സൗരയൂഥത്തിലെ മഹാസാഗരങ്ങള്‍, ജീവന്റെ സാധ്യത തിരയുന്ന ശാസ്ത്രലോകം

സൗരയൂഥത്തിലെ വാതകഭീമന്‍ ഗ്രഹമായ യുറാനസിന്റെ 27 ചന്ദ്രന്മാരില്‍ നാലെണ്ണത്തില്‍ സമുദ്രങ്ങളുണ്ടെന്ന് നാസ ഗവേഷകര്‍ കണ്ടെത്തിയത് ഏതാനും മാസം മുന്‍പാണ്. ഏരിയല്‍, ഉംബ്രിയേല്‍, ടൈറ്റാനിയ, ഒബെറോണ്‍ എന്നീ ഉപഗ്രഹങ്ങളിലാണ് ഉപ്പുരസമുള്ള സമുദ്രങ്ങള്‍ ഉള്ളതെന്നാണ് ഗവേഷകര്‍ പറയുന്നത്. നിഗൂഢത നിറഞ്ഞതാണ് യുറാനസിനെക്കുറിച്ചുള്ള പഠനങ്ങള്‍. സൂര്യനില്‍നിന്ന് ഏകദേശം 201 കോടി കിലോമീറ്റര്‍ അകലെയുള്ള യുറാനസിന്റെ ചന്ദ്രന്മാരില്‍ കടുത്ത തണുപ്പിലും ഈ സമുദ്രങ്ങള്‍ ശീതീകരിച്ച് കട്ടിയാകാതെ ദ്രാവകമായി നിലനില്‍ക്കുന്നത് ദുരൂഹമാണ്. യുറാനസ് അതിന്റെ ഉപഗ്രഹങ്ങളില്‍ പ്രയോഗിക്കുന്ന വേലിബലങ്ങള്‍ (Tidal force) ആണ് ഇതിന് കാരണമായിപ്പറയുന്നത്. അതുപോലെത്തന്നെ ജലത്തിലുള്ള ഉപ്പുകള്‍, അമോണിയ, മറ്റു ലവണങ്ങള്‍ എന്നിവയും ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായേക്കാം.
യുറാനസ് (Uranus)
സൗരയൂഥത്തിലെ വാതകഭീമന്മാരില്‍ ഒന്നാണ് യുറാനസ്. വ്യാഴം, ശനി, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളും വാതകഭീമന്മാരാണ്. ഈ നാലു ഗ്രഹങ്ങള്‍ക്ക് ചുറ്റും വലയങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, ശനിയുടെയത്ര തെളിഞ്ഞ വലയങ്ങളല്ല മറ്റു മൂന്ന് ഗ്രഹങ്ങള്‍ക്കുമുള്ളത്. 13 വലയങ്ങളാണ് യുറാനസിനുള്ളത്. ഭൂമിയുടെ 15 മടങ്ങ് പിണ്ഡമുള്ള യുറാനസിന്റെ പുറംപാളിയായ ക്രസ്റ്റ് വാതകങ്ങളാണ്. സൗരയൂഥത്തിലെ ഏറ്റവും തണുപ്പുള്ള ഗ്രഹവും യുറാനസാണ്. മൈനസ് 216 ഡിഗ്രി സെല്‍ഷ്യസാണ് ശരാശരി താപനില. 17 ഭൗമ മണിക്കൂറാണ് യുറാനസിന്റെ ഒരു ദിവസം. 84 ഭൗമവര്‍ഷങ്ങളാണ് ഒരു യുറാനസ് വര്‍ഷം. മണിക്കൂറില്‍ 900 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശുന്ന ശീതക്കാറ്റുകള്‍ യുറാനസിലുണ്ട്.യുറാനസിന്റെ ചന്ദ്രന്മാരില്‍ മാത്രമല്ല ജലമുള്ളത് എന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. സൗരയൂഥത്തിലുള്ള 23 ഉപഗ്രഹങ്ങളിലും ഏതാനും ഗ്രഹങ്ങളിലും ജലസാന്നിധ്യമുണ്ടെന്നാണ് കണക്കാക്കുന്നത്.
യൂറോപ്പ (Europa)
വ്യാഴത്തിന്റെ ചന്ദ്രനായ യൂറോപ്പയുടെ മഞ്ഞുറഞ്ഞ ഉപരിതലത്തിനടിയില്‍ വലിയ ജലസമുദ്രമുണ്ടെന്നാണ് നിഗമനം. സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ജീവന്‍ ഉദ്ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനും ഏറ്റവുമധികം അനുകൂലനങ്ങളുള്ള ഗോളമാണ് യൂറോപ്പ. നാസയുടെ യൂറോപ്പ ക്ലിപ്പര്‍ ദൗത്യം യൂറോപ്പയില്‍ ജീവന്റെ നാമ്പുകള്‍ തിരയുന്നതിനുള്ള ബഹിരാകാശ പദ്ധതിയാണ്. ഉറഞ്ഞ മഞ്ഞുപാളികള്‍ക്കടിയില്‍ ചൂടുള്ള ജലമാണ് യൂറോപ്പയിലുള്ളത്. വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണം നല്‍കുന്ന വേലി ബലങ്ങളാണ് ജലത്തെ ചൂടുപിടിപ്പിക്കുന്നത്. കസീനി ബഹിരാകാശപേടകം യൂറോപ്പയെ സമീപിച്ചപ്പോള്‍ ധ്രുവ പ്രദേശത്തുനിന്ന് ചിതറിത്തെറിക്കുന്ന ചൂട് നീരുറവകളുടെ ചിത്രം എടുത്തിരുന്നു. 2030-ല്‍ യൂറോപ്പ ക്ലിപ്പര്‍ യൂറോപ്പയിലെ സമുദ്രങ്ങളുടെ യഥാര്‍ഥ ചിത്രം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്‍സിലാഡസ് (Enceladus)
ശനിയുടെ ഉപഗ്രഹമായ എന്‍സിലാഡസിന്റെ മഞ്ഞുമൂടിക്കിടക്കുന്ന ഉപരിതലത്തിനടിയില്‍ ദ്രാവകാവസ്ഥയില്‍ ജലമുണ്ടെന്ന് (Subsurface ocean) കസീനി ബഹിരാകാശപേടകം കണ്ടെത്തിയിട്ടുണ്ട്. ശനിയുടെ വലയങ്ങളിലേക്ക് എന്‍സിലാഡസിന്റെ ധ്രുവമേഖലയില്‍നിന്ന് വെള്ളം പ്രവഹിക്കുന്നതിന്റെ ചിത്രങ്ങളും കസീനി നല്‍കിയിട്ടുണ്ട്. ചൂട് നിരുറവകളാണ് ഇവിടെ നിന്നും പ്രവഹിക്കുന്നത്. ഉപ്പും ലവണങ്ങളും ഈ നീരുറവകളിലുണ്ട്. 499 കിലോമീറ്റര്‍ മാത്രം വ്യാസമുള്ള ഈ കുഞ്ഞന്‍ ഉപഗ്രഹത്തെ ജീവന്‍ നിലനില്‍ക്കാന്‍ അനുകൂലനമുള്ള മറ്റൊരു പ്രദേശമായാണ് കണക്കാക്കുന്നത്. ശനിയുടെ 'എഫ്' വലയത്തിലേക്ക് ഓരോ മണിക്കൂറിലും 1000 മെട്രിക് ടണ്‍ ജലമാണ് എന്‍സിലാഡസില്‍നിന്നും പമ്പ് ചെയ്യപ്പെടുന്നത്. ഇതില്‍ ഓര്‍ഗാനിക് തന്മാത്രകള്‍ അടങ്ങിയിട്ടുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്.
ഗാനിമിഡ് (Ganymide)
വ്യാഴത്തിന്റെ ചന്ദ്രനും സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹവുമായ ഗാനിമിഡ് ജല സമൃദ്ധമാണെന്ന് 2015-ല്‍ തെളിയിക്കപ്പെട്ടു. ഉപഗ്രഹത്തിന്റെ പുറംപാളിയായ ക്രസ്റ്റിന് 160 കിലോമീറ്റര്‍ താഴെയാണ് ചൂടുള്ള ഉപ്പുരസമുള്ള സമുദ്രമുള്ളത്. എന്നാല്‍ യൂറോപ്പയിലേതുപോലെ ചൂട് നീരുറവകള്‍ ഗാനിമിഡില്‍ നിന്ന് പ്രവഹിക്കുന്നില്ല. യൂറോപ്പയെ അപേക്ഷിച്ച് വ്യാഴത്തില്‍നിന്ന് കൂടുതല്‍ അകലത്തില്‍ ആയതുകൊണ്ടാണിത്. ഉപഗ്രഹത്തിന്റെ ജിയോളജി പഠിച്ചതുവഴിയാണ് സബ്-സര്‍ഫസ് സമുദ്ര സാന്നിധ്യം സ്ഥിരീകരിച്ചത്.
കലിസ്റ്റോ (Callisto)
വ്യാഴത്തിന്റെ മറ്റൊരു ഉപഗ്രഹമാണ് കലിസ്റ്റോ. വ്യാഴത്തിന്റെ നാല് ഗലീലിയന്‍ ചന്ദ്രന്മാരില്‍ ഏറ്റവും അകലെയാണ് കലിസ്റ്റോയുടെ സ്ഥാനം. ഘടനാപരമായി ഗാനിമിഡിനോട് സമാനമാണ് കലിസ്റ്റോ. ഇതിന് ചുറ്റുമുള്ള ഒരു കാന്തികക്ഷേത്രം കലിസ്റ്റോയെ വികിരണങ്ങളുടെ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കുന്നുണ്ട്. കലിസ്റ്റോയില്‍ ജീവന്‍ തിരയാനുള്ള പ്രധാനകാരണവും ഈ കാന്തിക ക്ഷേത്രത്തിന്റെ സാന്നിധ്യമാണ്. വ്യാഴത്തില്‍നിന്നുള്ള വികിരണങ്ങളെ തടയുന്നതുകൊണ്ട് പര്യവേക്ഷണത്തിന് അനുയോജ്യമായ പ്രദേശമാണ് കലിസ്റ്റോ.
സിറസ് (Ceres)
1801ല്‍ കണ്ടെത്തിയ കുള്ളന്‍ ഗ്രഹമാണ് സിറസ്. വളരെ ചെറുതായതുകൊണ്ട് സിറസിനെപ്പറ്റി കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. ഹബിള്‍ ടെലസ്‌കോപ്പും തുടര്‍ന്ന് 2015-ല്‍ ഡോണ്‍ (Dawn) സ്‌പേസ്‌ക്രാഫ്റ്റും ശേഖരിച്ച വിവരങ്ങളില്‍ പാറകള്‍ നിറഞ്ഞ ഉപരിതലത്തന് കീഴിലായി സമുദ്രമുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. സൗരയൂഥത്തില്‍ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയ്ഡ് ബെല്‍റ്റിലാണ് സിറസിന്റെ സ്ഥാനം. ഭൂമിയുടെ തൊട്ടടുത്തുള്ള സമുദ്രമായിരിക്കും സിറസിന്റെ ഉപരിതലത്തിന് കീഴിലുണ്ടാവുക.
ടൈറ്റന്‍ (Titan)
ശനിയുടെ ഏറ്റവും വലിയ ചന്ദ്രനാണ് ടൈറ്റന്‍. ടൈറ്റന്റെ ഉപരിതലത്തില്‍ ഒഴുകുന്ന ദ്രാവകസാന്നിധ്യം കസീനി സ്പേസ്‌ക്രാഫ്റ്റ് കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രോ കാര്‍ബണുകളും ജലവും നിറഞ്ഞ പുഴകളും തടാകങ്ങളും സമുദ്രങ്ങളും ഇവിടെയുണ്ട്. മഴ പെയ്യുന്ന പ്രദേശംകൂടിയാണ് ടൈറ്റന്‍. സൗരയൂഥത്തില്‍ ജീവന് അനുകൂലനമുള്ള ടൈറ്റനിലേക്ക് 2039ല്‍ നാസ ഒരു സ്പേസ് സബ്മറൈന്‍ അയക്കുന്നുണ്ട്.
ഡയോണ്‍ (Dione)
ശനിയുടെ ചന്ദ്രനായ ഡയോണ്‍ ശനിയുടെതന്നെ ചന്ദ്രനായ എന്‍സിലാഡസിന്റെ കൊച്ചുപതിപ്പാണ്. കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഈ ഉപഗ്രഹത്തില്‍ ഒരു കൊച്ചുസമുദ്രം ഉണ്ടാകാനുള്ള താപനിലയുണ്ട്.
പ്ലൂട്ടോയും ഷാരോണും (Pluto and Charon)
2015ല്‍ പ്ലൂട്ടോയുടെ സമീപത്തുകൂടി കടന്നുപോയ ന്യൂ ഹൊറൈസണ്‍സ് സ്പേസ് ക്രാഫ്റ്റ് പ്ലൂട്ടോയുടെയും മറ്റൊരു കുള്ളന്‍ ഗ്രഹമായ ഷാരോണിന്റെയും നേരിട്ടുള്ള വ്യക്തമായ ചിത്രമെടുത്തു. ഈ രണ്ട് ഗോളങ്ങളിലും സമുദ്രങ്ങള്‍ ഉണ്ടെന്നുള്ള സൂചന ലഭിച്ചിട്ടുണ്ട്.
മിമാസ് (Mimas)
ശനിയുടെ ഉപഗ്രഹമായ മിമാസ് ഒരു വലിയ ഹിമഗോളമാണ്. എന്നാല്‍ ഉപഗ്രഹം ശനിയെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഉപരിതലത്തിനടിയിലെ ദ്രാവകാവസ്ഥയിലുള്ള ജലത്തിന്റെ അടയാളമായി ശാസ്ത്രജ്ഞര്‍ കരുതുന്നു. റേഡിയോ ആക്ടീവ് ജീര്‍ണനം വഴിയാണ് ജലത്തെ ദ്രാവകാവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള ഊഷ്മാവ് ലഭിക്കുന്നത് എന്നാണ് കരുതുന്നത്.
ട്രിറ്റോണ്‍ (Triton)
നെപ്റ്റിയൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രിറ്റോണ്‍ ഏറെക്കുറെ പ്ലൂട്ടോയെപ്പോലെയാണ്. ഇതിന്റെ സഞ്ചാരപാത പരിശോധിച്ചപ്പോള്‍ ഈ ഉപഗ്രഹത്തെ കയ്പര്‍ ബെല്‍റ്റില്‍നിന്ന് നെപ്റ്റിയൂണ്‍ പിടിച്ചെടുത്തതാണ് എന്നാണ് മനസ്സിലാകുന്നത്. കയ്പര്‍ ബെല്‍റ്റിലെ പിണ്ഡങ്ങള്‍ പൊതുവേ ജല സമൃദ്ധമാണെന്നാണ് കരുതപ്പെടുന്നത്. റേഡിയോ ആക്ടീവ് ജീര്‍ണനം വഴി സബ്-സര്‍ഫസ് സമുദ്രം ദ്രാവകാവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള ഊഷ്മാവ് ഉത്പാദിപ്പിക്കുന്നുണ്ട്.
കയ്പര്‍ ബെല്‍റ്റ്
സൗരയൂഥത്തില്‍ നെപ്റ്റിയൂണിനുമപ്പുറം പ്ലൂട്ടോ ഉള്‍പ്പെടെയുള്ള കുള്ളന്‍ ഗ്രഹങ്ങളും ധൂമകേതുക്കളും ക്ഷുദ്രഗ്രഹങ്ങളുമെല്ലാം നിറഞ്ഞ വലിയ പ്രദേശമാണ് കയ്പര്‍ ബെല്‍റ്റ് (The Kuiper Belt). ഇറിസ്, ഹ്യൂമേ തുടങ്ങി പ്ലൂട്ടോയുമായി സാദൃശ്യം പുലര്‍ത്തുന്ന നിരവധി ദ്രവ്യപിണ്ഡങ്ങള്‍ ഈ മേഖലയിലുണ്ട്. ഇവയുടെ കട്ടികൂടിയ ഹിമാവരണത്തിനടിയില്‍ ദ്രാവകാവസ്ഥയില്‍ ജലമുണ്ടെന്നാണ് നിഗമനം. ക്രയോവോള്‍ക്കാനിസം വഴിയാണ് അതിനാവശ്യമായ താപം ഉത്പാദിപ്പിക്കുന്നത്.
വെള്ളം വെള്ളം സര്‍വത്ര
ഇനിയുമേറെ ഗോളങ്ങളില്‍ ജലസാന്നിധ്യത്തിനുള്ള സൂചന ലഭിച്ചിട്ടുണ്ട്. യുറാനസിന്റെ ചന്ദ്രന്മാരായ ടൈറ്റാനിയ, ഒബെറോണ്‍, ഉംബ്രിയേല്‍ എന്നിവയില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെയും ഹിമത്തിന്റെയും സാന്നിധ്യം വോയേജര്‍ സ്പേസ് ക്രാഫ്റ്റ് 1986-ല്‍ത്തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ശനിയുടെ ഉപഗ്രഹങ്ങളായ ടെഥിസ്, റിയാ, ലപീറ്റസ് എന്നിവിടങ്ങളിലെ ഉറച്ച ഹിമാവരണത്തിനുള്ളിലെ ദ്രാവക ജലസാന്നിധ്യത്തിന്റെ സൂചന കസീനി സ്പേസ് ക്രാഫ്റ്റ് നല്‍കിയിട്ടുണ്ട്.
ബുധന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളിലും ചന്ദ്രനിലും ജലസാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ അന്തരീക്ഷത്തില്‍ ജലബാഷ്പത്തിന്റെ സാന്നിധ്യമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ സൗരയൂഥം ജല സമൃദ്ധമാണെന്ന് പറയാം. ഇത്തരം പല ഗോളങ്ങളിലെയും ജലത്തിന്റെ വ്യാപ്തം ഭൂമിയിലെ ജലത്തിന്റെ പതിന്മടങ്ങായിരിക്കും.
സെപ്റ്റംബര്‍ ലക്കം ജി.കെ&കറന്റ് അഫയേര്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനം
Content Highlights: Water is present in many extraterrestrial spheres in the solar system