പതിനഞ്ചാം വയസ്സിൽ നഷ്ടപ്പെട്ട കാഴ്ച, വിധിയെ വെല്ലുവിളിച്ച് ബിഎ; പിന്നീട് വെളിച്ചമേകി മാരിയമ്മയും

അതിജീവനം
#എ. വി മുകേഷ്
മാരിയമ്മയും കൃഷ്ണകുമാറും
മാരിയമ്മയും കൃഷ്ണകുമാറും

നോക്കിനിൽക്കെ നഗരത്തെയാകെ മഴ മേഘങ്ങൾ പൊതിഞ്ഞു. ചുവന്ന സായം സന്ധ്യയെ മറച്ച് കനത്ത ഇരുട്ടു പടർന്നു. വേഗമെത്താനുള്ള ഓട്ടത്തിലാണ് ചുറ്റുമുള്ള മനുഷ്യർ. അവശേഷിച്ച മരച്ചില്ലകളിൽ കൂടണയുന്ന പക്ഷികളുടെ ബഹളം. റോഡിന് ഇരുവശത്തുമുള്ള കെട്ടിടങ്ങളിലെ ലൈറ്റുകൾ മുന്നോട്ടുള്ള വഴി കാണിച്ചു. എങ്ങുനിന്നോ വന്ന തണുത്ത കാറ്റിന് പുറകെ ഇരമ്പിയാർത്ത് മഴയെത്തി. നനഞ്ഞൊട്ടിയ തൂവൽച്ചിറകിൽ പക്ഷികൾ നിശബ്ദമായി, കുടയില്ലാത്ത മനുഷ്യർ ഓടിമറഞ്ഞു, നഗരത്തിരക്കുകൾ പേമാരിയിൽ നിശ്ചലമായി. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ചുറ്റിലും നടക്കുന്നത് കാണാത്തവണ്ണം രണ്ടുപേർ മാത്രം റോഡരികിൽ തന്നെ നിൽക്കുന്നു. ചെറിയ കുടയ്ക്ക് പുറത്തായ അവരുടെ ശരീരങ്ങൾ നനയുന്നുണ്ട്. എതിരെ വന്ന വാഹനത്തിന്റെ വെളിച്ചത്തിൽ രണ്ടുപേരുടെയും മുഖം കണ്ടു, അടഞ്ഞ കണ്ണുകളും. മാറോട് ചേർത്തു വച്ച ലോട്ടറി ടിക്കറ്റുകൾ മഴപ്പാറലേറ്റ് കുതിർന്നു. മഴയുടെ ഇരമ്പലിൽ തെരുവ് ഒഴിഞ്ഞത്  അറിയാതെ മനുഷ്യരെ കാത്തുനിൽക്കുകയാണ്. 

ഏറെ നേരത്തിനു ശേഷം മഴ തോർന്നു. കാഴ്ച്ചക്ക് പുറത്തായ ആ മനുഷ്യർ അപ്പോഴും അവിടെതന്നെയുണ്ട്. തലയിൽ കെട്ടിയ കർച്ചീഫുകൊണ്ട് പരസ്പരം ദേഹം തുടച്ചു. നനഞ്ഞ ലോട്ടറി ടിക്കറ്റുകളിലെ മഴത്തുള്ളികൾ വിരലുകൊണ്ട് പരതി ആധിയോടെ ഒപ്പിയെടുത്തു. അടുത്തേക്ക് ചെന്ന എന്റെ ശബ്ദത്തിലേക്ക് അവർ ഒരുപോലെ ചെവി അടുപ്പിച്ചു. അപരിചിതത്വം ഏതുമില്ലാതെ അകക്കണ്ണിന്റെ വെളിച്ചത്തിൽ എന്നെയും ചേർത്തു. മുൻപ് എപ്പോഴോ കണ്ടു പരിചയിച്ച ഒരാളോടെന്നപോലെ അവർ സംസാരിച്ചു. 

'കാഴ്ച്ചയുടെ വെളിച്ചമല്ല നേരിന്റെ വെളിച്ചമാണ് ഞങ്ങളെ മുന്നോട്ട് നടത്തുന്നത് 'കൃഷ്ണകുമാർ മാരിയമ്മയെ കൂടുതൽ  ചേർത്തു നിർത്തി. പിന്നിട്ട വഴികളിലെ ജീവിതത്തിന്റെ അരങ്ങിലേക്ക് എന്നെയും കൂട്ടി പതിയെ നടന്നു..

വെളിച്ചമെത്താത്ത മനുഷ്യർ 

കൃഷ്ണകുമാർ കഥപറയാൻ കാലങ്ങൾ പുറകോട്ടുപോയി. മണ്ണിൽ കാലുറച്ച നാൾ മുതൽ കണ്ടത് ഓർത്തെടുത്തു. ആ  ഓർമ്മകളിൽ  അടഞ്ഞ കൺപീലികൾ തുടിച്ചു. മുഖം വിടർന്നു, കൈകൾ സ്വതന്ത്രമാക്കി ആ ജീവിതം പറഞ്ഞു തുടങ്ങി. അതിന്റെ തുടിപ്പുകളും വിങ്ങലും മുഖ പേശികളിൽ പ്രകടം. സങ്കടത്തോടെ മാരിയമ്മയുടെ കൈകൾ ചേർത്തു പിടിച്ചുകൊണ്ട് കൃഷ്ണകുമാർ ബാല്യത്തിലേക്ക് നടന്നു...

നിയമസഭാ മന്ദിരത്തിനായി ചെങ്കല്ല് ചെത്തിയെടുത്ത വലിയ ഒരിടം. അതിന്റെ ഓരത്തുകെട്ടിയ കുടിലുകൾ. അവിടെയാകെ എണ്ണമറ്റ മനുഷ്യർ. പുകച്ചൂടും പൊടിയുമേറ്റ് നഗരത്തിന്റെ വിഴുപ്പാകെ പേറാൻ വിധിക്കപ്പെട്ട ജീവിതങ്ങൾ. അപ്പൂപ്പൻ ഭഗവതിയപ്പനും ഓലമറച്ചു കുടിലുകെട്ടാൻ മറ്റൊരിടമില്ലായിരുന്നു. കാലങ്ങൾ ഏറെ പിന്നിട്ടപ്പോൾ അധികാര കേന്ദ്രങ്ങൾ ആ മനുഷ്യരെ കണ്ടു. അവർക്കായി താമസ സൗകര്യമൊരുക്കാൻ തീരുമാനിച്ചു. 

അടുക്കിവെച്ച ചെങ്കല്ലുകൾ പോലെ വീടുകൾ പണിതു. ശ്വാസം പുറത്തുപോകാൻ ഇടമില്ലാത്ത ഇടുങ്ങിയ രണ്ട് മുറികളും ഒരു വാതിലും. നാല്പത്തിനാല് വർഷങ്ങൾക്ക് മുൻപ് ആ ജനത അവിടെ ജീവിതം നെയ്തുതുടങ്ങിയതാണ്. അമ്മ പത്മാവതിയാണ് വീട്ടുകാര്യങ്ങളാകെ കൈകാര്യം ചെയ്തത്. അമ്മയുടെ വിയർപ്പിന്റെ ഗന്ധമാണ് അന്നത്തിനും അക്ഷരങ്ങൾക്കും.    

ഇരുട്ടിനെ തോൽപ്പിച്ച അക്ഷരങ്ങൾ  

നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് അക്ഷരങ്ങൾ മങ്ങിത്തുടങ്ങിയത്. കണ്ണടവച്ചെങ്കിലും അവ്യക്തമായ അക്ഷരങ്ങളെ കൂട്ടിവായിക്കാൻ കഴിഞ്ഞില്ല. മുന്നിൽ ഇരുണ്ടു കൂടുന്ന ഇരുട്ടിനെ തെല്ലും വകവെക്കാതെ അപ്പോഴും കൃഷ്ണകുമാർ മുന്നോട്ടുനടന്നു. മങ്ങിയ കണ്ണുകളുമായി അന്നും ചെയ്യാത്ത ജോലികളില്ല. ക്ലാസ് കഴിഞ്ഞുവന്നാൽ സമീപത്തെ വർക്ക് ഷാപ്പിൽ സഹായിയായി പോകും. പാഠപുസ്തകങ്ങൾക്കും മറ്റുമായി അധ്വാനത്തിന്റെ ചില്ലറ തുട്ടുകൾ കരുതിവെക്കും. 

പതിനഞ്ചാമത്തെ വയസ്സിൽ കാഴ്ച എന്നന്നേക്കുമായി ഇല്ലാതായി. കണ്ണിൽ വെള്ള പടർന്നു, കാഴ്ചയിൽ കറുപ്പും. വെളിച്ചത്തിന്റെ ചെറുകിരണങ്ങൾ പോലും തനിക്കിനി കാണാൻ സാധിക്കില്ല എന്ന് കൃഷ്ണകുമാർ തിരിച്ചറിഞ്ഞു. ഇരുട്ടുമൂടിയ വീടിന്റെ ഏതോ മൂലയിൽ പുലരുവോളം നെഞ്ചുരുകി. കണ്ട കാഴ്ച്ചകൾ ഓർമ്മകളിൽ ആവർത്തിച്ച് ഉറപ്പിച്ചു. ഇനി കരയില്ല എന്ന് തീരുമാനിച്ച് പുതിയ പ്രഭാതത്തെ മനസ്സിൽ കണ്ടു. അന്നോളം കണ്ട സൂര്യനെക്കാൾ അതിന് തെളിച്ചമുണ്ടായിരുന്നു. 

ഉൾക്കാഴ്ചയാൽ പിന്നിട്ട വഴികളിലൂടെ കയ്യിൽകരുതിയ ചെറു വടിയുമായി വീണ്ടും നടക്കാൻ തുടങ്ങി. തട്ടി വീണു, മുറിവേറ്റു, ദേഹം വേദനകൊണ്ട് പുളഞ്ഞു. പിന്മാറാൻ തയ്യാറാവാത്ത ആ മനസ്സിന് മുന്നിൽ ഒടുവിൽ എല്ലാ വഴികളും  കീഴ്പ്പെട്ടു. സുഹൃത്തുക്കളിൽ നിന്നാണ് കാഴ്ച്ച പരിമിതരുടെ വിദ്യാലയത്തെ കുറിച്ച് അറിയുന്നത്. അക്ഷരങ്ങളും അക്കങ്ങളും തൊട്ടറിഞ്ഞു. സമാന അവസ്ഥയിൽ ജീവിക്കുന്ന ഒട്ടേറെ സുഹൃത്തുക്കൾ ഉൾവെളിച്ചത്തിന്റെ പുതിയ ലോകം തുറന്നു. കണ്ണിനെ പാടെ അസാധുവാക്കുന്ന അനുഭവങ്ങൾ പുതിയ സ്വപ്ങ്ങളിലേക്ക് നയിച്ചു. 

നഷ്ട്ടപെട്ടത് കാഴ്ച്ച മാത്രമാണല്ലോ, എന്ന അനുഭവത്തിലേക്ക് വൈകാതെ ചെന്നെത്തി. കേൾവിയിലൂടെ ചുറ്റുപാടുകളെ തൊട്ടറിഞ്ഞു. പുതിയ ചിന്തകൾക്ക് അത് വഴിവച്ചു. ഇരുട്ടിനെ വെല്ലുവിളിച്ചുകൊണ്ട് കൃഷ്ണകുമാർ ബി എ മലയാളം പൂർത്തിയാക്കി. ഇനി ഒരു ഇരുണ്ട കാലത്തിനും മറയ്ക്കാൻ സാധിക്കാത്ത വിധം അക്ഷരങ്ങളെ സ്വന്തമാക്കിയ ആ ഓർമ്മകൾക്ക് മുന്നിൽ ചുണ്ടിൽ ചിരി വിടർന്നു.

മാരിയമ്മ തന്ന പുതിയ വെളിച്ചം 

പഠനകാലത്താണ് കാഴ്ച പരിമിതയായ മാരിയമ്മയെ അടുത്തറിയുന്നത്. ചെറുപ്പത്തിൽ വന്ന പനിയാണ് മാരിയമ്മയുടെ കാഴ്ച നഷ്ടമാക്കിയത്. മങ്ങിയാണെങ്കിലും മാരിയമ്മയ്ക്ക് അടുത്തുള്ളത് അൽപ്പം കാണാം. ഇരുട്ടുവീണാൽ അതും  അസാധ്യം. 2007ൽ കുടുംബക്ഷേത്രത്തിൽ വച്ച് ആ പ്രണയത്തിന് ജീവിത ഗന്ധമുണ്ടായി. മകളായ അഞ്ചലി പ്രതീക്ഷയുടെ മറ്റൊരു പ്രകാശമായി.  

അതിരാവിലെ മാരിയമ്മയുടെ കയ്യും പിടിച്ച് നിരത്തിലിറങ്ങും. കീശയിൽ കരുതിവച്ച ചെറിയതുകയ്‌ക്ക് ലോട്ടറി  ടിക്കറ്റുവാങ്ങും. രാത്രി തെരുവ് അനാഥമാകുന്നത് വരെ നഗരത്തിൽ തുടരും. 400 രൂപയാണ് പരമാവധി ബാക്കിയാവുന്നത്. മകളുടെ പഠനവും ജീവിതവും ആ തുകയിൽ കണ്ടെത്തണം. കാഴ്ച്ചയുടെ ലോകത്ത് അവൾ അറിയപ്പെടണം. അവർക്കു ചുറ്റിലെ ഇരുട്ടുപോലെ സ്വപ്നങ്ങളും ഒന്നാണ്.      

സമയം ഏറെ ഇരുട്ടി. മഴ തോർന്നു. കൂടണഞ്ഞ പക്ഷികളും നഗരവും നിശബ്ദമായി. മാരിയമ്മയും കൃഷ്ണകുമാറും യാത്രപറഞ്ഞു. വഴിവിളക്കുകൾ അവർക്കായിട്ടല്ലെങ്കിലും അതിന് ഓരം ചേർന്ന് പണ്ടെങ്ങോ പരിചയിച്ച പ്രകാശത്തിന്റെ ഓർമ്മകളിൽ നടന്നു. ബാക്കിയായ ലോട്ടറികൾ നാളത്തെ അന്നം മുട്ടിക്കും. എങ്കിലും പ്രതീക്ഷകൾക്ക് അവധി കൊടുക്കില്ല. ഇരുട്ടിനെ ജയിച്ചവരാണവർ.   

Content Highlights: Athijeevanam column , Mariyamma and krishnakumar, social, AV mukesh