മീഥെയ്ന്‍ റോക്കറ്റിൽ ഉപഗ്രഹ വിക്ഷേപണം; നേട്ടവുമായി ചൈനീസ് കമ്പനി

Zhuque-2 Y-3 launch | Photo: CGTN
Zhuque-2 Y-3 launch | Photo: CGTN

മീഥെയിന്‍ അധിഷ്ഠിത ഇന്ധനം ഉപയോഗിച്ചുകൊണ്ടുള്ള റോക്കറ്റില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചൈനീസ് സ്വകാര്യ കമ്പനി. ചൂചേ-2 വൈ-3 (zhuque-2 Y-3) റോക്കറ്റില്‍ മൂന്ന് ഉപഗ്രഹങ്ങളാണ് ലാന്‍ഡ് സ്‌പേസ് എന്ന സ്വകാര്യ ബഹിരാകാശ സാങ്കേതിക വിദ്യാ കമ്പനി വിക്ഷേപിച്ചത്. ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വെള്ളിയാഴ്ച വൈകീട്ട് 5.09 നായിരുന്നു വിക്ഷേപണം. 

മീഥേയ്‌നും ദ്രവഓക്‌സിജനും ചേര്‍ന്ന ഇന്ധനമാണ് റോക്കറ്റില്‍ ഉപയോഗിച്ചത്. ഇത് വലിയ രീതിയില്‍ ചിലവ് കുറയ്ക്കാനും റോക്കറ്റുകള്‍ പുന:രുപയോഗിക്കാനും സഹായിക്കും. 

ജൂലായിലാണ് ചൂചേ -2 റോക്കറ്റ് ആദ്യമായി വിക്ഷേപിച്ചത്. സ്‌പേസ്റ്റി എന്ന ചൈനീസ് സ്റ്റാര്‍ട്ട് അപ്പ് നിര്‍മിച്ച രണ്ട് പരീക്ഷണ ഉപഗ്രങ്ങളാണ് അന്ന് റോക്കറ്റിലുണ്ടായിരുന്നത്. ഇതോടെ മീഥേയ്ന്‍-ലിക്വിഡ് ഓക്‌സിജന്‍ റോക്കറ്റ് വിക്ഷേപിക്കുന്ന ലോകത്തെ ആദ്യ സ്വകാര്യ കമ്പനിയായി ലാന്‍ഡ് സ്‌പേസ് മാറി. 

രണ്ട് വിക്ഷേപണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ചൂചേ-2 റോക്കറ്റ് വാണിജ്യ വിക്ഷേപണങ്ങള്‍ക്ക് തയ്യാറാണെന്ന് തെളിയിച്ചതായി ലാന്‍ഡ്‌സ്‌പേസ് പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ 500 കിമീ ഭ്രമണ പഥത്തിലേക്ക് 1.5 മെട്രിക് ടണ്‍ പേലോഡ് വഹിക്കാന്‍ റോക്കറ്റിനാവും. ഇത് ഭാവിയില്‍ 4 ടണ്‍ ആക്കി ഉയര്‍ത്താന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ട്. 

ഭാവിയില്‍ അവതരിപ്പിക്കുന്ന ചൂചേ-3 റോക്കറ്റില്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പ്രൊപ്പലന്റ് ടാങ്കുകളും മീഥെയ്ന്‍-ലിക്വിഡ് ഓക്‌സിജന്‍ പ്രൊപ്പലന്റ് എഞ്ചിന്‍ ക്ലസ്റ്ററുകളുമാണ് ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് സ്‌റ്റേജുകളുള്ള ഈ റോക്കറ്റിന് 20 മെട്രിക് ടണ്‍ ഭാരം താങ്ങാന്‍ ശേഷിയുമുണ്ടാവും. പുന:രുപയോഗിക്കും വിധമാണെങ്കില്‍ റോക്കറ്റില്‍ വെക്കാവുന്ന പേലോഡിന്റെ ഭാരം കുറയ്‌ക്കേണ്ടിവരുമെന്ന് മാത്രം. 

Content Highlights: Chinese provate company made methane-powered private rocket sends satellites into orbit