ചട്ടമ്പിസ്വാമികള്‍: സമഭാവനയുടെ ദാര്‍ശനികന്‍

#ഡോ. കെ.എസ്. രവികുമാര്‍
ചട്ടമ്പി സ്വാമികൾ (വര-ബി.എസ്. പ്രദീപ് കുമാർ)
ചട്ടമ്പി സ്വാമികൾ (വര-ബി.എസ്. പ്രദീപ് കുമാർ)

വിജ്ഞാനവും അന്തര്‍ജ്ഞാനവുംകൂടി ജ്വലിപ്പിച്ചെടുത്ത ദാര്‍ശനികതയുടെ പ്രസരം സമൂഹത്തിലേക്കു പകര്‍ന്ന ഋഷിശ്രേഷ്ഠനായിരുന്നു ചട്ടമ്പിസ്വാമികള്‍ (1853-1924). സന്ന്യാസി എന്ന നിലയില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം സ്ഥാപനവത്കരണത്തെ നിരാകരിക്കുന്നതായിരുന്നു. അദ്ദേഹം കാഷായവേഷം ധരിക്കുകയോ മഠങ്ങള്‍ സ്ഥാപിക്കുകയോ അനുഷ്ഠാനങ്ങള്‍ നടത്തുകയോ ചെയ്തില്ല. ആത്മീയതയെ അധികാരവ്യവസ്ഥയാക്കുന്ന വഴിയില്‍നിന്ന് അദ്ദേഹം മാറിനടന്നു.

ധൈഷണികവും ധ്യാനാത്മകവുമായിരുന്നു ചട്ടമ്പിസ്വാമികളുടെ ആത്മീയാന്വേഷണങ്ങളുടെ രീതി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ സംഘടനാരൂപങ്ങളെയോ സാമൂഹികകൂട്ടായ്മകളെയോ പ്രോത്സാഹിപ്പിച്ചതുമില്ല. പ്രകൃതിയോട് ബന്ധപ്പെട്ട ജീവകാരുണ്യപരമായ ആത്മീയതയും സമത്വബോധവുമായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ കാതല്‍.

അവധൂതന്‍

ചട്ടമ്പിസ്വാമികള്‍ അടിസ്ഥാനപരമായി അവധൂതനായിരുന്നു. സാധാരണക്കാരെപ്പോലെ വെള്ളവസ്ത്രം ധരിച്ചു. നിരന്തരം യാത്രചെയ്തു. തന്നോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരുടെ വീടുകളില്‍ ജാതിഭേദം നോക്കാതെ തങ്ങി. എത്തുന്ന സ്ഥലങ്ങളിലെ ഗ്രന്ഥപ്പുരകള്‍ പരിശോധിച്ച് അപൂര്‍വഗ്രന്ഥങ്ങള്‍ പഠിച്ചു. രോഗികള്‍ക്ക് ചുറ്റുപാടുമുള്ള സസ്യങ്ങളില്‍നിന്ന് ഔഷധമുണ്ടാക്കിക്കൊടുത്ത് സുഖപ്പെടുത്തി. ആത്മീയവിഷയങ്ങളില്‍ താത്പര്യമുള്ളവരുമായി സംവാദങ്ങള്‍ നടത്തി.

തത്ത്വചിന്ത, ചരിത്രം, സാമൂഹികവിമര്‍ശനം, ഭാഷാശാസ്ത്രം തുടങ്ങി ഒട്ടേറെ വൈജ്ഞാനികമേഖലകളില്‍ സ്വാമികള്‍ക്ക് അഗാധജ്ഞാനമുണ്ടായിരുന്നു. ചിത്രകലയിലും ശില്പവിദ്യയിലും സംഗീതത്തിലും വൈദഗ്ധ്യം പ്രകടിപ്പിച്ചു. ആഴമുള്ള ധൈഷണികജീവിതം നയിച്ചിരുന്ന അദ്ദേഹം വല്ലപ്പോഴുംമാത്രം തന്റെ ചിന്തകള്‍ രേഖപ്പെടുത്തി. എവിടെവെച്ചാണോ കുറിപ്പുകളും ലേഖനങ്ങളും എഴുതിയത് അതവിടെത്തന്നെ ഉപേക്ഷിച്ചിട്ട് യാത്രതുടര്‍ന്നു. അദ്ദേഹം പറയുകയും എഴുതുകയും ചെയ്തതിന്റെ വില മനസ്സിലാക്കി അവ സംരക്ഷിക്കാനും രേഖപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ അക്കാലത്ത് വളരെക്കുറച്ചേ ഉണ്ടായുള്ളൂ.

ജ്ഞാനസാധനയുടെ മൂര്‍ത്തരൂപമായി മാറിയ ചട്ടമ്പിസ്വാമികള്‍ ലൗകികജീവിതത്തിലെ ചെറിയ കാര്യങ്ങള്‍മുതല്‍ സൂക്ഷ്മമായ ദാര്‍ശനികവിഷയങ്ങള്‍വരെ അനായാസം കൈകാര്യംചെയ്തു. പിഞ്ചുകുട്ടികള്‍ക്കൊപ്പം കളിച്ചുല്ലസിച്ചിരുന്ന അദ്ദേഹം സ്വാമി വിവേകാനന്ദനെ വിസ്മയിപ്പിക്കുംവിധം ചിന്മുദ്രാരഹസ്യം വിശദീകരിച്ചുകൊടുക്കുകയുംചെയ്തു.

വേദം, പ്രകൃതി

ചട്ടമ്പിസ്വാമികളുടെ കൃതികളില്‍ പ്രധാനമാണ് വേദാധികാരനിരൂപണം, പ്രാചീനമലയാളം എന്നിവ. അവയിലൂടെ ജാതിസമ്പ്രദായത്തെയും വര്‍ണാശ്രമവ്യവസ്ഥയെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ബ്രാഹ്‌മണനുമാത്രമേ വേദപഠനത്തിന് അര്‍ഹതയുള്ളൂ എന്നും ശൂദ്രന്‍ വേദം കേള്‍ക്കാന്‍പോലും പാടില്ല എന്നുമാണ് ബ്രാഹ്‌മണമേധാവിത്വം വിധിച്ചിരുന്നത്. ഹിന്ദുമതത്തെ മനുഷ്യവിരുദ്ധതയുടെ മഹാനരകമാക്കി മാറ്റിയ ഇത്തരം നിലപാടുകളെ 'വേദാധികാരനിരൂപണ'ത്തില്‍ അതിശക്തമായി വിമര്‍ശിച്ചു. അതേക്കുറിച്ച് നടരാജഗുരു പറഞ്ഞു: ''അതിശയം. ഈ വാക്കുകള്‍ എഴുതിയിരിക്കുന്ന കടലാസിന് തീപിടിക്കാത്തതാണ് അദ്ഭുതം. തീപോലെ സത്യമായ വാക്കുകള്‍.'' ചട്ടമ്പിസ്വാമികളുടെ മറ്റു പ്രമുഖകൃതികള്‍ അദ്വൈതചിന്താപദ്ധതി, മോക്ഷപ്രദീപഖണ്ഡനം, ജീവകാരുണ്യനിരൂപണം തുടങ്ങിയവയാണ്.

ജീവകാരുണ്യം സ്വാമികളുടെ ജീവിതദര്‍ശനത്തിന്റെ പ്രാണസാരമായിരുന്നു. മറ്റു ജീവജാലങ്ങളില്‍നിന്നു വേറിട്ടുയര്‍ന്നുനില്‍ക്കുന്നവനായ മനുഷ്യനെ ജീവനുള്ളവയെയെല്ലാം ബന്ധിപ്പിക്കുന്ന വിശിഷ്ടസാഹോദര്യത്തിന്റെ ഒരു കണ്ണിയായാണ് അദ്ദേഹം കണ്ടത്. അതിനാല്‍ മനുഷ്യകേന്ദ്രിതമെന്നതിനെക്കാള്‍ പ്രകൃതികേന്ദ്രിതമായിത്തീര്‍ന്നു ചട്ടമ്പിസ്വാമികളുടെ ദര്‍ശനം.

എല്ലാറ്റിലും അടങ്ങിയിരിക്കുന്ന പരമചൈതന്യം ഒന്നുതന്നെ എന്നതാണ് അദ്വൈതചിന്ത. അദ്വൈതചിന്തയാണ്, എല്ലാ മനുഷ്യരെയും തുല്യരായി കാണുന്നതിനപ്പുറം മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളെയും സമഭാവനയോടെ കാണുന്നതിലേക്ക് സ്വാമികളെ നയിച്ചത്. ആ ദര്‍ശനമാണ് ജീവിതംകൊണ്ടും ചിന്തകൊണ്ടും വാക്കുകൊണ്ടും അദ്ദേഹം നമുക്കു പകര്‍ന്നുനല്‍കിയത്.

Content Highlights: chattampi swamikal birth anniversary