ഉന്നാവ് കേസിന്റെ നാനാർഥങ്ങൾ

#അഡ്വ. കാളീശ്വരം രാജ്
സുപ്രീം കോടതി, കുൽദീപ് സേംഗർ | Photo: PTI
സുപ്രീം കോടതി, കുൽദീപ് സേംഗർ | Photo: PTI

പൊതുജനാഭിപ്രായങ്ങളനുസരിച്ചുമാത്രം കോടതികൾക്ക് ക്രിമിനൽക്കേസുകളിൽ തീരുമാനമെടുക്കാൻ കഴിയില്ല എന്ന് കേരളത്തിന്റെ താരതമ്യേന വികസിതമായ നീതിന്യായാന്തരീക്ഷത്തിൽ നിന്നുകൊണ്ട് നമുക്കു പറയാം. എന്നാൽ, ഉത്തർപ്രദേശിലെയും മറ്റുചില വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും നീതിനിർവഹണത്തിന്റെ അവസ്ഥ നിരാശാജനകം മാത്രമല്ല, പരിതാപകരംകൂടിയാണ്.

ചൂഷണത്തിന്റെയും ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും നടുക്കയങ്ങളിൽപ്പെട്ടുഴലുന്ന ജനസമൂഹങ്ങൾക്ക് ഭരണഘടന വാഗ്ദാനംചെയ്യുന്ന നിയമവാഴ്ച പലപ്പോഴും അപ്രാപ്യമായിത്തന്നെ തുടരുന്നു. ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളും ക്രൂരമായ നീതിനിഷേധങ്ങളും പലപ്പോഴും പുറത്തറിയാതെപോകുന്ന ദുരവസ്ഥയാണ് പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇപ്പോഴുമുള്ളത്.

രാഷ്ട്രീയാധികാരവും പുരുഷാധിപത്യവും

രാഷ്ട്രീയാധികാരവും പുരുഷാധിപത്യവും കുറ്റകൃത്യങ്ങളുടെ ക്രൂരതയും ഒത്തുചേർന്ന ഉന്നാവ് ബലാത്സംഗക്കേസും തുടർന്നുണ്ടായ നാരഹത്യകളും ശ്രദ്ധേയമായിമാറിയത് അവയുടെ പൈശാചികസ്വഭാവംകൊണ്ടുമാത്രമല്ല, അവയ്‌ക്കെതിരേ അതിജീവിതയും ഒപ്പമുള്ള മനുഷ്യരും നടത്തിയ നിരന്തര പോരാട്ടങ്ങൾകൊണ്ടുകൂടിയാണ്. 2017 ജൂണിലുണ്ടായ പീഡനക്കേസിനുശേഷം പെൺകുട്ടിയുടെ പിതാവിനെ പോലീസും എംഎൽഎയുടെ ബന്ധുക്കളും ചേർന്ന് മർദിച്ചതായി കേസ് വന്നത് 2018 ഏപ്രിലിലായിരുന്നു. ഈ കേസുകളിൽ കൃത്യമായ അന്വേഷണം ഉറപ്പുവരുത്തുന്നതിന് പൊതുജനങ്ങളുടെ രോഷവും പ്രക്ഷോഭവും കാരണമായി എന്നത് വസ്തുതയാണ്. അത്രമാത്രം കെട്ടുറപ്പുള്ളതാണ് യുപിയിലെ പോലീസ്-രാഷ്ട്രീയാധികാര ബന്ധം. അതിനെതിരേ സിവിൽസമൂഹം നടത്തിയ പ്രക്ഷോഭങ്ങൾക്ക് ഈ കേസുകളിൽ ഫലവത്തായ പ്രോസിക്യൂഷൻ ഉറപ്പുവരുത്തുന്നതിൽ നിസ്സാരമല്ലാത്ത പങ്കുണ്ടായിരുന്നു. ഉത്തർപ്രദേശിൽനിന്ന് കേസുകൾ ഡൽഹിയിലേക്കു മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടതും ഇപ്പറഞ്ഞ രാഷ്ട്രീയാതിപ്രസരത്തെക്കുറിച്ചുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. അതിനിടെ ഈ കേസുമായി ബന്ധപ്പെട്ടുതന്നെ വേറേയും കൊലപാതകങ്ങളും ദുരൂഹമരണങ്ങളും വധശ്രമങ്ങളുമുണ്ടായതായി ആരോപണങ്ങളുണ്ടായി.

2019-ൽ ഡൽഹിയിലെ സിബിഐ പ്രത്യേക കോടതിയാണ് പ്രതി കുൽദീപ് സേംഗർ കുറ്റക്കാരനെന്നുകണ്ട് അദ്ദേഹത്തെ ജീവിതാവസാനംവരെ തടവിനു ശിക്ഷിച്ചത്. ശിക്ഷാനിയമത്തിലെ 376(2) വകുപ്പനുസരിച്ച് സേംഗർ തന്റെ ബാക്കി ജീവിതകാലം തടവിൽ കഴിയണമെന്നതായിരുന്നു ശിക്ഷാവിധി. കൂടാതെ 25 ലക്ഷം രൂപ പിഴശിക്ഷയും വിധിക്കുകയുണ്ടായി. ശിക്ഷാനിയമത്തിലെ 376-ാം വകുപ്പും പോക്സോ നിയമത്തിലെ 5 (സി), 6 വകുപ്പുകളും പ്രകാരമുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിചാരണക്കോടതിന്യായാധിപനായ ധർമേഷ് ശർമ ഈ ശിക്ഷകൾ വിധിച്ചത്.

ശിക്ഷാനിയമത്തിലെ 376(2) വകുപ്പ് ഗുരുതരസ്വഭാവമുള്ള ബലാത്സംഗക്കുറ്റങ്ങളെ സംബന്ധിച്ചുള്ളതാണ്. പോലീസ് ഉദ്യോഗസ്ഥർ പൊതുസേവകർ, പട്ടാള ഉദ്യോഗസ്ഥർ, ജയിൽ അധികാരികൾ എന്നിവർമുതൽ വർഗീയകലാപത്തിനിടയിലും മാനസിക-ശാരീരിക ബുദ്ധിമുട്ടുള്ളവർക്കുനേരേയും നടത്തുന്ന ബലാത്സംഗക്കുറ്റങ്ങൾവരെ ഗുരുതരവിഭാഗത്തിൽപ്പെടുന്നതായി ഈ വകുപ്പു വ്യക്തമാക്കുന്നു. പോക്‌സോ നിയമത്തിലെ 5 (സി) ഒരു പൊതുസേവകൻ നടത്തുന്ന കുറ്റകൃത്യത്തെ ഗരുതരവിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. കുട്ടികൾക്കെതിരേ നടത്തുന്ന ലൈംഗികകുറ്റകൃത്യങ്ങളെ പൊതുവേ കർക്കശമായിക്കാണുന്ന ഈ നിയമം, അധികാരസ്ഥാനങ്ങളിലുള്ളവർ നടത്തുന്ന കുറ്റകൃത്യത്തെ കൂടുതൽ ഗുരുതരമായി കാണുന്നുവെന്നർഥം. അങ്ങനെനോക്കുമ്പോൾ വിചാരണക്കോടതി ഇപ്പറഞ്ഞ രണ്ട് അടിസ്ഥാനനിയമങ്ങളിലും നിർവചിക്കപ്പെട്ട ഗുരുതരാവസ്ഥ സേംഗറിനെതിരേയുള്ള കുറ്റപത്രത്തിൽനിന്നു വായിച്ചെടുത്തതായിക്കാണാം.

ഹൈക്കോടതിയുടെ അനവധാനത

എന്നാൽ, സേംഗർ ഇതിനകം ഏഴുവർഷം തടവിൽക്കഴിഞ്ഞുവെന്നു കാണുകയും ഇപ്പറഞ്ഞ ഗുരുതരസ്വഭാവംസംബന്ധിച്ച വിചാരണക്കോടതിയുടെ വ്യാഖ്യാനങ്ങൾ ശരിയല്ലെന്നു വിലയിരുത്തുകയും ചെയ്തുകൊണ്ടാണ് ഡൽഹി ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ച് സേംഗറിനെ ജാമ്യത്തിൽവിടാൻ ഉത്തരവിട്ടത്. ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും ബന്ധപ്പെട്ട വ്യവസ്ഥകളെയും അവയുടെ താത്പര്യങ്ങളെയും ശരിയായവിധത്തിൽ ഉൾക്കൊള്ളാൻ ഹൈക്കോടതി ശ്രമിച്ചില്ലെന്ന വിമർശനം കേവലം ആൾക്കൂട്ടത്തിന്റേതുമാത്രമല്ല, അതൊരു നിയമപരമായ വിമർശനംതന്നെയാണ്. പൊതുസമൂഹത്തിന്റെ ആക്ഷേപങ്ങൾക്ക് ഈ നിയമയുക്തിയുമായി പൊരുത്തമുണ്ടായി എന്നുമാത്രം. മാത്രമല്ല, നിയമവ്യവസ്ഥകളുടെ ഉദ്ദേശ്യംസംബന്ധിച്ച വ്യാഖ്യാനത്തിൽ ഹൈക്കോടതി കാണിക്കേണ്ടിയിരുന്ന അവധാനതയും ശ്രദ്ധയും പെട്ടെന്നെടുത്ത ഈ ജാമ്യ ഉത്തരവിൽ പ്രകടമായില്ല എന്നും പറയട്ടെ. ഒപ്പം ഈ കുറിപ്പിൽ മുൻപേ സൂചിപ്പിച്ചതുപോലെ, പ്രതിയുടെ സ്വാധീനവും കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യതയും അതിജീവിതയ്ക്കുമുന്നിൽ ഉയരാവുന്ന ഭീഷണികളുമെല്ലാം ജാമ്യം നിഷേധിക്കുന്നതിനുള്ള പ്രബലമായ കാരണങ്ങളായി ഉണ്ടായിട്ടും ഹൈക്കോടതി അവയെ നിരാകരിച്ചു; പ്രതിയെ ഈ കേസിൽ ജാമ്യത്തിലിറക്കാൻ ഉത്തരവിട്ടു.

ഹൈക്കോടതി ഉത്തരവിലുണ്ടായ ഈ പ്രകടമായ അനീതിയും നിയമവിരുദ്ധതയുമാകണം അവധിക്കാലമായിട്ടും ഈ കേസ് പരിഗണനയ്‌ക്കെടുത്ത് ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യാൻ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. കേസിലെ പ്രധാന നിയമപ്രശ്‌നങ്ങൾ ഇനിയും വിശദമായി പരിഗണിക്കപ്പെടാനിരിക്കുന്നതേയുള്ളൂ.

എന്നാൽ, ബലാത്സംഗക്കുറ്റത്തിനുപുറമേ, നരഹത്യാക്കുറ്റത്തിന്റെപേരിൽ മറ്റൊരു കേസിലും ശിക്ഷിക്കപ്പെട്ട സേംഗർ അതിന്റെയടിസ്ഥാനത്തിലും ജയിലിൽ കഴിയുകയാണ്. തത്കാലം അദ്ദേഹം ജയിലിൽത്തന്നെ തുടരും എന്ന് സുപ്രീംകോടതി ഉറപ്പുവരുത്തിയിരുന്നു. ഇത് അതിജീവിതയ്ക്കും അവരുടെ കുടുംബത്തിൽ അവശേഷിക്കുന്നവർക്കും ആശ്വാസംപകരുന്ന കാര്യംതന്നെയാണ്.

ഉന്നാവ് കേസിന്റെ അർഥതലങ്ങൾ പലതാണ്. നാലുതവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട പ്രതിയെ ബിജെപി പിന്നീട് പാർട്ടിയിൽനിന്നു പുറത്താക്കി. അതിജീവിതയ്ക്ക് നീതിയുറപ്പാക്കാൻ സിബിഐതന്നെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽചെയ്യാൻ നിർബന്ധിക്കപ്പെട്ടു.

ഉത്തരേന്ത്യൻ രാഷ്ട്രീയത്തെയോ സാമൂഹികസാമ്പത്തികാവസ്ഥയെയോ ഒറ്റയടിക്ക് മാറ്റിത്തീർക്കാൻ ആർക്കും എളുപ്പം കഴിയില്ല. അവ മാറിവരുന്നതുവരേ കാത്തിരിക്കാവുന്ന വിഷയവുമല്ല ഉന്നാവിലുണ്ടായ സംഭവങ്ങൾ. നീതിക്കുവേണ്ടി അതിജീവിതയും അവർക്കൊപ്പംനിന്നവരും നടത്തിയ സമരങ്ങളാണ് യഥാർഥത്തിൽ ദാരിദ്ര്യത്തിന്റെയും വിദ്യാഭ്യാസക്കുറവിന്റെയും പരിമിതികളെപ്പോലും അതിലംഘിച്ചത്. അധികാരത്തിന്റെ വിവിധ രൂപഭാവങ്ങൾക്കെതിരേ സ്ത്രീകളും മനുഷ്യാവകാശ പ്രവർത്തകരും ചേർന്നുനടത്തിയ നിരന്തരസമരത്തിലെ പ്രസക്തമായ വിജയങ്ങളാണ് ഉന്നാവിന്റെപേരിൽ കോടതികൾക്കകത്തും പുറത്തും നടത്തിയ പോരാട്ടങ്ങളെ സവിശേഷമാക്കുന്നത്. പോരാട്ടങ്ങളിലെ ചെറുവിജയങ്ങൾ, മഹായുദ്ധങ്ങളിലെ മഹാവിജയങ്ങളായിത്തീരട്ടെ എന്നുമാത്രം നമുക്ക് ആശംസിക്കാം.

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)

Content Highlights: unnao case and its meaning