ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രമാക്കും അല്ലെങ്കിൽ ആ ശ്രമത്തിൽ മരിക്കും‌| ക്വിറ്റിന്ത്യ ദിനം

#സുധാ മേനോൻ
.
.
മരിക്കും മുൻപ് ഒരിക്കൽക്കൂടി ഇന്ത്യൻ ജനതയിലും അഹിംസയിലുമുള്ള തന്റെ വിശ്വാസം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിലാണ് ഗാന്ധിജി 1942 ഓഗസ്റ്റ് എട്ടിന് ക്വിറ്റിന്ത്യാസമരം ആരംഭിച്ചത്

ന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ സുദീർഘമായ ചരിത്രത്തിൽ ചെറുതും വലുതുമായ ധാരാളം സമരങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരും പങ്കെടുത്ത ഒരൊറ്റ ജനകീയവിപ്ലവം മാത്രമേ ഉണ്ടായിട്ടുള്ളൂ. അതായിരുന്നു ക്വിറ്റ്ഇന്ത്യാസമരം. അതുകൊണ്ടാണ് നിസ്സഹകരണപ്രസ്ഥാനത്തിൽനിന്നും സിവിൽ നിയമലംഘനപ്രസ്ഥാനത്തിൽനിന്നും വിഭിന്നമായി ക്വിറ്റിന്ത്യാ സമരത്തെ 'ഓഗസ്റ്റ് വിപ്ലവം' എന്നുവിളിക്കുന്നത്.

നഗ്‌നമായ സാമ്രാജ്യത്വം

വാസ്തവത്തിൽ ബ്രിട്ടൻ ഫാസിസ്റ്റ് ശക്തികൾക്കെതിരേ മഹായുദ്ധം നടത്തുമ്പോൾ, ഇന്ത്യയിൽ അവർക്കെതിരേ അതിശക്തമായ ബഹുജനമുന്നേറ്റം നടത്തുന്നതിന്റെ നൈതികവും രാഷ്ട്രീയവുമായ ശരികേടുകളെക്കുറിച്ച് ഗാന്ധിജിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. പക്ഷേ, ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വിൻസ്റ്റൺ ചർച്ചിലിന്റെയും വൈസ്രോയി ലിൻലിത്‌ഗോ പ്രഭുവിന്റെയും സമീപനം അങ്ങേയറ്റം ശത്രുതാപരമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റ്, ഇന്ത്യയിൽ ഒരു താത്കാലിക ഗവൺമെന്റ് ഉണ്ടാക്കേണ്ടത് ജപ്പാൻ സൈന്യത്തെ തടയാനും യുദ്ധം ജയിക്കാനും അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തിയിട്ടും നിരുപാധികം ഡൊമിനിയൻ പദവി നൽകണമെന്ന ആവശ്യത്തോട് മുഖംതിരിക്കുകയാണ് അവർ ചെയ്തത്. ഇന്ത്യയിലുടനീളം ദൃശ്യമായിരുന്ന അതിശക്തമായ ബ്രിട്ടീഷ് വിരുദ്ധവികാരത്തെ തണുപ്പിക്കാൻ സർ സ്റ്റാഫോർഡ് ക്രിപ്‌സിനെ ഇന്ത്യയിലേക്ക് അയച്ചെങ്കിലും പ്രവിശ്യകൾക്ക് ഇഷ്ടമുള്ള നിലപാട് എടുക്കാനും ഇന്ത്യയിൽനിന്ന് കൊഴിഞ്ഞുപോകാനുമുള്ള അധികാരമുണ്ടാകുമെന്ന 'ക്രിപ്‌സ് മിഷ'ന്റെ ഉള്ളടക്കം ദേശീയനേതാക്കളെ ക്ഷുഭിതരാക്കി. ലോകമഹായുദ്ധത്തിന്റെ ഭീതിദമായ നിഴലുകൾ മ്യാൻമാറിലും അന്തമാൻ ദ്വീപുകളിലും എത്തിയിട്ടും ഇന്ത്യയുടെ വിഭജനവും ശിഥിലീകരണവുമായിരുന്നു ബ്രിട്ടന്റെ മുൻഗണനകൾ. ഇത് ഗാന്ധിജിയെ വേദനിപ്പിച്ചു. 'നഗ്‌നമായ സാമ്രാജ്യത്വം' എന്ന് അദ്ദേഹം ക്രിപ്‌സ് മിഷനെ വിശേഷിപ്പിച്ചത് ഈ സാഹചര്യത്തിലാണ്.

മിഠായി കാണിച്ചു വശത്താക്കാൻ പറ്റുന്ന കുഞ്ഞുങ്ങളല്ല ഇന്ത്യയിലെ മഹാജനം എന്ന് ചർച്ചിലിനെ ബോധ്യപ്പെടുത്താനും പലഭാഗത്തും അലയടിച്ചുയരുന്ന വർഗീയതയുടെ പ്രവാഹത്തിന് തടയണകെട്ടാനും മഹാത്മാവിന് ഒരു വിശാല ജനകീയസമരം അപ്പോൾ അനിവാര്യമായിരുന്നു. ഇന്ത്യ സ്വതന്ത്രയായിക്കാണാനാവാത്ത വേദനയോടെ ഈ ലോകം വിട്ടുപോയ പ്രിയസുഹൃത്ത് രബീന്ദ്രനാഥ ടാഗോറിന്റെ മരണവും അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. മരിക്കുംമുൻപ് ഒരിക്കൽക്കൂടി ഇന്ത്യൻ ജനതയിലും അഹിംസയിലുമുള്ള തന്റെ വിശ്വാസം ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിലാണ് ഗാന്ധിജി 1942 ഓഗസ്റ്റ് എട്ടിന് 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യത്തോടെ ക്വിറ്റിന്ത്യാ സമരം ആരംഭിച്ചത്.

തിരികെപ്പോകാനാകാത്തവിധം സങ്കീർണമായ ഒരു വഴിത്തിരിവിലാണ് ഇന്ത്യൻ ദേശീയപ്രസ്ഥാനം എത്തിയിരിക്കുന്നതെന്നും അപരിചിതമായ കൊടുങ്കാടുകളിലൂടെ പുതിയ കാട്ടുപാതകൾ സ്വയം വെട്ടിത്തെളിച്ച് മുന്നോട്ടുപോയാൽ മാത്രമേ സ്വരാജിന്റെ വിശാലമായ ജനാധിപത്യപാതയിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ എന്നുമുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഓഗസ്റ്റ് ഏഴിനു ചേർന്ന എ.ഐ.സി.സി., ബ്രിട്ടൻ എത്രയും പെട്ടെന്ന് 'ഇന്ത്യ വിടുക'എന്ന പ്രമേയം പാസാക്കിയത് ഈ സാഹചര്യത്തിലായിരുന്നു.

ദൈർഘ്യമേറിയ ആ പ്രസംഗം

കൃത്യം 82 വർഷങ്ങൾക്കു മുൻപ്-1942 ഓഗസ്റ്റ് എട്ടിന് -ബോംബെയിലെ ഗോവാലിയാ ടാങ്ക് മൈതാനത്ത് ഗാന്ധിജി നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും നീളമുള്ള പ്രസംഗമായിരുന്നു-140 മിനിറ്റ്. ''ഈ ഭൂമി ഹിംസയുടെ അഗ്‌നിജ്ജ്വാലകളാൽ ചുട്ടുപൊള്ളുകയും മോചനത്തിനായി നിലവിളിക്കുകയും ചെയ്യുമ്പോൾ, ദൈവംനൽകിയ കഴിവ് ഉപയോഗിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടാൽ, ദൈവം എന്നോടു ക്ഷമിക്കില്ല... ഞാൻ, നിങ്ങൾക്ക് ഒരു മന്ത്രം തരാം, ഒരു കുഞ്ഞുമന്ത്രം. അത് നിങ്ങളുടെ ഹൃദയത്തിൽ പതിക്കുകയും നിങ്ങളുടെ ഓരോ ശ്വാസവും അതിന് ഭാവം പകരുകയും ചെയ്യട്ടെ. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക'- അതാണ് ആ മന്ത്രം. ഒന്നുകിൽ നമ്മൾ ഇന്ത്യയെ സ്വതന്ത്രമാക്കും അല്ലെങ്കിൽ ആ ശ്രമത്തിൽ മരിക്കും''.

മരണംവരെ പോരാടാനുള്ള ഗാന്ധിജിയുടെ ആഹ്വാനത്തെ അക്രമസമരത്തിനും വിപ്ലവത്തിനുമുള്ള ശ്രമമായിട്ടാണ് ചർച്ചിലും വൈസ്രോയിയും വ്യാഖ്യാനിച്ചത്. അതുകൊണ്ടുതന്നെ ഓഗസ്റ്റ് ഒൻപത് പുലർന്നത് എല്ലാ നേതാക്കളുടെയും അറസ്റ്റോടെയായിരുന്നു. ക്വിറ്റിന്ത്യാ സമരം, കോൺഗ്രസിന്റെ പഴയ സമരങ്ങളിൽനിന്നു വ്യത്യസ്തമാണെന്നും ഗാന്ധിജി അഹിംസ ഉപേക്ഷിച്ച് തുറന്ന വിപ്ലവത്തിനാണ് ആഹ്വാനം ചെയ്തതെന്നും ചർച്ചിൽ ബ്രിട്ടീഷ് പാർലമെന്റിൽ പ്രസ്താവിച്ചു.

നേതാക്കളെ ജയിലിൽ അടച്ചാൽ സമരം നിലയ്ക്കുമെന്നായിരുന്നു ചർച്ചിൽ വിശ്വസിച്ചത്. പക്ഷേ, അനിയന്ത്രിതമായ സ്വാതന്ത്ര്യവാഞ്ഛയുടെ പുഴയൊഴുകാൻ തടങ്ങളോ പ്രതിഷേധത്തിന്റെ കാറ്റുവീശാൻ താഴ്വരയോ വേണമെന്നില്ല എന്ന് 'ക്വിറ്റിന്ത്യാ' പ്രക്ഷോഭത്തിലൂടെ ഇന്ത്യയിലെ സാധാരണമനുഷ്യർ അവർക്ക് ലളിതമായി മനസ്സിലാക്കിക്കൊടുത്തു.

പടർന്നുപിടിച്ച മഹാസമരം

അതിശക്തമായ മർദനഭരണമാണ് പിന്നീട് ഇന്ത്യ കണ്ടത്. കോൺഗ്രസിന്റെ വസ്തുവകകൾ എല്ലായിടത്തും കണ്ടുകെട്ടി. നാഷണൽ ഹെറാൾഡും ഹരിജനും അടച്ച് മുദ്രവെച്ചു. ജനങ്ങൾ തെരുവിലിറങ്ങി. രാജ്യത്തെ ജയിലുകൾ നിറഞ്ഞുകവിഞ്ഞു. ബിഹാറിലും യു.പി.യിലും മദ്രാസിലും ഒഡിഷയിലും മഹാരാഷ്ട്രയിലുമൊക്കെ സമരം അതിതീവ്രമായിരുന്നു. സത്താറയിലും മിഡ്പുരിലും ഖണ്ഡേശിലും ബ്രിട്ടീഷ് ഭരണം പൂർണമായി സ്തംഭിക്കുകയും സമാന്തരസർക്കാരുകൾ നിലവിൽവരുകയും ചെയ്തു. മുൻകാലസമരങ്ങളിൽനിന്ന് വ്യത്യസ്തമായി, കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തത്. സോഷ്യലിസ്റ്റുകളും ഫോർവേഡ് ബ്ലോക്കും വിപ്ലവകാരികളും സജീവമായി പങ്കെടുക്കുകയും തീവണ്ടി തടയലും ബോംബ് എറിയലും പോലീസ് സ്റ്റേഷൻ ആക്രമണവും അടക്കമുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയുംചെയ്തു. ഉഷാ മേത്തയും റാം മനോഹർ ലോഹ്യയും കോൺഗ്രസ് റേഡിയോയിലൂടെ ജനങ്ങൾക്ക് ആവേശം പകർന്നു.

മുസ്‌ലിംലീഗും ഹിന്ദു മഹാസഭയും കമ്യൂണിസ്റ്റ് പാർട്ടിയും സമരത്തിനെ പിന്തുണച്ചില്ല. റഷ്യ യുദ്ധത്തിൽ പങ്കാളിയായതോടെ അവരെ പിന്തുണച്ച് കമ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തു. കമ്യൂണിസ്റ്റ് നേതാക്കൾ പരസ്യമായി ബ്രിട്ടനെ പിന്തുണച്ചു രംഗത്തുവന്നപ്പോഴും ഇന്ത്യ എമ്പാടുമുള്ള തൊഴിലാളികൾ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. അഹമ്മദാബാദിലെയും ബോംബെയിലെയും കാൻപുരിലെയും മറ്റു വ്യാവസായിക നഗരങ്ങളിലെയും മില്ലുകളും ഫാക്ടറികളും പൂർണമായി സ്തംഭിച്ചു. ബ്രിട്ടീഷ് സർക്കാർ മുസ്ലിംലീഗിനെ പ്രീണിപ്പിക്കാൻ ശ്രമിക്കുമ്പോഴും സാധാരണക്കാരായ മുസ്ലിങ്ങൾ സമരത്തിന്റെ ഭാഗമായി. ചുരുക്കത്തിൽ, സമൂഹത്തിന്റെ എല്ലാ അടരുകളിലും പടർന്നുപിടിച്ച മഹാസമരമാണ് ഇന്ത്യ കണ്ടത്. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം അക്ഷരാർഥത്തിൽത്തന്നെ ഇന്ത്യൻ ജനത നെഞ്ചിലേറ്റി.

 ഒരുപരിധിവരെ തകർച്ചയെ പിടിച്ചുനിർത്തിയത് പട്ടേലിന്റെ അനുപമമായ സംഘടനാപാടവമായിരുന്നു.

ക്വിറ്റിന്ത്യാ സമരം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജനകീയത വർധിപ്പിക്കാൻ ഏറെ സഹായകമായിരുന്നെവെങ്കിലും സാമ്പത്തികമായും സംഘടനാപരമായും പ്രസ്ഥാനത്തെ തകർത്തുകളയുന്നതിനും സമരം കാരണമായി. അതിക്രൂരമായ മർദനം ഒരുപാടുപേരെ നിത്യരോഗികളാക്കി. ഗാന്ധിജിക്ക് വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ച കാലമായിരുന്നു അത്. കസ്തൂർബയും ദീർഘകാല സെക്രട്ടറിയായിരുന്ന മഹാദേവദേശായിയും ലോകത്തോടു വിടപറഞ്ഞു. സമരം കഴിഞ്ഞപ്പോഴേക്കും പാർട്ടി സാമ്പത്തികമായി പാപ്പരായിരുന്നു. ഒരുപരിധിവരെ തകർച്ചയെ പിടിച്ചുനിർത്തിയത് പട്ടേലിന്റെ അനുപമമായ സംഘടനാപാടവമായിരുന്നു. അതേസമയം, സർക്കാർപിന്തുണയോടെ സ്വന്തം അടിത്തറ വർധിപ്പിക്കാൻ ഇക്കാലം മുസ്ലിംലീഗ് സമർഥമായി ഉപയോഗപ്പെടുത്തി. കോൺഗ്രസിനെ ദുർബലമാക്കാൻ അകാലികളുടെയും ആംഗ്ലോ ഇന്ത്യക്കാരുടെയും സംഘടനകൾക്കും ബ്രിട്ടീഷുകാർ ഇക്കാലത്ത് കൈയയച്ച് സഹായം നൽകി. പക്ഷേ, സാധാരണജനങ്ങളുടെ ഹൃദയത്തിൽ കളിമണ്ണുപോലെ ഉറച്ചുകഴിഞ്ഞിരുന്ന ബ്രിട്ടീഷ് വിരോധം മനസ്സിലാക്കി സമരത്തിൽ സജീവമായിനിന്ന പ്രസ്ഥാനങ്ങൾമാത്രമാണ് ജനങ്ങളുടെ അംഗീകാരം നേടിയത്.

വാസ്തവത്തിൽ, ഇരുളടഞ്ഞ മുറികളും പൊടിപിടിച്ച ഇടനാഴികളും നിറഞ്ഞ ഒരു വീട്ടിൽ പൊടുന്നനെ കാറ്റും വെളിച്ചവും മുഴക്കങ്ങളും നിറഞ്ഞതുപോലെയായിരുന്നു ക്വിറ്റിന്ത്യാസമരകാലത്തെ ഇന്ത്യ. അതുവരെ ആരും അറിയാത്ത വിദൂരമായ കോണുകളിൽപ്പോലും പ്രതീക്ഷയുടെ വെളിച്ചമെത്താൻ ക്വിറ്റിന്ത്യാസമരം കാരണമായി. അതുകൊണ്ടാണ് ആ സമരം, ഇന്ത്യൻ പൊതുഭാവനയിലെ ഏറ്റവും ഹൃദയഹാരിയും വൈകാരികവുമായ സ്വാതന്ത്ര്യസമരസ്മരണയായി എന്നും ഓർമ്മിക്കപ്പെടുന്നത്.

ഗ്രന്ഥകാരിയും തൊഴിലവകാശ പ്രവർത്തകയുമാണ് ലേഖിക

Content Highlights: Quit india movement august revolution india history gandhiji congress patel