ആകാശത്ത് ഗ്രഹങ്ങള്‍ വരിവരിയായി നിൽക്കും; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം- എങ്ങനെ?

Photo: Sky and Telescope
Photo: Sky and Telescope

ആകാശക്കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ജൂണ്‍ മാസം വലിയ സമ്മാനമാണ് നല്‍കുക. ഈ മാസം ഉടനീളം സൂര്യോദയത്തിന് തൊട്ടുമുമ്പായി അഞ്ച് ഗ്രഹങ്ങള്‍ സവിശേഷമായ ക്രമത്തില്‍ ആകാശത്ത് അണിനിരക്കും. ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളാണ് ക്രമത്തില്‍ ആകാശത്ത് കിഴക്ക് ഭാഗത്ത് താഴെനിന്നു തെക്ക് ഭാഗത്ത് മുകളിലേക്കായി ഒരു ക്രമത്തില്‍ കാണാനാവും.

രണ്ടോ മൂന്നോ ഗ്രഹങ്ങള്‍ ഈ രീതിയില്‍ ഒന്നിച്ചുവരുന്നത് സാധാരണമാണെങ്കിലും അഞ്ച് ഗ്രഹങ്ങളെ ഇങ്ങനെ കാണുന്നത് അപൂര്‍വമാണ്. ഒരേ ക്രമത്തിലാണ് ഇവ ആകാശത്ത് ദൃശ്യമാവുക. സൂര്യനോടുള്ള സാമീപ്യം അനുസരിച്ചായിരിക്കും ഇത് ആകാശത്ത് വ്യക്തമായി കാണാനാവുക. ഈ മാസം തുടക്കത്തില്‍ ബുധന്‍ അത്ര വ്യക്തമായി കാണാനാവില്ല. 

എങ്കിലും ബൈനോക്കുലറോ ദൂരദര്‍ശിനിയോ ഉപയോഗിച്ച് കാണാനാവും. എന്നാല്‍ ,ദിവസങ്ങള്‍ കഴിയും തോറും ബുധന്‍ കൂടുതല്‍ മുകളിലേക്ക് ഉയര്‍ന്നു വരികയും രാത്രി ആകാശാത്ത് കൂടുതല്‍ തെളിഞ്ഞുവരികയും ചെയ്യും. ഇതോടൊപ്പം മുഴുവന്‍ ഗ്രഹങ്ങളും കൂടുതല്‍ വ്യക്തമായി ആകാശത്ത് കാണാനാവും. 

2004-ലാണ് ഇതിന് മുമ്പ് സമാനമായ രീതിയില്‍ ഗ്രഹങ്ങള്‍ പ്രത്യക്ഷമായത്. അന്ന് പക്ഷെ ബുധനും ശനിയും തമ്മിലുള്ള ദൂരം കൂടുതലായിരുന്നു. ഇത്തവണ നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ ഗ്രഹങ്ങള്‍ വ്യക്തമായി കാണാനാവും. 

ജൂണ്‍ 24-നാണ് ഏറ്റവും വ്യക്തതയില്‍ ഈ ഗ്രഹങ്ങളുടെ ക്രമീകരണം കാണാനാവുകയെന്ന് സ്‌കൈ ആന്റ് ടെലിസ്‌കോപ്പ് മാഗസിന്‍ പറയുന്നു. ഒരു മണിക്കൂറോളം നേരം ചക്രവാളത്തില്‍ ബുധന്‍ നീങ്ങുന്നത് കാണാന്‍ സാധിക്കും സൂര്യനുദിക്കുന്നതോടെ പ്രകാശം വരികയും ആകാശക്കാഴ്ച മങ്ങുകയും ചെയ്യും. 


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Content Highlights: science, planets, astronomy, conjunction planets, five planets to align in order, mercury