സാങ്കേതികത്തകരാറ്: സുനിത വില്യംസിന്റെ ബഹിരാകാശയാത്ര മാറ്റിവെച്ചു

ന്യൂയോര്‍ക്ക്: നാസയുടെ ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസും ബഹിരാകാശഗവേഷകന് ബാരി വില്‍മോറും അടങ്ങുന്ന രണ്ടംഗസംഘത്തിന്റെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള (ഐ.എസ്.എസ്) യാത്ര സാങ്കേതികത്തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ചു. റോക്കറ്റിലെ ഒരു വാല്‍വിന് തകരാറ് കണ്ടെത്തിയതോടെയാണ് യാത്ര മാറ്റിവെച്ചത്. ലൈവ് വെബ്കാസ്റ്റിനിടെയാണ് യാത്ര മാറ്റിവെച്ച കാര്യം നാസ അറിയിച്ചത്.
ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ സമയം 8.04 ന് ഫ്ളോറിഡയിലെ കേപ് കാനവെറില്നിന്നാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. ഐ.എസ്.എസിലേക്ക് ബഹിരാകാശഗവേഷകരെ എത്തിക്കുന്നതിനും തിരകെയെത്തിക്കുന്നതിനും നാസ തിരഞ്ഞെടുത്ത രണ്ട് സ്വകാര്യ കമ്പനികളിലൊന്നായ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ വാഹനത്തിലാണ് സുനിത വില്യംസും വില്‍മോറും പറക്കാനിരുന്നത്. മനുഷ്യരേയും വഹിച്ച് സ്റ്റാര്‍ലൈനര്‍ നടത്താനിരുന്ന ആദ്യയാത്ര കൂടിയായിരുന്നു ഇത്.
യാത്ര റദ്ദാക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇരു ബഹിരാകാശയാത്രികരും അവരുടെ ഇരിപ്പിടങ്ങളില്‍ സജ്ജരായിരുന്നു. വിക്ഷേപണത്തിനുള്ള കാത്തിരിപ്പിനായി രണ്ടുപേരേയും പേടകത്തിനുപുറത്തേക്കിറങ്ങാന് സാങ്കേതികവിദഗ്ധര്‍ സഹായിക്കും. വിക്ഷേപണം ചൊവ്വാഴ്ച രാത്രി നടത്താനാണ് പുതുതായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഇതു വരെ നാസയുടെ ഭാഗത്തുനിന്ന് സൂചനയൊന്നും ലഭിച്ചിട്ടില്ല.
പത്തുദിവസത്തോളം നീളുന്ന പദ്ധതിയില്‍ സുനിത വില്യംസും വില്‍മോറും സ്റ്റാര്‍ലൈനിന്റെ സാങ്കേതികസംവിധാനങ്ങളും കാര്യക്ഷമതയും വിദഗ്ധമായി പരിശോധിക്കും. തുടര്‍ന്നാവും ബഹിരാകാശനിലയത്തിലേക്കും തിരിച്ചുമുള്ള സ്റ്റാര്‍ലൈനിന്റെ യാത്രകള്‍ ആരംഭിക്കുക. പദ്ധതി നടപ്പിലാകുന്നതോടെ യുഎസിന്റെ ബഹിരാകാശ സാന്നിധ്യം കൂടുതല്‍ ശക്തമാകും.
Content Highlights: Sunita Williams space flight aborted hours before liftoff