മനുഷ്യ മുഖം, കൈകളും മത്സ്യത്തിന്റെ ഉടലും; മത്സ്യകന്യകയുടെ മമ്മി തേടി ഗവേഷകര്‍

Photo: Twitter
Photo: Twitter

ത്സ്യകന്യക എന്ന് വിളിക്കുന്ന, മത്സ്യവും മനുഷ്യനും ചേര്‍ന്ന മെര്‍മേഡുകളെ കുറിച്ചുള്ള കഥകള്‍ എക്കാലവും മനുഷ്യന് അത്ഭുതവും കൗതുകവുമാണ്. ഇപ്പോഴിതാ അങ്ങനെ ഒരു വാര്‍ത്ത.

300 വര്‍ഷം പഴക്കമുള്ളൊരു മമ്മിയുടെ രഹസ്യം തേടുകയാണ് ഒരു കൂട്ടം ജാപ്പനീസ് ഗവേഷകര്‍. മമ്മിയെ കുറിച്ചുള്ള പഠനം സാധാരണമാണ്. പക്ഷെ ഈ മമ്മിയുടെ രൂപം പറഞ്ഞുകേട്ട മത്സ്യകന്യകയെ പോലെയാണ്. കന്യകയാണോ കന്യകനാണോ എന്നത് വേറെ കാര്യം. 

മമ്മിയുടെ രൂപസവിശേഷതകള്‍ മെര്‍മേഡിന് സമാനമാണ്. 12 ഇഞ്ച് നീളമുള്ള ഈ ജീവിയെ 1736 നും 1741 നും ഇടയില്‍ ജാപ്പനീസ് ദ്വീപായ ഷികോകുവിന് സമീപം പസഫിക് സമുദ്രത്തില്‍ നിന്നാണ് പിടികൂടിയതാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോഴത് മമ്മിഫൈ ചെയ്ത നിലയില്‍ അസാകുചി നഗരത്തിലെ ഒരു ക്ഷേത്രത്തിലാണുള്ളത്. ഒരു ചെറിയ പെട്ടിയിലാണിത് സൂക്ഷിച്ചിട്ടുള്ളത്. ഈ പെട്ടിയില്‍ പസഫിക് സമുദ്രത്തില്‍ നിന്ന് മത്സ്യബന്ധനത്തിനിടെയാണ് ഇതിനെ കിട്ടിയതെന്ന് എഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നുവെന്ന് ജാപ്പനീസ് പത്രമായ അസാഹി ഷിംബുനില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉണങ്ങിയ മെര്‍മേഡിനെ ഒരു കുടുംബമാണ് ആദ്യം സൂക്ഷിച്ചിരുന്നതെന്നും പിന്നീടത് മറ്റൊരാള്‍ക്ക് കൈമാറുകയും അതിനുശേഷമാണ് ക്ഷേത്രം ഏറ്റെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂര്‍ത്ത പല്ലുകളുണ്ട്, കൊഞ്ഞനം കാണിക്കുകയോ കരയുകയോ ചെയ്യുന്നതിന് സമാനമായ മുഖഭാവമാണ്. വിരലുകളോടുകൂടിയ രണ്ട് കൈകളും തലമുടിയും പുരികവുമുണ്ട്. മുകള്‍ ഭാഗം മനുഷ്യ രൂപമാണെങ്കിലും താഴേക്ക് മത്സ്യത്തിന് സമാനമായ രൂപമാണ്. ഇവിടെ ചെതുമ്പലുകളും ചുരുണ്ട വാലറ്റവുമുണ്ട്. 

കേള്‍ക്കുമ്പോള്‍ ആര്‍ക്കും അമ്പരപ്പ് തോന്നുന്ന ഈ മമ്മിയുടെ രഹസ്യം തേടിയിറങ്ങിയത് ജപ്പാനിലെ കുറാഷികി സയന്‍സ് ആന്റ് ആര്‍ട്‌സ് സര്‍വകലാശാലയിലെ ഗവേഷകരാണ്. 

ഒട്ടനവധി ഐതീഹ്യ കഥകള്‍ മത്സ്യകന്യകയുമായി ബന്ധപ്പെട്ട് ജപ്പാനില്‍ പ്രചാരത്തിലുണ്ട്. മത്സ്യകന്യകയുടെ മാംസം കഴിച്ചാല്‍ അമരത്വം ലഭിക്കുമെന്നുള്ളതാണ് അതിലൊന്ന്. അബദ്ധത്തില്‍ മത്സ്യകന്യകയുടെ മാംസം കഴിച്ച സ്ത്രീ 800  വര്‍ഷം ജീവിച്ചുവെന്ന കഥയും അതുമായി ബന്ധപ്പെട്ടുണ്ടെന്ന് ഒകയാമ ഫോക്ക്‌ലോര്‍ സൊസൈറ്റിയില്‍ നിന്നുള്ള ഹിരോഷി കിനോഷിത പറഞ്ഞു. ഇദ്ദേഹമാണ് ഗവേഷണ പദ്ധതിയുമായി ആദ്യം മുന്നോട്ടുവന്നത്. മത്സ്യകന്യകയെ കണ്ടെത്തിയ പ്രദേശത്തെ ക്ഷേത്രത്തിന് ചുറ്റുപാടുമാണ് ഈ ഐതീഹ്യം നിലനില്‍ക്കുന്നത്. 

സ്ത്രീയുടെ ശരീരവും മത്സ്യത്തിന്റെ ശരീരവും ചേര്‍ന്ന മത്സ്യകന്യകയെ കുറിച്ചുള്ള കഥകള്‍ പല നാടുകളില്‍ നിന്നുള്ള നാടോടിക്കഥകളില്‍ നിലനില്‍ക്കുന്നുണ്ട്. വെറും ഐതീഹ്യ കഥാപാത്രങ്ങള്‍ മാത്രമാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. മത്സ്യകന്യകയെ പോലെ തന്നെ മത്സ്യകന്യകന്മാരെ കുറിച്ചുള്ള കഥകളും ഉണ്ട്. മെര്‍മാന്‍ (Merman) എന്നാണ് അവയെ വിളിക്കുന്നത്. മമ്മി ഫൈ ചെയ്ത മത്സ്യമനുഷ്യനെ കുറിച്ചുള്ള പഠനത്തില്‍ ഗവേഷകര്‍ എന്തെല്ലാം കണ്ടെത്തുമെന്ന് കാത്തിരുന്ന് കാണാം.

Content Highlights: Mystery, Mermaid, Human face, mummy