ISROയുടെ അത്യാധുനിക സാറ്റലൈറ്റ് വിക്ഷേപിക്കാൻ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റ്; കൗണ്ട്ഡൗൺ ഉടൻ

ന്യൂഡൽഹി: ഐ.എസ്.ആർ.ഓയുടെ അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 2 അഥവാ ജിസാറ്റ് 20യുടെ വിക്ഷേപണം ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ഫ്ളോറിഡയിലെ കേപ്പ് കനാവറലിൽ നടക്കും. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റിലാണ് വിക്ഷേപണം നടക്കുക. സമ്പൂർണ വാണിജ്യ സാറ്റലൈറ്റ് എന്ന വിശേഷണവുമായാണ് ജിസാറ്റ് 20യുടെ വിക്ഷേപണം നടക്കുക.
സ്പേസ് എക്സിന്റെ സ്പേസ് കോംപ്ലക്സ് 40-ൽ ആണ് 4700 കിലോ ഭാരംവരുന്ന സാറ്റലൈറ്റിന്റെ വിക്ഷേപണം. വിദൂര പ്രദേശങ്ങളിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങളും യാത്രാവിമാനങ്ങൾക്കുള്ളിൽ ഇൻ്റർനെറ്റും ലഭ്യമാക്കുക എന്നതാണ് വിക്ഷേപണോദ്ദേശം. സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ ചിറകിലേറിയുള്ള ജിസാറ്റ് 20-യുടെ യാത്ര 34 മിനിറ്റ് നീണ്ടുനിൽക്കും.
ബഹിരാകാശ ആസ്തികൾ സുരക്ഷിതമാക്കുന്നതിനായി 2019-ൽ അമേരിക്ക രൂപീകരിച്ച സായുധ സേനയുടെ പ്രത്യേക ശാഖയായ സ്‌പേസ് ഫോഴ്‌സിൽ നിന്നാണ് ലോഞ്ച് പാഡ് സ്‌പേസ് എക്‌സ് വാടകയ്‌ക്കെടുത്തത്. 14 വർഷമാണ് GSAT-N2 ൻ്റെ ദൗത്യം നീണ്ടുനിൽക്കുക.
വിക്ഷേപണം സ്പേസ് എക്സിന്റെ എക്സ് പേജിൽ സംപ്രേക്ഷണം ചെയ്യും. കൗണ്ട്ഡൗൺ തിങ്കളാഴ്ച രാത്രി 11.46-ന് ആരംഭിക്കും. ചൊവ്വാഴ്ച പുലർച്ചെ 12.01-ന് ലിഫ്റ്റ്-ഓഫ് ആരംഭിക്കും. ഏതെങ്കിലും കാരണത്താൽ വിക്ഷേപണം തടസ്സപ്പെട്ടാൽ ചൊവ്വാഴ്ച വൈകീട്ട് 3.03ന് വിക്ഷേപണം നടക്കും. ലോഞ്ച് വിൻഡോ ഏകദേശം ഒരു മണിക്കൂർ 50 മിനിറ്റാണ്. ഇപ്പറഞ്ഞ സമയത്തിനുള്ളിൽ ലോഞ്ച് പൂർത്തിയാക്കണം. അല്ലാത്തപക്ഷം അടുത്ത ലോഞ്ച് വിൻഡോ ഉപയോഗിക്കും.
ഇതാദ്യമായാണ് ഐ.എസ്.ആർ.ഒ അതിൻ്റെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻ.എസ്.ഐ.എൽ) വഴി സ്പേസ് എക്സ് റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിന് മുന്നോടിയായി ഇന്ത്യൻ ബഹിരാകാശ ഉദ്യോഗസ്ഥർ കേപ് കനാവറലിൽ നിലയുറപ്പിച്ചിട്ടുണ്ട്. വിമാനത്തിൽ സഹ-പാസഞ്ചർ ഉപഗ്രഹങ്ങളൊന്നും ഉണ്ടാകില്ല.
ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ച ശേഷം, ഐ.എസ്.ആർ.ഒയുടെ ഭാഗമായി ഹാസനിലുള്ള ഇന്ത്യയുടെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി ഉപഗ്രഹത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കും. തുടർന്ന് ഉപഗ്രഹത്തെ ഇന്ത്യയ്ക്ക് മുകളിൽ 36,000 കിലോമീറ്റർ അകലേക്കുയർത്തും. ഇതുവരെ 395 വിക്ഷേപണങ്ങളാണ് ഫാൽക്കൺ 9ന്റെ സഹായത്തോടെ നടന്നത്. ഇതിൽ 99 ശതമാനവും വിജയമായിരുന്നു എന്നത് ശ്രദ്ധേയമാണ്. നാല് തിരിച്ചടികൾ മാത്രമാണ് പാൽക്കൺ 9ന് ഇതുവരെ നേരിട്ടത്. ഒരു ഫാൽക്കൺ 9 റോക്കറ്റിൻ്റെ വിക്ഷേപണത്തിന് ശരാശരി 70 ദശലക്ഷം ഡോളർ ചിലവാകും എന്നാണ് വിദഗ്ധർ പറയുന്നത്.
Content Highlights: ISRO`s GSAT-20 communication satellite launches via SpaceX Falcon 9