ഇത് വെറും ട്രെയിലർ മാത്രം, യഥാർഥ അതിതീവ്രകാലാവസ്ഥ ഇതൊന്നുമല്ല, അന്ന് മനുഷ്യരും മൃഗങ്ങളും ഓർമയാവും

#ഡോ. കെ.പി. ജയ്കിരൺ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ബെലേം എന്ന പോർട്ട് നഗരം ബ്രസീലിലെ ആമസോൺ നദിയുടെ കവാടമാണ്. ഭൂമിയിലെ കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ആമസോൺ കാടുകൾ മെലിയുന്നു എന്ന് പരിസ്ഥിതിവാദികൾ മുറവിളികൂട്ടുന്ന കാലത്തുതന്നെ അവിടെ ലോകനേതാക്കൾ കാലാവസ്ഥാ ഉച്ചകോടിക്കായി ചേരുന്നു എന്നത് പ്രകൃതിയുടെ വികൃതിയായി വേണമെങ്കിൽ കാണാം. ഈമാസം പത്തിന് തുടങ്ങി പത്തുദിവസം നീണ്ടുനിൽക്കുന്ന കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന വേദിയിൽ അതിനുനേരേ ആയിരക്കണക്കിന് ജനങ്ങൾ  പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും പ്രഖ്യാപനങ്ങൾകൊണ്ട് ലോകത്തിന്റെ കണ്ണടയ്ക്കാൻ നോക്കേണ്ടെന്നും എന്തെങ്കിലും കാര്യമായി ചെയ്യൂ എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. കാലാവസ്ഥാ ചർച്ചകൾ മുഖരിതമാകുന്ന ഈ വേളയിൽ നാനൂറ്റിയറുപതുകോടിവർഷം പ്രായമുള്ള നമ്മുടെ നീലഗ്രഹത്തിന്റെ കാലാവസ്ഥവന്ന വഴികളിലൂടെ ഒന്ന് നടക്കുന്നത് നല്ലതാണ്

ആർട്ടിക് സമുദ്രത്തിലെ അനേകം ദ്വീപുകളിൽ ഒന്നാണ് എല്ലെസ്മിയർ (Ellesmere). വർഷം മുഴുവനും തണുത്തുറഞ്ഞുകിടക്കുന്ന ഇവിടത്തെ താപനില തണുപ്പുകാലത്ത് മൈനസ് മുപ്പത്തിയെട്ട് ഡിഗ്രിയും വേനൽക്കാലത്ത് മൂന്നു ഡിഗ്രിയുമാണ്. എന്നുവെച്ചാൽ അന്റാർട്ടിക്കപോലെയൊരിടം. എന്നാൽ, ഇവിടം ഒരുകാലത്ത് വറ്റിവരണ്ട ഡാമുകളുടെ റിസർവോയർപോലെ വിണ്ടുകീറി മുതലകളും ആമകളും ഇഴഞ്ഞുനീങ്ങിയ ഇടമാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? പക്ഷേ, അങ്ങനെയൊരു കാലം ഭൂമിയിൽ ഏകദേശം അഞ്ചുകോടി വർഷങ്ങൾക്കുമുൻപ് ഉണ്ടായിരുന്നു. ഭൂമിയിൽ ഉഷ്ണതരംഗം കൂടി ശരാശരി താപനില മുപ്പതുഡിഗ്രിയോളം എത്തിയപ്പോൾ ആർട്ടിക് പ്രദേശം ഉണങ്ങി വിണ്ടുകീറി.

ഹിമാലയം ചെറിയൊരു കുന്നുപോലെമാത്രമായി ഉയർന്നുതുടങ്ങിയ ഇന്ത്യൻ വൻകര മുഴുവനും സഹാറാ മരുഭൂമിപോലെയായിരുന്നു, അപ്പോൾ. ഇതൊക്കെ എങ്ങനെ പറയാൻകഴിയുന്നു എന്നല്ലേ? അന്നുണ്ടായ പാറകളും അവയിലെ ഫോസിലുകളും പറയുന്നത് ഇതാണ്. ദിനോസറുകൾ ഭൂമിയിൽനിന്ന് മറഞ്ഞുകഴിഞ്ഞ പാലിയോസിൻ കാലത്തിൽ (Paleocene) ഭൂമി തീച്ചൂളപോലെയാകുകയും ധ്രുവങ്ങളിലെ മഞ്ഞുപാളികൾ ഉരുകി സമുദ്രനിരപ്പ് ചിലയിടങ്ങളിൽ ഇരുപത് മീറ്ററിനു മുകളിൽവരെ ഉയരുകയുംചെയ്ത കാലമായിരുന്നു അത്. അതാണ് ഗുജറാത്തിലും രാജസ്ഥാനിലും കാവേരിയിലും എല്ലാം കടൽകയറി കടൽജീവികളുടെ ഫോസിലുകൾ അവിടത്തെ മണ്ണിൽ നിക്ഷേപിക്കപ്പെട്ടത്. അങ്ങനെയാണ് എല്ലെസ്മിയർ പ്രദേശത്ത് മുതലകളുടെയും ആമകളുടെയും അവശിഷ്ടങ്ങൾ അന്നത്തെ മണ്ണിൽ വീണത്.

വെളുത്ത മഞ്ഞുഗോളം

ഭൂമിയുടെ ചരിത്രത്തിൽ വളരെയധികം പുറകിലേക്ക് സഞ്ചരിച്ച് എഴുപതുകോടി വർഷങ്ങൾക്കുമുൻപത്തെ കാലത്ത് എത്തുകയാണെങ്കിൽ ഇതിലും രസകരമായ ഒരു കാര്യം കാണാം. അന്ന് ഭൂമിയിലുണ്ടായ പാറകൾ പരിശോധിക്കുകയാണെങ്കിൽ ഭൂമി മുഴുവനും തണുത്തുറഞ്ഞ്‌ ഇന്നത്തെ ധ്രുവങ്ങൾപോലെ കിടക്കുകയായിരുന്നു.

ഭൂമിയുടെ ശരാശരി താപനില മൈനസ് അൻപത് ഡിഗ്രി. സമുദ്രങ്ങളെല്ലാം ഐസ് പോലെ. സമുദ്രനിരപ്പ് ഏകദേശം അഞ്ഞൂറു മീറ്റർവരെ താഴേക്ക് ചിലയിടങ്ങളിൽ പോവുകയും അവിടെയൊക്കെ കടൽ കരയാകുകയും ചെയ്തു. ഹിമാലയം എന്ന തലയില്ലാതിരുന്ന ഇന്ത്യൻ ഭൂഖണ്ഡം അന്റാർട്ടിക്കയോടും ഓസ്‌ട്രേലിയയോടും ചേർന്ന് ദക്ഷിണധ്രുവത്തിനടുത്ത് കിടക്കുകയായിരുന്നു.

രാജസ്ഥാനിലെ മാർവാർ പ്രദേശത്ത് അറുപത്തിയഞ്ചുകോടി വർഷം പഴക്കമുള്ള പാറകളിൽ കാണുന്ന ഉരുളൻകല്ലുകൾ അന്നത്തെ ഹിമാനികൾ (Glaciers) നിർമിച്ചവയാണെന്നാണ് കരുതപ്പെടുന്നത്. ഇതുപോലെ ഭൂമിയുടെ മിക്കവാറും പ്രദേശങ്ങളിലെ പാറകളിൽ അന്നത്തെ ഹിമപാളികളുടെ തെളിവുകൾ കാണാൻകഴിയും. ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ അന്ന് ചന്ദ്രനിൽനിന്നോ ചൊവ്വയിൽനിന്നോ ഭൂമിയെ നോക്കിയിരുന്നെങ്കിൽ അതൊരു വെളുത്ത മഞ്ഞുഗോളമായായിരിക്കും കണ്ടിരുന്നത്.

ഇതൊക്കെ ട്രെയിലർ മാത്രം

പറഞ്ഞുവരുന്നെതെന്തെന്നാൽ ഭൂമിയുടെ നാനൂറ്റിയറുപത് കോടി വർഷത്തെ കാലാവസ്ഥാചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇതുപോലെത്തെ ഹിമയുഗങ്ങളിലൂടെയും ഉഷ്ണതരംഗങ്ങളിലൂടെയും ഭൂമി കടന്നുവന്നതായി മനസ്സിലാകും. ശരാശരി താപനില മുപ്പത് ഡിഗ്രി കടന്നപ്പോൾ ഭൂമി തീച്ചൂള്ളപോലെയായെങ്കിൽ മൈനസ് അൻപത് ഡിഗ്രിയായപ്പോൾ അതൊരു മഞ്ഞുഗോളമായിമാറി. ഇന്നത്തെ ശരാശരി താപനില ഏകദേശം പതിനഞ്ച് ഡിഗ്രിയാണെന്നും അതിൽ വെറും ഒരു ഡിഗ്രി കൂടിയപ്പോഴാണ് നമ്മൾ കാലാവസ്ഥാ വ്യതിയാനമെന്നും പ്രതിഭാസങ്ങളെന്നുമൊക്കെ പറഞ്ഞ്‌ കോലാഹലങ്ങളുണ്ടാക്കുന്നതെന്നും കേൾക്കുമ്പോൾ ഭൗമശാസ്ത്രജ്ഞർ ചിരിച്ചേക്കാം.

കാരണം യഥാർഥ അതിതീവ്രകാലാവസ്ഥ ഇതൊന്നുമല്ല എന്നതാണ്. ഇത് വെറും ട്രെയിലർ മാത്രമാണ്. ശരാശരി താപനില ഇനിയും പത്തോ പതിനഞ്ചോ ഡിഗ്രി ഉയർന്നാൽ ഭൂമിക്ക് ചുട്ടുപൊള്ളാൻ തുടങ്ങും. അന്ന് ആർട്ടിക്കും അന്റാർട്ടിക്കും വെയിൽകൊണ്ട് വിണ്ടുകീറും. ഇന്ത്യ ഉൾപ്പെടെയുള്ള ഭൂമധ്യരേഖാ പ്രദേശങ്ങൾ മരുഭൂമിയാവും. അവിടെ ശക്തമായ പൊടിക്കാറ്റുകൾ വീശിക്കൊണ്ടേയിരിക്കും. അങ്ങനെയൊരു കാലത്തിന് വളരെ മുൻപുതന്നെ മനുഷ്യരും മിക്കമൃഗങ്ങളും ഭൂമിയിലെ ഓർമ്മയായിക്കഴിഞ്ഞിരിക്കും.

മനുഷ്യനും മീനുകളും ഉരഗങ്ങളും ഒന്നുമില്ലാത്ത ലോകത്ത് കാലാവസ്ഥാവ്യതിയാനം എങ്ങനെ സംഭവിച്ചു എന്നല്ലേ ചിന്തിക്കുന്നത്? അപ്പോഴാണ് ഭൂമിയിലെ കാലാവസ്ഥ എന്നത് പാർക്കുകളിൽ കുട്ടികൾ കളിക്കുന്ന സിസോ (See-Saw) പോലെ പൊങ്ങുകയും താഴുകയും ചെയ്യുന്ന ഒന്നാണെന്ന് മനസ്സിലാകുന്നത്. അത് ഒരു വശത്തേക്ക് കൂടുതൽ ചരിഞ്ഞാൽ ഭൂമിയൊരു മഞ്ഞുഗോളവും (Snow ball) മറ്റൊരു വശത്തേക്ക് കൂടുതൽ ചരിഞ്ഞാൽ ഭൂമിയൊരു തീച്ചൂളയും (Hot house) ആകും. ഇപ്പോഴത്തെപ്പോലെ നടുവിൽ നിൽക്കുമ്പോഴാണ് നിങ്ങളും ഞാനും ഇതുപോലെ ജീവിക്കുന്നത്. ഈ സീസോ വശങ്ങളിലേക്ക് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്ന ശക്തികളെക്കുറിച്ചറിയണ്ടേ?

മിലിൻകോവിച് സൈക്കിൾ

ഭൂമിക്കൊരു കാർബൺഡയോക്‌സൈഡ് പുതപ്പ് അന്തരീക്ഷത്തിലുണ്ടെന്നും അതിന്റെ കട്ടികൂടുമ്പോഴാണ് അന്തരീക്ഷതാപം കൂടുന്നതെന്നും കട്ടികുറയുമ്പോഴാണ് താപനില കുറയുന്നതെന്നും അറിയാമല്ലോ? ഇതാണ് ഹരിതഗൃഹപ്രഭാവം (Greenhous effect) എന്നറിയപ്പെടുന്നത്. ഭൂമിയിൽ ഈ അന്തരീക്ഷ പുതപ്പിന്റെ കട്ടി ഇപ്പോൾ മിതമായരീതിയിലായതിനാലാണ് ഇവിടെ നമുക്ക് ജീവിക്കാനാകുന്നത്. ഈ പുതപ്പിന്റെ കട്ടി വളരെകൂടിയാണ് ശുക്രനിൽ താപനില നാനൂറു ഡിഗ്രിവരെ പോയത്. മനുഷ്യനില്ലാത്ത ഭൂമിയിൽ ഈ പുതപ്പിന്റെ കട്ടികൂടി താപനില ഉയർത്തിയത് ചില യുഗങ്ങളിലെ തീവ്ര അഗ്നിപർവതസ്‌ഫോടനങ്ങളാണ്. നിരത്തിവെച്ച പ്രഷർകുക്കറുകൾ ചുറ്റും ആവിചീറ്റുന്നതുപോലെ ഭൂമിയിൽ വ്യാപകമായി അഗ്നിപർവതസ്‌ഫോടനങ്ങൾ പലകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഹരിതഗൃഹപ്രഭാവം കൂടി ഭൂമിക്ക് ചൂട്ടുപൊള്ളിയിട്ടുണ്ട്. അതുപോലെത്തന്നെ ഭൂമി സൂര്യനെ ചുറ്റുന്ന ദീർഘവൃത്താകൃതിയിലെ പാത ഒരു വർഷത്തിലൊരിക്കൽ റബ്ബർബാൻഡ് പോലെ വലിയുകയും ചുരുങ്ങുകയും ചെയ്യും.

ഭൂമിയുടെ സൂര്യനിൽനിന്നുള്ള അകലം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്നതു കാരണം ഇത് ഭൂമിയിൽ ഹിമയുഗങ്ങളും ഉഷ്ണതരംഗങ്ങളും ലക്ഷം വർഷങ്ങളുടെ ഇടവേളകളിൽ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ഇതിനെ മിലൻകോവിച്ച് സൈക്കിൾ (Milankovitch Cycle) എന്ന് ഇതു കണ്ടുപിടിച്ച ആളിന്റെപേരിൽ വിളിക്കുന്നു. കുട്ടിക്കാലംമുതൽക്കുള്ള നമ്മുടെ ചരിത്രത്തിൽ നമുക്ക് പനിയും വിറയലും കുളിരുമൊക്കെ വരുന്നതുപോലെ ഭൂമിയുടെ ചരിത്രത്തിൽ പലപ്രാവശ്യം അതിശൈത്യകാലങ്ങളും അത്യുഷ്ണകാലങ്ങളും മാറിമാറിവന്നിട്ടുണ്ടെന്നും ഇനിയും വരുമെന്നും ഇതിലൂടെ മനസ്സിലാക്കണം.

എഴുപതു കോടിവർഷങ്ങൾമുൻപ് ഭൂമിയിലുണ്ടായിരുന്ന ബാക്റ്റീരിയകൾക്കും മറ്റു സൂക്ഷ്മജീവികൾക്കും ഭൂമി മഞ്ഞുഗോളമായപ്പോൾ ഒരുപക്ഷേ, വിറച്ചുകാണില്ല. പക്ഷേ, അഞ്ചുകോടി വർഷങ്ങൾക്കുമുൻപത്തെ പാലിയോസീൻ കാലത്തിൽ ഭൂമിയിൽ ജീവിച്ചിരുന്ന വലിയ എലികൾക്കും അന്നത്തെ കാടുകളിലെ പട്ടികൾക്കും കാട്ടുപൂച്ചകൾക്കും കുതിരകളുടെ മുൻഗാമികൾക്കും പിന്നെ മുതലകൾക്കും ആമകൾക്കുമെല്ലാം ഭൂമിയിലെ ജീവിതം പൊള്ളുന്നതായിരുന്നിരിക്കണം.

കഴിഞ്ഞ ദിവസങ്ങളിൽ കരീബിയൻ ദ്വീപുകളിൽ വിശിയ മെലിസ എന്ന അതിതീവ്ര കൊടുങ്കാറ്റിനെപ്പോലും നിഷ്‌പ്രഭമാക്കുന്ന ഒട്ടേറെ കൊടുങ്കാറ്റുകൾ അവർ സഹിച്ചിരിക്കണം. പക്ഷേ, ദിനോസറുകളെപ്പോലെ അവർ കാലാവസ്ഥാ രക്തസാക്ഷികളായില്ലെന്നുമാത്രം. ഭൂമിയിലെ സ്വാഭാവിക കാലാവസ്ഥാ സംവിധാനങ്ങളെ തകർക്കുകയാണെങ്കിൽ നമുക്കും ഇവരുടെയൊക്കെ അവസ്ഥതന്നെ വരുമെന്നുപറഞ്ഞ്‌ ഇതവസാനിപ്പിക്കാം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മുൻ ജിയോളജി മേധാവി ആണ് ലേഖകൻ

Content Highlights: Explore Earth's dramatic climate history, from snowball Earth to greenhouse periods.