ഗുരുവിന്റെ മനുഷ്യത്വം | ഇന്ന് ശ്രീനാരായണഗുരു ജയന്തി

#സച്ചിദാനന്ദ സ്വാമി
ശ്രീനാരായണ ഗുരു
ശ്രീനാരായണ ഗുരു

ശ്രീനാരായണഗുരുദേവൻ മനുഷ്യത്വത്തിലധിഷ്ഠിതമായ ഒരു മഹാദർശനത്തിന്റെ പ്രവാചകനാണ്. ഗുരുദർശനത്തിന്റെ അടിസ്ഥാനതത്ത്വം മനുഷ്യത്വമാണ്.

വേദാന്തദർശനത്തെ മനുഷ്യനിഷ്ഠമാക്കി എന്നത് ഗുരുവിന്റെ അവതാരകൃത്യനിർവഹണമാണ്. മനുഷ്യൻ കെട്ടുപോയാൽ പിന്നെ മതംകൊണ്ടും തത്ത്വദർശനംകൊണ്ടും എന്തു പ്രയോജനമെന്ന് ഗുരു ചോദിക്കുന്നുണ്ട്. ഗുരു ഒരു അദ്വൈതവേദാന്തിയായിരുന്നു.

അദ്വൈതമെന്ന ജീവിതപദ്ധതി

1400 വർഷത്തിനുമുൻപ് ശ്രീശങ്കരാചാര്യർ അദ്വൈതത്തിന് ഭാഷ്യം ചമച്ചു. അവിടെ പരമാണുപ്രായൻമാത്രമായിരുന്നു മനുഷ്യൻ. വേദാന്തശാസ്ത്രം അധ്യയനംചെയ്യണമെങ്കിൽ പുരുഷനായും വിദ്വാനായും ബ്രാഹ്‌മണനായും ജനിച്ച് നൂറുകോടി ജന്മങ്ങളിൽചെയ്ത സുകൃതംകൊണ്ടുമാത്രമേ ഒരാൾക്ക് സാധിക്കൂ എന്ന് ശ്രീശങ്കരൻ വേദാന്ത അധികാരിയെ വിവേകചൂഡാമണിയിലൂടെ കാട്ടിത്തരുമ്പോൾ തത്ത്വശാസ്ത്രത്തിന്റെമുൻപിൽ മനുഷ്യനുള്ള സ്ഥാനം പ്രസ്പഷ്ടമാകുന്നുവല്ലോ.

ശ്രീനാരായണഗുരുവാകട്ടെ ആത്മോപദേശശതകത്തിലൂടെ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ ജിജ്ഞാസുവായ ഏതൊരാൾക്കും വേദാന്തപഠനത്തിനർഹതയുണ്ടെന്ന് വെളിപ്പെടുത്തുന്നു. അദ്വൈതത്തെ ഒരു ചിന്താപദ്ധതിയെന്നതിനപ്പുറത്ത് ഒരു ജീവിതപദ്ധതിയാക്കിമാറ്റിയെന്നതാണ് ഗുരുവിന്റെ സവിശേഷത. അതിലൂടെ ഒരധ്യാത്മവിപ്ലവം സൃഷ്ടിക്കുകയാണ് ഗുരുദേവൻ ചെയ്തത്.

അദ്വൈതം എന്നത് രണ്ടില്ലാത്തത് ഒന്നു മാത്രം. ഒരേയൊരു പരംപൊരുൾ പലതായി പ്രകാശിക്കുന്നു. അവിടെ ജാതിഭേദങ്ങൾക്കോ ചാതുർവർണ്യവ്യവസ്ഥയ്‌ക്കോ ഹൈന്ദവ-ക്രൈസ്തവ-ഇസ്ലാം മതഭേദങ്ങൾക്കോ സ്ഥാനമില്ല. ദേശപരിധിയുമില്ല.

ലോകത്തുള്ള മുഴുവൻ ആളുകളും വർണ-വർഗ-ജാതി-മത ഭേദമെന്യേ ഒരേയൊരു സത്യത്തിന്റെ അംശമാണെന്ന് ഗുരുദേവൻ ദർശനംകൊണ്ടും ജീവിതംകൊണ്ടും തെളിയിച്ചു. മനുഷ്യരെല്ലാം ഒന്ന്, അതാണ് നമ്മുടെ മതം എന്ന് ഗുരുദേവൻ വർത്തിച്ചാവർത്തിച്ച് പറയുമായിരുന്നു.

ആദ്യസന്ദേശമായി ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന മാതൃകാലോകത്തെ, ഏകലോകത്തെ വിഭാവനംചെയ്തു. അതിലേക്കുള്ള മാർഗരേഖയായി ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്നും ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നും മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും നീ സത്യം ജ്ഞാനമാനന്ദം എന്നും ഗുരുദേവൻ കാട്ടിത്തന്നു.

ആ ചൂണ്ടുവിരലോളം വളർന്നീലല്ലോ ഞങ്ങൾ

വയലാർ രാമവർമ്മ ഗുരുദർശനം സ്വാംശീകരിച്ച മഹാകവിയായിരുന്നു. 'മതങ്ങൾക്കതീതമായി മനുഷ്യൻ, മറ്റാരുമീ മധുരാക്ഷരീമന്ത്രം ചൊല്ലിയില്ലിന്നേവരെ' എന്ന് ആ സദ്കവി പാടിവെച്ചു.

ജി. ശങ്കരക്കുറുപ്പ് എന്ന കവി പാടി: 'ആ ചൂണ്ടുവിരലോളം വളർന്നീലല്ലോ ഞങ്ങൾ.' ഗുരുദേവന്റെ മനുഷ്യത്വത്തിലധിഷ്ഠിതമായി, ജാതിമതവ്യത്യാസങ്ങളില്ലാതെ ഒന്നായി ജീവിക്കാൻ നമുക്ക് സാധിക്കുന്നില്ല എന്ന വ്യഥ വയലാറിന്റെയും ശങ്കരക്കുറിപ്പിന്റെയും വരികളിലുണ്ട്. ജാതിഭേദവും വിഭാഗീയതയും ദൂരീകൃതമായോ? പണ്ട് വെളിയിലായിരുന്നു ജാതിയെങ്കിൽ ഇപ്പോൾ ജാതി മനുഷ്യമനസ്സിലൊളിച്ച് ജീവിതത്തിലുടനീളം വൈകൃതംകാട്ടുന്നു. ജാതി ചോദിക്കുന്നു, പറയുന്നു, വിചാരിക്കുന്നു.

ജാതിസൂചകമായ നാമങ്ങൾ എഴുതരുത് എന്ന ഗുരുവാണിയെ ഉൾക്കൊണ്ട് മന്നത്തു പത്മനാഭപിള്ള, കേളപ്പൻനായർ, എ.കെ. ഗോപാലൻനമ്പ്യാർ എന്നിവരെല്ലാം ജാതിനാമങ്ങൾ വെടിഞ്ഞ് മനുഷ്യരായി ജീവിക്കാൻ ശ്രമിച്ചു.

പക്ഷേ, ഇപ്പോൾ കൊച്ചുകുട്ടികൾപോലും പേരിനോടൊപ്പം ജാതിപ്പേരുകൂടി എഴുതിച്ചേർത്ത് അവരുടെ സ്വത്വം വെളിപ്പെടുത്തുന്നു. എന്നാൽ, ഈഴവജാതി-പിന്നാക്ക ജനവിഭാഗങ്ങളും പട്ടികജാതി-വർഗവിഭാഗങ്ങളും അവരുടെ പേരിനോടൊപ്പം ജാതിസൂചകമായ നാമങ്ങൾ ഉപയോഗിക്കുന്നില്ല.

ജാതിനാമങ്ങൾ ഉപയോഗിക്കാൻ പാടില്ല, അത് സാമൂഹികനീതിക്കും മനുഷ്യരുടെ ഏകതയ്ക്കും അഭിമാനബോധത്തിനും ഹാനികരമാണെന്ന് സർക്കാരിന് നിയമനിർമാണം നടത്തിക്കൂടേ? ഭരണകൂടം ഗുരുവിന്റെ ആ തലത്തിൽ ചിന്തിച്ചാൽ അതു അനുഗ്രഹപ്രദമല്ലേ എന്ന് ഓർത്തുപോകുകയാണ്.

(ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റാണ് ലേഖകൻ)

Content Highlights: Sree Narayana Guru transformed Advaita into a practical way of life accessible to all., Emphasized humanism, unity, and transcending caste and religious boundaries., Critique of modern society's regression into caste consciousness despite Guru's teachings., Call for government legislation to abolish caste-indicative names for social justice.