര്‍ക്കാരിന് മോചനദ്രവ്യമായി വന്‍തുക നല്‍കിയെങ്കിലും കപ്പല്‍ വിട്ടുകൊടുക്കാനോ ജീവനക്കാരെ മോചിപ്പിക്കാനോ അവര്‍ തയ്യാറായില്ല. പകരം നൈജീരിയയ്ക്ക് കൈമാറുകയാണ് അവര്‍ ചെയ്തത്.

Content Highlights: Malayali sailor Vijith, who returned home after being detained in Nigeria, shares his experience

Continue reading