രാജ്യതലസ്ഥാനം പോലും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാതാകുമ്പോള്‍

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

2023 ജൂണ്‍ 27. നേരം ഇരുട്ടിയിട്ടുണ്ട്. 16 വയസ്സുള്ള പെണ്‍കുട്ടി വീടിന് സമീപത്തെ പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു. മൂന്ന് പുരുഷന്മാർ ചേർന്ന് ആ പെണ്‍കുട്ടിയെ അക്രമിച്ച് കീഴ്‌പ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. ശേഷം അവിടത്തന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഡല്‍ഹിയിലെ ഷാബാദ് ഡയറിയില്‍ ആണ് ഈ അതിക്രൂര സംഭവം അരങ്ങേറിയത്. മൂന്നാം ദിവസം പ്രതികള്‍ അറസ്റ്റിലായി. അപ്പോഴും ഉയരുന്ന ചോദ്യം നമ്മുടെ രാജ്യ തലസ്ഥാനം പോലും സ്ത്രീകളുടെ ജീവനും ജീവിതത്തിനും എത്ര ബഹുമാനം നല്‍കുന്നു, അവര്‍ക്കെത്ര സുരക്ഷ ഉറപ്പു നല്‍കുന്നു എന്നതാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡല്‍ഹിയില്‍ നിന്ന് സമാനമായ സംഭവം കേള്‍ക്കുന്നത് രണ്ടാം തവണയാണ്. എന്ത് കൊണ്ടാണ് തുടര്‍ച്ചയായി ഇങ്ങനെ സംഭവിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അതിനേക്കാളേറെ ഞെട്ടിച്ച് ചില കണക്കുകള്‍ നമുക്ക് മുന്നില്‍ വന്ന് നില്‍ക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ സംഭവങ്ങളില്‍ 31,000 കേസുകളാണ് ദേശീയ വനിതാകമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തത്. അതില്‍ 54 ശതമാനം കേസുകളും ഉത്തര്‍പ്രദേശില്‍. പത്ത് ശതമാനം ഡല്‍ഹിയില്‍. കൃത്യമായിപ്പറഞ്ഞാല്‍ യുപിയില്‍ നിന്ന് 16,872 കേസുകളും ഡല്‍ഹിയില്‍ നിന്ന് 3,004 കേസുകളും ഹരിയാണയില്‍ നിന്ന് 1,362 കേസുകളും വനിതാ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു. ഈ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യം നമ്മുടെ രാജ്യ തലസ്ഥാനത്ത് ഓരോ ദിവസവും എട്ട് സ്ത്രീകള്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമത്തിന് ഇരയാകുന്നു എന്നതാണ്.

ഇനി മറ്റൊരു കാര്യം. ദേശീയ വനിത കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ മാത്രം എണ്ണമാണ് മുകളില്‍ പറഞ്ഞത്. രജിസ്റ്റര്‍ ചെയ്യാത്ത നിരവധി കേസുകള്‍ ഉണ്ട് എന്ന വാസ്തവം മറക്കാന്‍ കഴിയില്ല. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വര്‍ഷമാണ് കടന്നു പോകുന്നത് എന്ന് കൂടി ഓര്‍ക്കണം. ഇതിന് മുന്‍പ് ഈ കണക്കില്‍ മുന്നില്‍ നിന്ന വര്‍ഷം 2014 ആയിരുന്നു.

അതിനും രണ്ട് വര്‍ഷം മുന്‍പത്തെ ഒരു ഡിസംബര്‍ മാസം ഓര്‍ക്കുന്നില്ലേ. 2012 ഡിസംബര്‍ 16. ഡല്‍ഹി തണുത്ത് വിറച്ച് നില്‍ക്കുന്ന ഒരു രാത്രിയില്‍ സ്വകാര്യ ബസില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമായിരുന്നു ആ കൊടും ക്രൂരത. അതിന് ശേഷം പ്രതിഷേധം ഒരു കൊടുങ്കാറ്റുപോലെ ഡല്‍ഹി തെരുവുകളെ പൊതിഞ്ഞു. ആ കൊടുങ്കാറ്റില്‍ ഷീല ദീക്ഷിതിനും കോണ്‍ഗ്രസിനും അധികാരം വരെ നഷ്ടമായി. ദേശീയ തലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി ആ സംഭവം ആയുധമാക്കി. ശേഷം അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ ഭരിച്ച എട്ട് വര്‍ഷക്കാലം സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ രാജ്യത്ത് എന്താണ് സംഭവിച്ചത് എന്ന കണക്കാണ് മുകളില്‍ കുറിച്ചു വെച്ചത്.

ഏത് സര്‍ക്കാര്‍ ഭരിച്ചാലും സ്ത്രീകള്‍ക്ക് സ്വതന്ത്ര്യമായി, പേടിയില്ലാതെ ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഡല്‍ഹിയില്‍ ഉണ്ടാകുന്നില്ല എന്ന് കാണാം. വികസന വായ്ത്താരികളുടേയും സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള അവകാശ വാദങ്ങളുടേയും അപ്പുറത്ത് നമ്മുടെ സഹോദരിമാര്‍ക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അവസരം ഇവിടെ ഒരുക്കാന്‍ കഴിയണം. 2012ലെ ആ നിഷ്ഠൂര സംഭവത്തില്‍ നിന്ന് പോലും നമ്മള്‍ പഠിച്ചില്ല. ഇന്ന് സംഭവിക്കുന്നത് ഒട്ടും ശുഭകരമല്ല, നാളെയിത് സംഭവിക്കാതിരിക്കാന്‍ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ വേണം.

Content Highlights: Delhi, National Commission for Women, rape case, Rape in India, anoop das k, mathrubhumi