ജോണ്‍ ക്ലാര്‍ക്ക്, മിഷേല്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

2025-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്ന് പേര്‍ക്ക്. ജോണ്‍ ക്ലാര്‍ക്ക്, മിഷേല്‍ എച്ച്. ഡെവോറെറ്റ്, ജോണ്‍ എം. മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്‌കാരജേതാക്കള്‍. വൈദ്യുത സര്‍ക്യൂട്ടിലെ മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണലിങ്ങിന്റെയും ഊര്‍ജ ക്വാണ്ടൈസേഷന്റെയും കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം.
നൊബൈല്‍ നേടിയ മൂന്നുപേരും അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരാണ്. ക്വാണ്ടം ക്രിപ്റ്റോഗ്രഫി, ക്വാണ്ടം കമ്പ്യൂട്ടറുകള്‍, ക്വാണ്ടം സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെ ക്വാണ്ടം സാങ്കേതികവിദ്യയുടെ അടുത്ത തലമുറ വികസിപ്പിക്കാനുള്ള അവസരങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നോബല്‍ സമ്മാനമെന്ന് പുരസ്‌കാര സമിതി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജോണ്‍ ഹോപ്ഫീല്‍ഡ്, ജെഫ്രി ഹിന്റണ്‍ എന്നിവര്‍ക്കായിരുന്നു ലഭിച്ചത്. ഇന്നത്തെ ശക്തമായ മെഷീന്‍ ലേണിംഗിന് അടിസ്ഥാനമായ രീതികള്‍ വികസിപ്പിക്കുന്നതിന് ഭൗതികശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ചതിനാണ് അവര്‍ അംഗീകരിക്കപ്പെട്ടത്.
ഇതുവരെ 226 പേര്‍ക്കാണ് ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാര നല്‍കിയിട്ടുള്ളത്. ലോറന്‍സ് ബ്രാഗ് ആണ് ഫിസിക്‌സിന് നൊബേല്‍ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷി സംബന്ധിച്ച നിര്‍ണായക കണ്ടെത്തലിന് യുഎസ് ശാസ്ത്രജ്ഞരായ മേരി ഇ. ബ്രൊങ്കോവ്, ഫ്രെഡ് റംസ്ദെല്‍, ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഡോ. ഷിമോണ്‍ സകാഗുചി എന്നിവര്‍ക്കാണ് വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്.
രസതന്ത്രത്തിനുള്ള നൊബേല്‍ ബുധനാഴ്ചയും സാഹിത്യത്തിനുള്ള നൊബേല്‍ വ്യാഴാഴ്ചയും പ്രഖ്യാപിക്കും. സമാധാന നൊബേല്‍ വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. ഒക്ടോബര്‍ 11-ന് സാമ്പത്തികശാസ്ത്ര നൊബേല്‍ പ്രഖ്യാപിക്കും.
Content Highlights: John Clarke, Michel H. Devoret, and John M. Martinis win the 2025 Nobel Prize in Physics for groundbreaking discoveries in quantum tunneling and energy quantization in electrical circuits.