രാഷ്ട്രീയപാഠമായി അടിയന്തരാവസ്ഥ

ഇന്ദിരാ ഗാന്ധി
ഇന്ദിരാ ഗാന്ധി

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയസാഹചര്യങ്ങളെ രണ്ടായി വിഭജിച്ച അനുഭവമായിരുന്നു അടിയന്തരാവസ്ഥ. രാഷ്ട്രീയ, നിയമ വിദ്യാര്‍ഥികള്‍ക്ക് ഒരുപോലെ പഠനവിധേയമാക്കാനുള്ള കാലഘട്ടം. മികച്ച ഭരണാധികാരിയെന്ന ഇന്ദിരാഗാന്ധിയുടെ പെരുമയ്ക്കുമേല്‍ സ്വേച്ഛാധിപത്യത്തിന്റെ കരിനിഴല്‍ വീണത് അപ്പോഴായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം നിലനിര്‍ത്തേണ്ട ആവശ്യകത രാജ്യം തിരിച്ചറിഞ്ഞത് ഈ അനുഭവത്താലാണ്. പൗരാവകാശങ്ങളില്‍ ഭരണകൂടം പിടിമുറുക്കാനുള്ള സാധ്യതയെപ്പറ്റിയും അതിന് നിയമത്തിലുള്ള പഴുതുകളെക്കുറിച്ചും സമൂഹം ജാഗരൂകരായി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ വിലയറിഞ്ഞു. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികം, കേന്ദ്രീകൃതമായ അധികാരത്തെ ഭയക്കണമെന്നും ജനാധികാരം ശക്തിപ്പെടണമെന്നുമുള്ള രാഷ്ട്രീയതത്ത്വമാണ് ഓര്‍മ്മിപ്പിക്കുന്നത്

രാഷ്ട്രീയ പശ്ചാത്തലം

1966 ജനുവരി 24-ന് അധികാരത്തില്‍വന്ന ഇന്ദിരാഗാന്ധിയുടെ ഭരണത്തെക്കുറിച്ച് പാര്‍ട്ടിയില്‍ കടുത്ത അഴിമതിയാരോപണങ്ങള്‍ ഉണ്ടായി. തുടര്‍ന്ന്, പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുത്തു. ഇതേത്തുടര്‍ന്ന്, അച്ചടക്കം ലംഘിച്ചുവെന്ന കാരണത്താല്‍ 1969 നവംബര്‍ 12-ന് പാര്‍ട്ടിയില്‍നിന്ന് ഇന്ദിരയെ പുറത്താക്കിയതായി എഐസിസി പ്രസിഡന്റ് നിജലിംഗപ്പ പ്രഖ്യാപിച്ചു. ഇതോടെ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് (ആര്‍) രൂപവത്കരിച്ചു. അഭ്യര്‍ഥനാവാദി (Requisitionist) എന്നതിന്റെ ചുരുക്കമായിരുന്നു ആര്‍. മറുപക്ഷം കോണ്‍ഗ്രസ് ഒയും (ഓര്‍ഗനൈസേഷന്‍) രൂപവത്കരിച്ചു.
 1970 ആയപ്പോഴേക്കും സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണ്‍, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ദിരാ സര്‍ക്കാരിനെതിരേ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിച്ചു. എന്നാല്‍, 1971-ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു. കോണ്‍ഗ്രസ് ആര്‍ 352 സീറ്റ് നേടി. ഒ വിഭാഗം 16-ലൊതുങ്ങി. പിന്നാലെ, സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായണ്‍, ഇന്ദിരയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് അഴിമതിക്കേസ് കൊടുത്തു. ഭരണസംവിധാനത്തെ ഇന്ദിര തന്റെ വിജയത്തിനായി ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
 അതിനിടെ, 1974-ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാതലത്തില്‍ റെയില്‍ പണിമുടക്ക് നടന്നു. മൂന്നാഴ്ചയോളം ഗതാഗതം താറുമാറായി. ആളിപ്പടര്‍ന്ന സമരങ്ങളെ ഭരണകൂടം അടിച്ചമര്‍ത്താനിറങ്ങി. ജയപ്രകാശ് നാരായണ്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.

അടിയന്തരാവസ്ഥയിലേക്ക്

രാജ് നാരായണ്‍ നല്‍കിയ ഹര്‍ജിയില്‍ 1975 ജൂണ്‍ 12-ന് അലഹാബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ അയോഗ്യത പ്രഖ്യാപിച്ചു. ഇതോടെ യുപിയിലെ റായ്ബറേലി മണ്ഡലത്തില്‍നിന്നുള്ള ഇന്ദിരയുടെ ലോക്സഭാംഗത്വം റദ്ദായി. ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയും വന്നു. ഇതിനെതിരേ ഇന്ദിര സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതിവിധി വന്ന് രണ്ടാഴ്ച തികയുംമുന്‍പേ, 1975 ജൂണ്‍ 25-ന് രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. ജൂണ്‍ 26-ന് ഇന്ദിരാഗാന്ധി ആകാശവാണിവഴി രാജ്യത്തെ വിവരം അറിയിച്ചു.
 സ്വതന്ത്രാനന്തര ഇന്ത്യയിലെ ഇരുണ്ടകാലം എന്നറിയപ്പട്ട ഈ കാലയളവില്‍ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. മൊറാര്‍ജി ദേശായി, രാജ് നാരായണ്‍, വാജ്പേയി, ജോര്‍ജ് ഫെര്‍ണാണ്ടസ് അടക്കമുള്ള ദേശീയനേതാക്കളെ കരുതല്‍തടങ്കലിലാക്കി. മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെടുമെന്ന ഭരണഘടനാവ്യവസ്ഥയുടെ പിന്‍ബലത്തില്‍ അന്യായത്തടങ്കലില്‍പ്പെട്ടവരുടെ മോചനം സാധ്യമാക്കുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ മരവിപ്പിക്കപ്പെട്ടു. നീതിപീഠങ്ങള്‍ സമ്മര്‍ദത്തിലായി. ഭരണകൂടവിമര്‍ശനങ്ങള്‍ നിശ്ശബ്ദമാക്കപ്പെട്ടു. ഈ കാലയളവില്‍ സഞ്ജയ് ഗാന്ധിയുടെ മേല്‍നോട്ടത്തില്‍ നടന്ന വന്ധ്യംകരണ പരിപാടികളില്‍ ദരിദ്രരായവരെ നിര്‍ബന്ധിതമായി എത്തിച്ചുവെന്നും ആരോപണമുണ്ടായി. കേരളത്തിലും അടിയന്തരാവസ്ഥയുടെ അലയൊലികളുണ്ടായി കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും തടവിലായി. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ഭരണം പങ്കിട്ടു.

ഭരണഘടനാ ഭേദഗതികള്‍

അടിയന്തരാവസ്ഥയില്‍ നടത്തിയ വിവാദമായ ആദ്യഭേദഗതി നിലവില്‍വന്നത് 1975 ഓഗസ്റ്റ് 10-നാണ്. ആര്‍ട്ടിക്കിള്‍ 329എ പ്രകാരം പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് കോടതിയില്‍ ചോദ്യംചെയ്യാന്‍ കഴിയില്ലെന്ന വ്യവസ്ഥ നിലവില്‍വന്നു. ഇത് ഇന്ദിരാഗന്ധിയുടെ തിരഞ്ഞെടുപ്പ് ചോദ്യംചെയ്യാതിരിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ആരോപണമുയര്‍ന്നു. പിന്നീട് സുപ്രീംകോടതി, ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തി ഈ ഭേദഗതി റദ്ദാക്കി.

1976-ല്‍ ഒട്ടേറെ നിയമപ്പോരാട്ടങ്ങള്‍ക്ക് വഴിവെച്ച 42-ാം ഭരണഘടനാ ഭേദഗതി ഉണ്ടായത്. ഇവയില്‍ പുരോഗമനപരമായവയും ജനാധിപത്യത്തെ ധ്വംസിക്കുന്നവയും ഉണ്ടായിരുന്നു.
ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്ന് ചേര്‍ത്തതാണ് പ്രധാന മാറ്റം. അതില്‍ത്തന്നെ രാജ്യത്തിന്റെ ഐക്യം എന്നതിനുപകരം ഐക്യവും അഖണ്ഡതയും എന്ന് മാറ്റി. പാര്‍ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി അഞ്ചില്‍നിന്ന് ആറുവര്‍ഷമാക്കിയതാണ് മറ്റൊന്ന് (പിന്നീട് 44-ാം ഭേദഗതിയില്‍ ഇത് അഞ്ചുവര്‍ഷംതന്നെയാക്കി).

സംസ്ഥാനങ്ങളിലെ രാഷ്ട്രപതിഭരണത്തിന്റെ ഒറ്റ പ്രഖ്യാപനത്തിലെ കാലാവധി ആറുമാസത്തില്‍നിന്ന് ഒരുവര്‍ഷമാക്കി (44ാം ഭേദഗതി ഇത് പൂര്‍വസ്ഥിതിയിലാക്കി) സംസ്ഥാനങ്ങളിലെ ക്രമസമാധാനപാലനത്തിന് കേന്ദ്രസേനയെ വിന്യസിക്കാമെന്ന വ്യവസ്ഥയും നിലവില്‍വന്നു. നിര്‍ദേശകതത്ത്വങ്ങളിലും മൗലികകടമകളിലും ഭേദഗതിയുണ്ടായി. 

1977 മാര്‍ച്ച് 23-ന് അടിയന്തരാവസ്ഥ പിന്‍വലിച്ച് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ തീരുമാനത്തിന് ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നുവെന്ന് ഇന്നും വ്യക്തമല്ല.
ദേശീയ അടിയന്തരാവസ്ഥ മൂന്നുതവണ,രാഷ്ട്രീയ കാരണത്താല്‍ 75-ല്‍ ഇന്ത്യന്‍ ഭരണഘടനയിലെ XVIII-mw ഭാഗത്ത് അനുച്ഛേദം 352 മുതല്‍ 360 വരെയുള്ള ഭാഗത്താണ് മൂന്ന് അടിയന്തരാവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ദേശീയ അടിയന്തരാവസ്ഥ, സംസ്ഥാന അടിയന്തരാവസ്ഥ, സാമ്പത്തിക അടിയന്തരാവസ്ഥ. യുദ്ധം, വൈദേശികാക്രമണം, സായുധകലാപം എന്നീ മൂന്ന് സാഹചര്യങ്ങളിലാണ് ദേശീയ അടിയന്തരാവസ്ഥ (Art. 352) പ്രഖ്യാപിക്കുക. 1977 വരെ 'ആഭ്യന്തര അസ്വസ്ഥത' എന്ന കാരണത്താലും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമായിരുന്നു. എന്നാല്‍, ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ അടിയന്തരാവസ്ഥയെത്തുടര്‍ന്ന് 1978-ല്‍ മൊറാര്‍ജി ദേശായിയുടെ ജനതാ സര്‍ക്കാര്‍ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇത് 'സായുധകലാപം' എന്നാക്കി. സംസ്ഥാനങ്ങളില്‍ ഭരണഘടനാസംവിധാനം തകരാറിലാകുമ്പോഴാണ് സംസ്ഥാന അടിയന്തരാവസ്ഥ (Art 356) അഥവാ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ഇതുവരെ പ്രഖ്യാപിക്കാത്തതാണ് സാമ്പത്തിക അടിയന്തരാവസ്ഥ (Art 360). രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ അപകടത്തിലാകുമ്പോള്‍ പ്രഖ്യാപിക്കാനാണ് ഈ വ്യവസ്ഥ.

ദേശീയ അടിയന്തരാവസ്ഥ മൂന്നുതവണയാണ് പ്രഖ്യാപിച്ചത്. 1962-68 കാലത്താണ് ആദ്യ പ്രഖ്യാപനം. ഇന്ത്യ-ചൈന യുദ്ധമായിരുന്നു പശ്ചാത്തലം. വൈദേശികാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സുരക്ഷ അപകടത്തിലാണ് എന്നതായിരുന്നു കാരണം. 1971-ല്‍ ഇന്ത്യ-പാക് യുദ്ധസമയത്തായിരുന്നു രണ്ടാമത്തെത്. ആദ്യ പ്രഖ്യാപനത്തിന് സമാനമായ കാരണമാണ് ഇതിനും പറഞ്ഞത്. മൂന്നാമത്തേതും ഒട്ടേറെ നിയമപോരാട്ടങ്ങള്‍ക്ക് വഴിവെച്ചതുമായ പ്രഖ്യാപനമുണ്ടായത് 1975-77 വരെയുള്ള കാലത്താണ്. 21 മാസം നീണ്ടുനിന്നു.

Content Highlights: Remembering the Emergency