മുടിനാര് പോലും ബാക്കിയാവാതെ പോയവരെ കുറിച്ച് എന്തെഴുതും, ഉറ്റവരോടെന്ത് ചോദിക്കും

ഒറ്റ നിമിഷം ഒരു മനുഷ്യനെ എത്രത്തോളം നിസ്സാരമാക്കിക്കളയുന്നുവെന്നതിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു മുണ്ടക്കൈ മുതല്‍ മേപ്പാടിവരേയുള്ള ആറ് ദിവസങ്ങള്‍. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരിക്കലും വാര്‍ത്തായാക്കാന്‍ ഇഷ്ടപ്പെടാത്ത ആ ദിനങ്ങള്‍ ഇനിയൊരിക്കലും എന്റെ മുന്നിലേക്ക് വരല്ലേയെന്ന ഒറ്റ പ്രാര്‍ഥന മാത്രമാണ് മലയിറങ്ങുമ്പോള്‍. കൂടെക്കിടന്നവര്‍, കഥപറഞ്ഞുറക്കിയ കുഞ്ഞുങ്ങള്‍, അവസാന അത്താഴവും കഴിച്ചുറങ്ങിയ രക്ഷിതാക്കളും കൂടെപ്പിറപ്പുകളുമടക്കമുള്ളവര്‍ മണ്ണില്‍പ്പുതഞ്ഞ് ഒരു മുടിനാര് പോലും ബാക്കിവെക്കാതെയാണ് പലരേയും വിട്ടുപോയത്. ഇവരെക്കുറിച്ച് എന്തെഴുതും എന്തുചോദിക്കും.
ചുറ്റോട് ചുറ്റും വെള്ളം നിറഞ്ഞ് യാത്ര ദുഷ്‌ക്കരമാക്കിയ വഴികള്‍ താണ്ടി ജൂലായ് മുപ്പതാം തീയതി രാവിലെയാണ് ഞാനും ക്യാമറാമാന്‍ അരുണ്‍ നിലമ്പൂരുമടങ്ങുന്ന ഒരു സംഘം ആദ്യം ചൂരല്‍മലയിലെത്തുന്നത്. ആ നിമിഷം മുതല്‍ കേള്‍ക്കുന്നതാണ് ആംബുലന്‍സുകളുടെ ചീറിപ്പായല്‍. ദുരന്തഭൂമിയിലെത്തിയപ്പോഴേക്കും അത് സങ്കല്‍പ്പിക്കുന്നതിലും അപ്പുറമായിരുന്നു. തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ് മലകളാല്‍ ചുറ്റപ്പെട്ട് തലേദിവസം വരെ കവിതപോലെ ഒഴുകിയ കുഞ്ഞു സുന്ദരഗ്രാമം മുഴുവന്‍ പ്രേതഭൂമി പോലെയായി മാറിപ്പോയിരുന്നു. കൂറ്റന്‍ കല്ലുകളും ഉരുൾ വെള്ളവും ആ ഗ്രാമമപ്പാടെ മൂടിയിരുന്നു. ആ ചെളിനിറഞ്ഞ ഭൂമിക്കിടയില്‍ മൃതദേഹങ്ങള്‍ കുന്നുകൂടിയിരുന്നു. ഒരുപാട് പേരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും സമ്പാദ്യവുമെല്ലാം ഞങ്ങള്‍ ചവിട്ടി നിന്ന ഭൂമിക്കടിയില്‍ കിടന്ന് എന്നന്നേക്കുമായി അവസാനിച്ചിരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുപോയി.
Content Highlights: Mundakkai Chooral Mala land slide reporting experience