ഒരു സാധാരണ ബസിന്റെ വലിപ്പം മാത്രം; നമ്മുടെ ഭൂമിക്കിതാ മറ്റൊരു ചന്ദ്രന്‍

ഇറ്റാലിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ഗലീലിയോ ഒരു കൊച്ചു ദൂരദര്‍ശിനിവെച്ച് വ്യാഴത്തിനെ (ജൂപ്പിറ്റര്‍) വലംവെക്കുന്ന ഗാനിമീഡ് (Ganymede), അയോ (Io), യൂറോപ്പ (Europa), കാലിസ്റ്റോ (Callisto) എന്നിങ്ങനെ നാല് ഉപഗ്രഹങ്ങളെ നിരീക്ഷിച്ചു കണ്ടുപിടിച്ചു. അവ ഗലീലിയന്‍ സാറ്റ്ലൈറ്റ്സ് എന്നാണ് അറിയപ്പെടുന്നത്. 1610-ല്‍ അവയെ കണ്ടപ്പോള്‍ അദ്ദേഹം കരുതി ജൂപ്പിറ്ററിന് ആകെ നാല് ഉപഗ്രഹങ്ങളേയുള്ളൂവെന്ന്. എന്നാല്‍, ഇപ്പോഴത്തെ കണക്കുപ്രകാരം ജൂപ്പിറ്ററിന് 95 ചന്ദ്രന്മാരുണ്ട്, പല വലുപ്പത്തിലും ആകൃതിയിലും. അതുപോലെ നാം കരുതുന്നത് ഭൂമിക്ക് ഒരേയൊരു ചന്ദ്രന്‍ മാത്രമാണെന്നാണ്. ഇപ്പൊഴിതാ ആ കണക്കുകളും തെറ്റുന്നു. ഏറ്റവും പുതുതായി നമ്മുടെ ഭൂമിക്ക് ഒരു മിനി മൂണ്‍ വന്നുചേര്‍ന്നിരിക്കുന്നു. ഒരു സാധാരണ ബസിന്റെ വലുപ്പമേയുള്ളൂ. ഒരു കൊച്ചു പാറക്കഷ്ണം. പക്ഷേ, നമ്മുടെ മൂണ്‍തന്നെയാണ് അദ്ദേഹം. കാരണം ഇതിപ്പോള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണവലയത്തിലാണ്. ഈ മിനി മൂണിന്റെ ഭ്രമണപഥം ഭൂമിയെ വലംവെക്കുന്നു.
2024 സെപ്റ്റംബര്‍ 29 മുതല്‍ ഈ കുഞ്ഞന്‍ ഔദ്യോഗികമായി ഭൂമിയുടെ മിനി ചന്ദ്രനാണ്. 2024 നവംബര്‍ 25-ന് അത് ഭൂമിയെ വിട്ടുപോവും. നമ്മുടെ ചന്ദ്രനെ വെച്ചുനോക്കിയാല്‍ ഇദ്ദേഹം ഒരു പുള്ളിപോലെയേയുള്ളൂ. നമ്മുടെ നഗ്‌നനേത്രംവെച്ച് ഇതിനെ കാണാന്‍കഴിയില്ല. ചെറിയ ദൂരദര്‍ശിനികൊണ്ടുപോലും കാണാന്‍ എളുപ്പമല്ല. പ്രൊഫഷണല്‍ ഒബ്സര്‍വേറ്ററിപോലെയുള്ള സ്ഥലത്തെ വളരെ വലിയ ദൂരദര്‍ശിനിവെച്ചുമാത്രമേ അതിനെ നിരീക്ഷിക്കാന്‍ പറ്റുകയുള്ളൂ.
ആദ്യമായിട്ടല്ല നമ്മുടെ ഭൂമിക്ക് ഒരു മിനി ചന്ദ്രനെ കിട്ടുന്നത്. കുറച്ചുദിവസത്തിനോ മറ്റോയൊക്കെ ഇതിനുമുന്‍പും ചുരുക്കം തവണ ഇങ്ങനെ ഉണ്ടായിട്ടുണ്ട്.
എന്നാല്‍, ഈ കുഞ്ഞന് ഒരു പ്രത്യേകതയുണ്ട്. ഇദ്ദേഹം ഇനിയും നമ്മുടെ മൂണായി 2055-ല്‍ തിരിച്ചുവരും. വിട്ടുപോയ ഒരാള്‍ പിന്നീട് തിരിച്ചുവരുന്ന സംഭവം ആദ്യമായിട്ടാണ്. അല്‍പം കാല്‍പനികമായി പറയുകയാണെങ്കില്‍ ഇവര്‍ തമ്മില്‍ ഏറെക്കാലത്തെ അടുപ്പവും ആത്മബന്ധവും ഉള്ളപോലെയൊക്കെ തോന്നാം! മനുഷ്യന്‍ ദൂരദര്‍ശിനി കണ്ടുപിടിച്ചതിനുശേഷം അങ്ങനെ സംഭവിക്കുന്നത് ഇത് ആദ്യമായിട്ടാണ്.
ഇതിനിടയിലുള്ള സമയങ്ങള്‍ ഈ കുഞ്ഞന് സ്വതന്ത്രതയുടെ നാളുകളാണ്, ഭാവിയില്‍ വേറെയേതെങ്കിലും ഗ്രഹത്തിന്റെ ഭ്രമണപഥമണ്ഡലത്തില്‍ വീഴുംവരെ. ഔദ്യോഗികമായി പുള്ളിയുടെ പേര് 2024 PT 5 എന്നാണ്. ഏകദേശം 10 മീറ്റര്‍ വലുപ്പംവരുന്ന ഒരു വസ്തുവാണത്. വേഗത്തിലോടുന്ന ഈ കോസ്മിക് ബസിനെ ആദ്യം കണ്ടുപിടിച്ചത് സ്‌പെയിനിലെ മഡ്രിഡിലെ ജ്യോതിശ്ശാസ്ത്രജ്ഞരാണ്.
സൗത്ത് ആഫ്രിക്കയിലെ ഒരു വലിയ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് അവര്‍ ഇതിനെ ആദ്യം നിരീക്ഷിച്ചത്. പിന്നെ നാസയുടെ അറ്റ്ലസ് (ATLAS: Asteroid Terretsrialimpact Last Alert System) ആണ് നിരന്തരം നിരീക്ഷണംചെയ്ത് ഇത് മിനി മൂണ്‍ ഭ്രമണപഥത്തിലാണെന്ന് ഉറപ്പുവരുത്തിയത്. ഭൂമിക്കുതന്നെ ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ സൂക്ഷ്മമായി പഠിക്കാനാണ് അറ്റ്ലസ് സിസ്റ്റം നാസ സ്ഥാപിച്ചിട്ടുള്ളത്.
ഈ മിനി മൂണ്‍ ഒരിക്കലും ഭൂമിയില്‍ വന്നുപതിക്കില്ലെന്നുറപ്പാണ്. ഇന്ത്യയുടെ ഇസ്രോ (ISRO) സ്ഥാപിച്ച നെത്ര (NETRA: Network for space objects Tracking and Analysis) സംവിധാനം ഈ മിനി മൂണിനെ രണ്ടുമാസത്തേക്ക് നിരന്തരം ട്രാക്ക് ചെയ്യും. ഈ മിനി മൂണും ഇന്ത്യയും തമ്മില്‍ വേറെയും ഒരു രസകരമായ ബന്ധമുണ്ട്. ഇതിന്റെ ഉദ്ഭവം അര്‍ജുന ടൈപ്പ് ഛിന്നഗ്രഹങ്ങളില്‍നിന്നാണ് (Arjuna asteroids). നിയര്‍ എര്‍ത് ഒബ്ജെക്ട്സ് അഥവാ NEOs എന്ന് വിളിക്കാവുന്ന ശ്രേണിയില്‍പ്പെടുന്ന ഭൂമിയുടെയടുത്തേക്ക് അപ്രതീക്ഷിതമായി പെട്ടെന്നുവരാന്‍ ധൈര്യംകാണിക്കുന്ന സാഹസികന്മാരാണിവര്‍. അതിലെ ഒരു അര്‍ജുനനാണ് ഈ മിനി മൂണ്‍. ഇതൊരു കൗതുകം സൃഷ്ടിക്കുന്ന ഐതിഹ്യംപോലെ കണ്ടാല്‍മതി.
ഈ 'ചിന്ന ചന്ദ്രനെ' കണ്ടുപിടിച്ച സ്പാനിഷ് ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഉപമപറഞ്ഞത് ഇങ്ങനെയാണ്: സ്ഥിരമായ മൂണ്‍ നമ്മുടെ ഷോപ്പില്‍വന്നു കച്ചോടംനടത്തി രണ്ടുകൂട്ടര്‍ക്കും ഗുണംചെയ്യുന്ന ഉപഭോക്താവുപോലെയാണ്; മിനി മൂണ്‍ വിന്‍ഡോ ഷോപ്പേര്‍പോലെ മാത്രമേയുള്ളൂ!
നമ്മുടെ ചന്ദ്രന്‍ ഭൂമിക്കു കമ്പനിതരാന്‍ തുടങ്ങിയിട്ട് നാലു ബില്യണ്‍ വര്‍ഷമായി. അതുകൊണ്ടുതന്നെ ചന്ദ്രനില്‍ കാലുകുത്തുന്ന ഫീല്‍ വേറെ ഒരു മിനി മൂണിനും തരാന്‍ പറ്റുകയില്ല! 'A Small Step for Man, A Giant Leap for Mankind' എന്നുപറഞ്ഞു നീല്‍ ആംസ്ട്രോങ്, ചന്ദ്രനില്‍ ആദ്യം അദ്ദേഹം കാലുകുത്തിയപ്പോള്‍. മിനി മൂണില്‍ മിനി സ്റ്റെപ്പുവെക്കാന്‍ ആരും ഭൂമിയില്‍നിന്ന് പറന്നുപോവില്ല. ചുമ്മാ കാണാനും പഠിക്കാനും ഒരു കൗതുകം; അത്രമാത്രം! ഈയൊരു പ്രതിഭാസത്തില്‍നിന്ന് നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, പ്രപഞ്ചത്തിലെ ഒരു കാര്യത്തിനും ഒരു സ്ഥിരതയുമില്ല. ഏതെങ്കിലും കാര്യത്തില്‍ സ്ഥിരതയുണ്ടെന്നു തോന്നിയാല്‍ത്തന്നെ അത് ഏതു കാലയളവിലെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
ഇനി ഭാവിയില്‍ രണ്ടില്‍ക്കൂടുതല്‍ മൂണുകളും ഭൂമിക്കുണ്ടായേക്കാം. കുറെ കാലത്തിനുശേഷം നമ്മുടെ സൗരയൂഥത്തിലെ ഗ്രഹമായ ബുധന്‍ (മെര്‍ക്കുറി) നമ്മുടെ സൗരയൂഥത്തെത്തന്നെ വിട്ടുപോയേക്കാം. ഗുരുത്വാകര്‍ഷണ ഏറ്റക്കുറച്ചിലുകള്‍ കാരണം ഇങ്ങനെ എന്തും സംഭവിക്കാം. മനുഷ്യന് പ്രവചിക്കാവുന്ന കാര്യനും പരിമിതികളുണ്ട്.
നീണ്ടകാല ഭ്രമണപഥപ്രവചനം കുറച്ചൊക്കെ കാലാവസ്ഥാ പ്രവചനംപോലെയാണ്. എന്നന്നേക്കുമായി പ്രവചിക്കാനൊന്നും പറ്റുകയില്ല. ഇന്നത്തെ ഏറ്റവും നല്ല കാലാവസ്ഥാ പ്രവചനമൊക്കെ കൂടിവന്നാല്‍ അടുത്ത ഒരാഴ്ചത്തേക്കു പറ്റുമായിരിക്കും. അതിനപ്പുറം ഒന്നിനും ഒരു ഉറപ്പുമില്ല; കാരണം അത്രയുമധികം വേരിയബിളുകള്‍വെച്ചാണ് ഈ പ്രവചനങ്ങള്‍ ചെയ്യുന്നത്. അതുപോലെതന്നെ അടുത്ത ആയിരം വര്‍ഷത്തില്‍ ഏതൊക്കെ ഛിന്നഗ്രഹം ഭൂമിയിലും നമ്മുടെ ചന്ദ്രനിലും മിനി ചന്ദ്രനിലും വന്നുപതിക്കും എന്നൊക്കെ ചോദിച്ചാല്‍ ഇന്നത്തെ ശാസ്ത്രജ്ഞര്‍ ബുദ്ധിമുട്ടും. എത്രയൊക്കെ നല്ല സൂപ്പര്‍ കംപ്യൂട്ടറുകളുണ്ടെങ്കിലും നമുക്ക് ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥത്തിലുള്ള കൃത്യമായ സ്ഥാനം ഒരുപരിധിക്കപ്പുറം മുന്നോട്ട് പ്രവചിക്കാന്‍പറ്റില്ല. അതിനുള്ള കാരണം സൂപ്പര്‍ കംപ്യൂട്ടറിന്റെ പ്രശ്‌നമോ നമ്മുടെ ഭ്രമണപഥസമവാക്യങ്ങളുടെ കുറവുകളോ ഒന്നുമല്ല; അത് കെയോസ് (chaso theory) സിദ്ധാന്തത്തിന്റെ സ്വതഃസിദ്ധമായ ഇടപെടലാണ്. അതും നമ്മുടെ പ്രകൃതിയുടെ ഒരു വികൃതിയാണ്.
അതുകൊണ്ടുതന്നെ ഭാവിയില്‍ നമ്മുടെ ഭൂമിക്ക് ബുധനെപോലെ ഒരു ചന്ദ്രനുമില്ലാത്ത കാലവും വരാം; ജൂപ്പിറ്റര്‍പോലെ ഏകദേശം 100 ചന്ദ്രന്മാര്‍ ഉണ്ടാവുന്ന കാലവും വരാം. ഇതൊന്നും യാഥാര്‍ഥ്യത്തിന് തീര്‍ത്തും വിരുദ്ധമല്ല. അതിനുള്ള സംഭവ്യത ഒരിക്കലും പൂജ്യമല്ല!
(ലേഖകന്‍ ഭ്രമണപഥവിഷയത്തില്‍ ഗവേഷണംചെയ്യുന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ്)
Content Highlights: A small asteroid, dubbed a `mini moon,` has become a temporary companion of Earth