പാരന്റിങ് എന്നാൽ വിജയംമാത്രമാണ് ജീവിതമെന്ന് പഠിപ്പിക്കലല്ല, മോഹിച്ചതെല്ലാം നിവൃത്തിച്ചുകൊടുക്കലല്ല

പ്രതീകാത്മക ചിത്രം | Photo: Canva.com
പ്രതീകാത്മക ചിത്രം | Photo: Canva.com

വില്യം ഗോൾഡിങ്ങിന്റെ വിശ്വപ്രസിദ്ധമായ ‘ലോഡ് ഓഫ് ദ ഫ്ളൈസ്’ എന്ന നോവൽ നമ്മൾ നൂറ്റൊന്നാവൃത്തി വായിക്കേണ്ട സമയമാണിതെന്ന് തോന്നുന്നു. ഏതോ ലോകയുദ്ധപശ്ചാത്തലത്തിൽ അറുപതോളം കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് വിമാനത്തിൽ മാറ്റുന്നതാണ് കഥയുടെ കാതൽ. നിർഭാഗ്യവശാൽ വിമാനം തകരുന്നു. പൈലറ്റ് മരിക്കുന്നു. പിള്ളേർ വിജനമായ ദ്വീപിൽ ഒറ്റപ്പെടുന്നു. സുഖസുന്ദരമാണ് ദ്വീപുസമൂഹമെങ്കിലും കളിച്ചുരസിച്ച് കഴിയുകയല്ല വീരന്മാർ ചെയ്യുന്നത്. പകരം അവർ ചേരിതിരിഞ്ഞ് പോരാടുന്നു. പലർക്കും പരിക്കേൽക്കുന്നു. ഒരു കുട്ടി മരിച്ചുപോകുന്നു.

ഇരുണ്ട മനുഷ്യപ്രകൃതത്തെ വെളിപ്പെടുത്തുന്ന ഈ നോവൽ, സാംസ്കാരികാനുശീലനമില്ലെങ്കിൽ ‘ദൈവപ്രതിരൂപങ്ങൾ’പോലും ചെകുത്താൻ കുഞ്ഞുങ്ങളായി പരിണമിക്കുമെന്നാണ് ധ്വനിപ്പിക്കുന്നത്. അങ്ങനെയൊരു പരിണാമം ആഗോളതലത്തിൽത്തന്നെ നടക്കുന്നുണ്ട്. അമേരിക്കയിലുംമറ്റും 16 വയസ്സുകാരൻ തോക്കെടുത്ത് പതിനെട്ട് സഹപാഠികളെ വെടിവെച്ചുകൊന്നു എന്ന് കേൾക്കാറില്ലേ? മാതാപിതാക്കളെ തല്ലുന്ന മക്കളിലൂടെയും ക്ലാസ്‌മേറ്റിനെ കക്കൂസ് വെള്ളം കുടിപ്പിക്കുന്ന കൗമാരക്കാരിലൂടെയും പ്രിൻസിപ്പലിനെ കൊല്ലുമെന്ന് കയർക്കുന്ന കുട്ടിയിലൂടെയും നമ്മളും അമേരിക്കൻ നിലവാരത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കയാണ്. ഈ അവസ്ഥാവിശേഷത്തിൽ പാരന്റിങ്ങിൽ മാതാപിതാക്കളും ടീച്ചിങ്ങിൽ അധ്യാപകരും അവരുടെ സമീപനം അടിമുടി മാറ്റിപ്പണിയേണ്ടിവരും. അല്ലെങ്കിൽ വില്യം ഗോൾഡിങ്ങിന്റെ നോവൽസ്ഥലി കേരളത്തിലും പ്രത്യക്ഷപ്പെടും. 

ഇന്ന് കേരളത്തിൽ പൊതുവേ പാരന്റിങ്‌ എന്നുപറഞ്ഞാൽ കടംമേടിച്ചിട്ടാണെങ്കിലും മോഹിച്ചതെല്ലാം മക്കൾക്ക് നിവൃത്തിച്ചുകൊടുക്കലാണ്, അവരുടെ തോന്ന്യാസങ്ങൾക്ക് ചൂട്ടുപിടിക്കലാണ്, കഴുത്തറപ്പൻ മത്സരത്തിന് പിള്ളേരെ പ്രേരിപ്പിക്കലാണ്, വിജയംമാത്രമാണ് ജീവിതമെന്ന് പഠിപ്പിക്കലാണ്, വിദ്യാലയത്തിൽ പ്രശ്നങ്ങളുണ്ടായാൽ മക്കളെ പിൻതുണച്ച് അധ്യാപകരുടെ മേക്കട്ട് കയറലുമാണ്. അല്ലെങ്കിൽ, നേരേ തിരിച്ച് മക്കളിലേക്ക് തിരിഞ്ഞുനോക്കാതെ രക്ഷിതാക്കൾ സുഖംതേടിപ്പോകലാണ്... 

 ഇന്നത്തെ ടീച്ചിങ്ങാകട്ടെ, ചുമ്മാ ഫെസിലിറ്റേറ്റർ, അതായത് വിദ്യാർഥിക്കും വിജ്ഞാനത്തിനുമിടയിലെ ഒത്താശക്കാർമാത്രമായി അധ്യാപകർ ചുരുങ്ങിപ്പോകലാണ്‌, മൂല്യാധിഷ്ഠിത അധ്യാപനത്തെ (വാല്യു ബേസ്ഡ് എജ്യുക്കേഷൻ) അഗണ്യകോടിയിൽ തള്ളലാണ്. ടീച്ചിങ്‌ രംഗത്ത്‌ അധ്യാപകർ പാലിക്കേണ്ട സുവർണതത്ത്വം വാല്യു ബേസ്‌ഡ്‌ എജ്യുക്കേഷന്റേതാണ്‌. സിലബസ്‌ പാഠങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം കാരുണ്യവും സഹതാപവും പരക്ലേശവിവേകവും വിദ്യാർഥികളിൽ അങ്കുരിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യണം. നന്മനിറഞ്ഞ വ്യക്തിത്വത്തിന്റെ മാതൃകകളാകാൻ അധ്യാപകർ പരമാവധി പരിശ്രമിക്കുകയും വേണം. അതിനായി രക്ഷിതാക്കളും സമൂഹവും ചെയ്യേണ്ടത്‌, വിദ്യാർഥികൾക്കുമുന്നിൽ അധ്യാപകരെ ഒരിക്കലും തള്ളിപ്പറയാതിരിക്കലാണ്‌, അവഹേളിക്കാതിരിക്കലാണ്‌. മതിപ്പും ആദരവും ഉത്‌പാദിപ്പിക്കാത്ത അധ്യാപകർ പകരുന്ന വിദ്യ വിദ്യാർഥികൾക്ക്‌ ഒരിക്കലും ഉപകരിക്കില്ലെന്ന്‌ അറിയുക.

തിരിച്ചറിയേണ്ട കാര്യങ്ങൾ
‘ലോഡ് ഓഫ് ദ ഫ്ളൈസി’ലെ വിധി നമ്മുടെ കുട്ടികൾക്ക് വരാതിരിക്കാനായി പാരന്റിങ്‌ രംഗത്ത് മാതാപിതാക്കളും ടീച്ചിങ്‌ രംഗത്ത് അധ്യാപകരും പിൻതുടരേണ്ട മാർഗങ്ങൾ പരിശോധിക്കാം. 

സ്നേഹം, കാരുണ്യം, അപരപരിഗണന, ദയ തുടങ്ങിയ മനുഷ്യഗുണങ്ങളുള്ള വ്യക്തികളായി മക്കളെ വളർത്തലാണ് യഥാർഥ പാരന്റിങ്ങെന്ന് മാതാപിതാക്കൾ തിരിച്ചറിയലാണ് ഒന്നാമത്തെ കാര്യം. 

ഫ്രോണ്ടിയേഴ്‌സ് ഇൻ സൈക്കോളജി, എൻ.ഐ.എച്ച്., സി.ഇ.ഡി.എ.ആർ., മൊണാഷ് യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങൾ നടത്തിയ പാരന്റിങ്‌ ഗവേഷണത്തിൽനിന്ന് ഉരുത്തിരിഞ്ഞ ചില പാഠങ്ങളും അതിന്റെ അടിസ്ഥാനവും കൊടുക്കുന്നു. അമിത സംരക്ഷണവും അമിത ലാളനയും ഒഴിവാക്കുക: എല്ലാകാര്യത്തിനും താങ്ങിക്കൊടുക്കുന്നത് കുട്ടികളെ പരാശ്രയജീവികളാക്കിമാറ്റും. ലോകം മുഴവൻ തങ്ങളെ സേവിക്കാനുള്ളതാണെന്ന തെറ്റിദ്ധാരണയും അവരിൽ വളർത്തും. ഇങ്ങനെയുള്ള കുട്ടികളാണ് തൊട്ടാവാടികളും സ്വാർഥികളും വെല്ലുവിളികൾ നേരിടാൻ പ്രാപ്തിയില്ലാത്തവരുമായി ആത്മഹത്യചെയ്യുന്നത്. 
ശരിയും തെറ്റും നിർണയിച്ചുകൊടുത്ത് കുട്ടികളെ ഉത്തരവാദിത്വബോധമുള്ളവരാക്കുക: സ്വന്തം മക്കൾ ചെയ്യുന്നതെല്ലാം ശരിയെന്ന നിലപാട് ഒരിക്കലും സ്വീകരിക്കരുത്. കുടുംബവും സഹജീവികളും സമൂഹവും കുട്ടികളിൽനിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ എപ്പോഴും അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. സ്നേഹം എന്ന വാക്കിന്റെ പര്യായം കാപട്യമെന്നല്ല, ഉത്തരവാദിത്വമമെന്നാണെന്ന് പ്രത്യേകം പറഞ്ഞുകൊടുക്കണം. 

ഇമോഷണൽ ഇന്റലിജൻസ് വളർത്തുക, സഹജീവികളെ അഭിനന്ദിക്കാനും അവരോട് നന്ദിപ്രകാശിപ്പിക്കാനും പഠിപ്പിക്കുക: മരംപോലെ പെരുമാറാനും കൈക്കോട്ടിന്റെ ജീവനോടെ പ്രവർത്തിക്കാനും കുട്ടികളെ സമ്മതിക്കരുത്. ഗൃഹസന്ദർശനത്തിനെത്തുന്ന ബന്ധക്കാരെയും സ്വന്തക്കാരെയും മൈൻഡ്ചെയ്യാതെ മൊബൈലിൽ മുഖംപൂഴ്ത്തിപ്പോകുന്ന കുട്ടികൾ ഭാവിയിൽ റോഡിലെ ‘ഹിറ്റ് ആൻഡ്‌ റൺ’ കുറ്റവാളികളായിമാറും. സ്വയം മാതൃകകളാകുക: ഇത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ വിഷമംപിടിച്ച  കാര്യമായിരിക്കും. എന്നാലും മക്കൾ കൊള്ളരുതാത്തവരും ക്രൂരരും  കൊലപാതകികളുമാകാതിരിക്കാൻ അവർക്കുമുന്നിൽ നമുക്ക് നല്ല മാതൃകകൾ കാഴ്ചവെക്കാം. 

ഉചിതമായ ശിക്ഷകൾ
അഗാധസ്നേഹമുള്ള രക്ഷിതാക്കളിൽനിന്ന്‌ ലഭിക്കുന്ന ശിക്ഷണങ്ങൾ നല്ലതുചെയ്താൽ ലഭിക്കുന്ന റിവാഡുകളെക്കാൾ മഹത്തരഫലങ്ങളാണ്‌ കുട്ടികളിൽ സൃഷ്ടിക്കുക എന്നതിന്റെ ദൃഷ്ടാന്തങ്ങൾ ചരിത്രത്തിലുണ്ട്‌. മാതാപിതാക്കളായ കരംചന്ദ്‌ ഗാന്ധിയും പുത്‌ലീഭായിയും നൽകിയ ഉചിതമായ ശിക്ഷകൾ തന്നിൽ വളർത്തിയ ആത്മസംയമനത്തെയും അച്ചടക്കബോധത്തെയുംകുറിച്ച്‌ മഹാത്മാഗാന്ധി അത്യന്തം നന്ദിയോടെ സ്മരിക്കുന്നുണ്ട്‌. തോമസ്‌ എഡിസന്റെ അമ്മ നാൻസി, അബ്രഹാം ലിങ്കന്റെ ചിറ്റമ്മ സാറാ ബുഷ്‌ ജോൺസൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ അച്ഛൻ ജോസിയ, ചാൾസ്‌ ഡിക്കൻസിന്റെ അപ്പൻ ജോൺ തുടങ്ങിയവർ ചൂരൽക്കഷായമടക്കം നിവേദിച്ചാണ്‌ മക്കളെ പ്രഗല്‌ഭരാക്കി കരുപ്പിടിപ്പിച്ചത്‌.

മാതാപിതാക്കൾ നൽകിയ ചോക്‌ലേറ്റുകളെക്കാൾ ചൂരൽക്കഷായങ്ങളെയാണ്‌ ഈ മഹത്തുക്കൾ അത്യാദരവോടെ ഓർക്കുന്നത്‌ എന്ന കാര്യം ചിന്തനീയമാണ്‌. പഞ്ചാരപ്പായസത്തിന്റെ നുണച്ചിലിൽ നിന്നല്ല, ശാരീരികവും മാനസികവുമായ വേദനയുടെ നീറ്റലിൽനിന്നാണ്‌ മനുഷ്യൻ മഹത്തായ സ്വയംസംസ്കരണത്തിന്റെ ഉത്തുംഗതയിലേക്ക്‌ പരിണമിക്കുന്നതെന്ന്‌ പഠനങ്ങൾ പറയുന്നുണ്ട്‌. അതുകൊണ്ട്‌ കടുത്ത തെറ്റുകൾക്ക്‌ കൊച്ചുശിക്ഷകളെല്ലാം നമുക്ക്‌ മക്കൾക്ക്‌ നൽകാമെന്നാണ്‌ എന്റെ അഭിപ്രായം. ഒരുകാര്യമുണ്ട്‌, ആ ശിക്ഷ നൽകുമ്പോൾ അതിന്റെ പൊള്ളൽ അവരെക്കാൾ നമുക്ക്‌ അനുഭവപ്പെടുന്ന തരത്തിൽ അന്തരാത്മാവിൽ സ്നേഹം തിളയ്ക്കണം. അത്‌ അവർ മനസ്സിലാക്കുകയുംചെയ്യും. അല്ലെങ്കിൽ പോലീസ്‌ സ്റ്റേഷന്റെ നമ്പർ പിള്ളേർക്ക്‌ പറഞ്ഞുകൊടുക്കുന്നതാണ്‌ നല്ലത്‌.

Content Highlights: Explore how parenting and teaching must evolve to prevent a similar societal collapse