സെപ്റ്റംബര്‍ 26 ന് ഇടിച്ചിറങ്ങാന്‍ ഡാര്‍ട്ട് പേടകം; യാത്രയ്ക്കിടെ പകര്‍ത്തിയ വ്യാഴത്തിന്റെ ചിത്രം

ഡൈമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങുന്നതിനായുള്ള യാത്രയിലാണ് നാസയുടെ ഡാര്‍ട്ട് പേടകം. സെപ്റ്റംബര്‍ 26 ന് ഡിഡിമോസ് ഛിന്നഗ്രഹക്കൂട്ടത്തിലേക്ക് കടക്കാനിരിക്കുന്ന പേടകം യാത്രയിക്കിടെ വ്യാഴത്തിന്റേയും നാല് ഉപഗ്രഹങ്ങളുടെയും മനോഹര ദൃശ്യങ്ങള്‍ പകര്‍ത്തി. ഡിഡിമോസ് റിക്കൊനാസന്സ് ആന്റ് ആസ്റ്റ്റോയിഡ് ക്യാമറ ഫോര്‍ ഓപ്റ്റിക്കല്‍ എന്ന ഡ്രാക്കോ സംവിധാനം ഉപയോഗിച്ച് പേടകം ഇതിനകം ആയിരക്കണക്കിന് നക്ഷത്രങ്ങളുടേയും ബഹിരാകാശ വസ്തുക്കളുടേയും ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.
ഡാര്‍ട്ടിലെ സ്മാര്‍ട് നാവ് (Smart Nav) സംവിധാനം പരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഡാര്‍ട്ട് ദൗത്യ സംഘം ഡ്രാക്കോ ഇമേജര്‍ വ്യാഴത്തിന് നേരെ തിരിച്ചത്. ഡിഡിമോസിന്റെ ഭ്രമണ പഥത്തില്‍ നിന്ന് ഡൈമോര്‍ഫോസിനെ തിരിച്ചറിയാനുള്ള ശേഷി പരിശോധിക്കുകയായിരുന്നു ഇതിലൂടെ.
പേടകം ക്യാമറയിലൂടെ കാണുന്ന കാഴ്ചയില്‍ വസ്തുക്കളെ എങ്ങനെ വേര്‍തിരിച്ച് അറിയുന്നുവെന്നാണ് സ്മാര്‍ട് നാവ് സംവിധാനം പരിശോധിക്കുന്നത്. ദൃശ്യത്തിലെ വസ്തുക്കളുടെ തീവ്രത, പിക്സലുകളുടെ എണ്ണം, എത്രനേരം തിരിച്ചറിയുന്നത് തുടരാനാവുന്നു തുടങ്ങിയവയെല്ലാം പരിശോധിക്കുന്നുണ്ട്.
ഇടിച്ചിറങ്ങുന്നത് വരെ പൂര്‍ണമായും സ്വയം നിയന്ത്രിക്കാനാവുന്ന പേടകമാണ് ഡാര്‍ട്ട്. അതേസമയം സ്മാര്‍ട് നാവ് സംഘം ആവശ്യമെങ്കില്‍ പേടകത്തിന്റെ ഗതിമാറ്റമുള്പ്പടെയുള്ളവയില് തീരുമാനമെടുക്കും.
ഭൂമില് നിന്ന് 2.6 കോടി കിലോമീറ്റര്‍ അകലെ നിന്നും വ്യാഴത്തില്‍ നിന്ന് 70 കോടി അകലെ നിന്നുമാണ് ഡാര്‍ട്ട് വ്യാഴത്തിന്റെ ചിത്രം പകര്‍ത്തിയത്. ഗാനിമീഡ്, വ്യാഴം, യുറോപ, ഇയോ, കലിസ്റ്റോ തുടങ്ങിയവയെ ചിത്രത്തില്‍ കാണാം.
സെപ്റ്റംബര്‍ 26 നാണ് പേടകം ഡൈമോര്‍ഫസില്‍ ഇടിച്ചിറങ്ങുക. ഇതേ ദിവസം തന്നെയാണ് വ്യാഴം ഭൂമിയില്‍ നിന്ന് 59 വര്‍ഷക്കാലത്തെ ഏറ്റവും കുറഞ്ഞ അകലത്തിലെത്തുക.
Content Highlights: NASA’s DART captures image of Jupiter and four moons