‘ചെറുപ്പത്തിന്റെ ഇന്ത്യ’; കെെവിടരുത് ഈ ജാക്പോട്ട്

എല്ലാവർഷവും ജൂലായ് 11 ലോക ജനസംഖ്യാദിനമായി കടന്നുപോകുമ്പോൾ, അതൊരു വെറും കലണ്ടർതീയതിയായി കാണാനാകില്ല. വർധിച്ചുവരുന്ന ആഗോള ജനസംഖ്യയെയും അതിന്റെ മാറ്റങ്ങളെയുംകുറിച്ച് ഓർമ്മിപ്പിക്കുന്ന ഈ ദിവസം, വർത്തമാനകാലയാഥാർഥ്യങ്ങളെ വിലയിരുത്താനും ഏതുതരം ഭാവിയാണ് നാം പണിതുയർത്തുന്നതെന്ന് ആത്മപരിശോധന നടത്താനുമുള്ള സുപ്രധാനസന്ദർഭമാണ്. ഇത്തവണ ഐക്യരാഷ്ട്രസഭ മുന്നോട്ടുവെക്കുന്ന പ്രമേയം നമ്മുടെ സാമൂഹികസാഹചര്യങ്ങളോട് ഏറെ അടുത്തുനിൽക്കുന്ന ഒന്നാണ്: 'യുവജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും യാഥാർഥ്യമാക്കുക, ഇന്നും നാളെയും.'
ഈ പ്രമേയത്തിനുപിന്നിൽ ലോകത്തെ ഞെട്ടിച്ച ഒരു വലിയ പഠനമുണ്ട്. 73 രാജ്യങ്ങളിലെ, 18 മുതൽ 39 വയസ്സുവരെയുള്ള ഒരു ലക്ഷത്തിലധികം ചെറുപ്പക്കാരോട് ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഏജൻസി (യു.എൻ.എഫ്.പി.എ.) ലളിതമായൊരു ചോദ്യം ചോദിച്ചു: ''ജീവിതത്തിൽ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നത് എന്താണ്?'' മറുപടികൾ വലിയ ആകാശക്കപ്പലുകളോ ആഡംബരക്കൊട്ടാരങ്ങളോ വേണമെന്നായിരുന്നില്ല. മറിച്ച്, വളരെ സാധാരണമായ ചില ആഗ്രഹങ്ങളായിരുന്നു. നല്ല വരുമാനം, കൂട്ടിനൊരു ജീവിതപങ്കാളി, സ്വന്തമായി ഒരു കൊച്ചുവീട്, സമാധാനമുള്ളൊരു കുടുംബം. എന്നാൽ, കേൾക്കുമ്പോൾ വളരെ ചെറുതെന്നുതോന്നുന്ന ഈ സ്വപ്നങ്ങൾപോലും തങ്ങൾക്ക് ഒരിക്കലും കൈപ്പിടിയിലൊതുക്കാൻ കഴിയില്ലെന്നാണ് ഇന്ന് ഭൂരിഭാഗം ചെറുപ്പക്കാരും വിശ്വസിക്കുന്നത്.
ആഗോളതലത്തിൽ യുവതലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രകടമായ സാമൂഹിക -സാമ്പത്തിക പ്രതിസന്ധികളിലൊന്ന് ഇതാണ്.
ആശങ്ക മാറുന്നു, പ്രതിസന്ധി പുതിയതാകുന്നു
കഴിഞ്ഞനൂറ്റാണ്ടിലുടനീളം ലോകത്തെ ഭയപ്പെടുത്തിയത് 'ജനസംഖ്യാസ്ഫോടനം, ആയിരുന്നു; ആളുകൾ പെരുകുന്നു എന്നതായിരുന്നു ആശങ്ക. എന്നാൽ ഇന്നു കഥ മാറി. ചെറുപ്പക്കാർക്ക് കുടുംബം കെട്ടിപ്പടുക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, അതിനുള്ള സാമ്പത്തികകെൽപ്പ് ഇല്ലാത്തതാണു പ്രശ്നം. കുട്ടികളെ വളർത്താനുള്ള അമിതച്ചെലവ്, ഇന്നത്തെ ജോലി നാളെയുണ്ടാകുമോ എന്ന ഭയം, വർധിച്ചുവരുന്ന വീട്ടുവാടകയും വിലയും... ഇതെല്ലാംകാരണം വിവാഹങ്ങൾ നീണ്ടുപോകുന്നു, കുട്ടികളുണ്ടാകുന്നത് ഒഴിവാക്കുന്നു.
നഗരങ്ങൾ കൂടുതൽ ഏകാന്തമാവുകയും കുടുംബങ്ങൾ ചുരുങ്ങുകയുംചെയ്യുന്ന ഒരു പുതിയ ലോകക്രമമാണ് നമുക്ക് ചുറ്റും രൂപപ്പെടുന്നത്. നിലവിലുള്ള ജീവിതസാഹചര്യങ്ങളെങ്കിലും നിലനിർത്താൻവേണ്ടി ഒരു തലമുറ മുഴുവൻ കഠിനമായി പ്രയത്നിക്കേണ്ടിവരുന്ന അവസ്ഥയാണിത്.
ഇന്ത്യയുടെ കൈയിലെ ജാക്‌പോട്ട്
ഈ ജനസംഖ്യാവ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ഏറ്റവുംകൂടുതൽ ബാധിക്കുക ഇന്ത്യയുടെ വികസനസാധ്യതകളെയായിരിക്കും. നമ്മൾ ഇന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ്; അതോടൊപ്പംതന്നെ ജനസംഖ്യാഘടനയിൽ ഏറ്റവുംകൂടുതൽ ചെറുപ്പക്കാരുള്ള രാജ്യം എന്ന സവിശേഷതയും ഇന്ത്യക്കുണ്ട്. ചൈനയുടെ ശരാശരിപ്രായം മുപ്പത്തിയൊൻപതും ജപ്പാന്റേത് അമ്പതും ആയിരിക്കുമ്പോൾ ഇന്ത്യക്കാരന്റെ ശരാശരി പ്രായം വെറും 28 മാത്രമാണ്. രാജ്യത്തെ മൂന്നിൽരണ്ട് ജനങ്ങളും അധ്വാനിക്കാൻശേഷിയുള്ള പ്രായപരിധിയിൽ ഉള്ളവരാണെന്നതിനെ സാമ്പത്തികശാസ്ത്രത്തിൽ 'ജനസംഖ്യാപരമായ നേട്ടം' (Demographic Dividend) എന്നു വിളിക്കുന്നു. ഉത്പാദനഘടകങ്ങളുടെ ആധിക്യത്തെക്കുറിച്ചുള്ള സാമ്പത്തികശാസ്ത്രസിദ്ധാന്തങ്ങൾ വ്യക്തമാക്കുന്ന ഒരു അടിസ്ഥാനതത്ത്വമുണ്ട് -ഒരു രാജ്യത്തിന്റെ യഥാർഥ വികസനസാധ്യത അവിടത്തെ മണ്ണോ പ്രകൃതിവിഭവങ്ങളോ മാത്രമല്ല, മറിച്ച് സമൃദ്ധമായി ലഭ്യമായ അധ്വാനശേഷിയുടെ കരുത്തും അതിന്റെ കാര്യക്ഷമതയുമാണ്. ഇന്ത്യയുടെ ഈ യൗവനത്തിന്റെ വാതിൽ 2050-കൾവരെ തുറന്നുകിടക്കും. വികസനത്തിന്റെ പാതയിൽ ചരിത്രം നമുക്കുമുൻപിൽ തുറന്നുതന്നിരിക്കുന്ന ഏറ്റവുംവലിയ സുവർണാവസരമാണിത്.
പാഴാകുന്ന യുവശക്തി
ഇന്ത്യയിൽ ചെറുപ്പക്കാരുണ്ടോ എന്നതല്ല ചോദ്യം, അവരുടെ കഴിവ് നമ്മൾ ശരിയായി പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നതാണ്. ഇവിടെയാണ് കാര്യങ്ങൾ കൈവിട്ടുപോകുന്നത്. നമ്മുടെ തൊഴിലാളികളിൽ പത്തിൽ ഒൻപതു പേരും സുരക്ഷിതത്വമില്ലാത്ത അസംഘടിതമേഖലയിലാണ് ജോലിചെയ്യുന്നത്. കൃത്യമായ വരുമാനവും കരിയർവളർച്ചയുമുള്ള ഒരു സ്ഥിരജോലി ലഭിക്കുന്നത് പത്തിൽ ഒരാൾക്കുമാത്രമാണ്. രാജ്യത്തെ തൊഴിലില്ലാത്തവരിൽ പത്തിൽ എട്ടുപേരും ചെറുപ്പക്കാരാണെന്ന് അന്താരാഷ്ട്ര തൊഴിൽസംഘടന ചൂണ്ടിക്കാണിക്കുന്നു.
ഇനി ജോലിചെയ്യുന്നവരുടെ കാര്യം എടുത്താലോ? ലക്ഷക്കണക്കിനു ചെറുപ്പക്കാർ തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയല്ല ചെയ്യുന്നത്. ബിരുദധാരികൾ പാഴ്സൽ ഡെലിവറി നടത്തുന്നു, എൻജിനിയർമാർ ഡേറ്റ എൻട്രി ജോലി ചെയ്യുന്നു. ഇത് അവരുടെ ദൈനംദിന ജീവിതച്ചെലവുകൾക്ക് ഉപകരിക്കുമെങ്കിലും രാജ്യത്തിന്റെ വികസനത്തിനോ അവരുടെ കഴിവിനോ ഒരു സംഭാവനയും നൽകുന്നില്ല.
കാൽക്കീഴിലെ മണ്ണുമാറ്റുന്ന എ.ഐ.
ഇതിനിടയിലാണ് നമ്മുടെ കാൽക്കീഴിലെ മണ്ണു ചോർത്തുന്നമട്ടിൽ നിർമിതബുദ്ധി (എ.ഐ.) വളരുന്നത്. ചിന്തിക്കാൻശേഷിയുള്ള യന്ത്രങ്ങൾ മനുഷ്യന്റെ ജോലികൾ ഒന്നൊന്നായി ഏറ്റെടുക്കുകയാണ്. 2030-ഓടെ ആഗോള എ.ഐ. വിപണി 800 ബില്യൺ ഡോളർ കടക്കുമെന്നാണ് കണക്കുകൾ. ഇത് തൊഴിൽരംഗത്തെ സമവാക്യങ്ങളെയാകെ മാറ്റിമറിക്കും. മുൻപ് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ദാരിദ്ര്യത്തിൽനിന്നു രക്ഷപ്പെട്ടത് കുറഞ്ഞ ചെലവിൽ ലഭ്യമായിരുന്ന മനുഷ്യാധ്വാനവും വൻതോതിലുള്ള നിർമാണഫാക്ടറികളുംവഴിയായിരുന്നു. എന്നാൽ, ഇന്ന് ഇന്ത്യ ആ വഴിയേ മുന്നേറാൻശ്രമിക്കുമ്പോൾ ആ സാധ്യതകൾതന്നെ ഇല്ലാതാവുകയാണ്. കാരണം, യന്ത്രവത്കരണം ശക്തമാകുന്നതോടെ കുറഞ്ഞ ചെലവിലുള്ള മനുഷ്യാധ്വാനത്തിന്റെ മൂല്യം ഓരോ വർഷവും ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ, ഒരു വികസ്വരരാജ്യത്തിന് ഇനി പഴയ വികസനമാതൃകകൾ അതേപടി പകർത്തി മുന്നോട്ടുപോകാനാകില്ല. യന്ത്രങ്ങൾക്കുപകരമാകാത്ത, സർഗാത്മകതയും ഉയർന്ന സാങ്കേതിക നൈപുണ്യവുമുള്ള ജോലികൾ ചെയ്യാൻ നമ്മുടെ ചെറുപ്പക്കാരെ പ്രാപ്തരാക്കുകമാത്രമാണ് ഇനി മുന്നിലുള്ള ഒരേയൊരു വഴി.
എന്നാൽ, നമ്മുടെ വലിയൊരു വിഭാഗം ചെറുപ്പക്കാർ ഇന്ന് 'ഗിഗ് ഇക്കോണമി' (Gig economy) എന്നുവിളിക്കുന്ന താത്കാലിക ജോലികളിലേക്ക് (ഫുഡ് ഡെലിവറി, ടാക്സി സർവീസ് തുടങ്ങിയവ) ചുരുങ്ങുകയാണ്. തത്കാലം അല്പം വരുമാനം ലഭിക്കുമെന്നതിനപ്പുറം സുരക്ഷിതമായ ഭാവിയോ കരിയർവളർച്ചയോ ഇത്തരം ജോലികൾ നൽകുന്നില്ല. പൊതുപണം ചെലവഴിച്ച് നമ്മൾ വർഷങ്ങളോളം പഠിപ്പിച്ചെടുത്ത മിടുക്കന്മാർ വെറും ഡെലിവറി ബോയ്മാരായി ഒതുങ്ങുമ്പോൾ നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ ബുദ്ധിശക്തിയും മനുഷ്യവിഭവവുമാണ്. ഇതിനുപുറമേയാണ്, ദിവസം മൂന്നും നാലും മണിക്കൂർ സോഷ്യൽ മീഡിയയിൽ 'ലൈക്കു'കൾക്കും റീൽസുകളിൽനിന്നുള്ള തുച്ഛമായ വരുമാനത്തിനും പിന്നാലെ പായുന്ന പുതിയ കാലത്തെ ശീലം. ആഗോളതലത്തിൽ വലിയ കുതിച്ചുചാട്ടം നടത്താൻ ശേഷിയുള്ള ഒരു ജനതയാണ് ഈ രീതിയിൽ ഉത്പാദനക്ഷമമല്ലാത്ത കാര്യങ്ങളിലേക്കു വഴിമാറിപ്പോകുന്നത്. ഇങ്ങനെ ആഗോളവികസനത്തിന്റെ ഏറ്റവുംതാഴത്തെ പടിയിൽ ഒതുങ്ങിപ്പോകാൻ തയ്യാറാകുന്നതിലൂടെ ഈ തലമുറ സ്വന്തം സമ്പത്ത് മാത്രമല്ല നഷ്ടപ്പെടുത്തുന്നത്; കാലം അവർക്ക് നൽകിയ ഏറ്റവുംവലിയ സുവർണാവസരമാണ് കൈവിടുന്നത്. ശരിയായ തൊഴിലവസരങ്ങൾ ലഭിക്കാതെവരുമ്പോൾ ചെറുപ്പക്കാരിൽ വളരുന്ന നിരാശയും അസ്വസ്ഥതകളും ഒടുവിൽ ബാധിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യപരമായ അടിത്തറയെത്തന്നെയായിരിക്കും.
(മഹാത്മാഗാന്ധി സർവകലാശാലയിലെ ഡിവലപ്‌മെന്റ് സ്റ്റഡീസ് വിഭാഗം അധ്യാപകനും സെന്റർ ഫോർ ടെക്‌നോളജി ആൻഡ് ഹ്യൂമൻ ഡിവലപ്‌മെന്റ് സ്റ്റഡീസിന്റെ ഡയറക്ടറുമാണ് ലേഖകൻ)
Content Highlights: India holds a demographic dividend with a median age of 28., Economic instability and rising costs are delaying family planning for youth., The transition from formal jobs to the gig economy threatens long-term career growth., AI and automation are devaluing low-skilled manual labor., Urgent need to pivot toward high-skill, creative education to secure India's future.