സ്ഥാപനങ്ങളിലെ നിയമലംഘനങ്ങള്‍ തൊഴിലാളികള്‍ക്കും അറിയിക്കാം

അബുദാബി: തൊഴിലിടങ്ങളിലെ 12 നിയമലംഘനങ്ങള്‍ തൊഴിലാളികള്‍ക്കും ഔദ്യോഗിക ചാനലുകളിലൂടെ യു.എ.ഇ. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തെ അറിയിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

തൊഴിലുടമകള്‍ നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ ബന്ധപ്പെടണം. തൊഴിലുടമകളിലും ജീവനക്കാരിലും നിയമബോധം വര്‍ധിപ്പിക്കാനും തൊഴില്‍മേഖലയിലെ തെറ്റായ സമ്പ്രദായങ്ങള്‍ ഒഴിവാക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

സ്മാര്‍ട്ട് ആപ്പ്, വെബ്‌സൈറ്റ്, കോള്‍സെന്റര്‍ എന്നിവവഴി പരാതികള്‍ അറിയിക്കാം. വ്യാജ സ്വദേശിവത്കരണം, സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കാതിരിക്കുക, തൊഴിലിടത്തെ പീഡനങ്ങള്‍, അര്‍ഹമായ ആനൂകൂല്യങ്ങള്‍ നല്‍കാതിരിക്കുക, രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം ജോലി, വാര്‍ഷിക അവധിയും ശമ്പളവും നല്‍കാതിരിക്കുക, ലേബര്‍ ക്യാമ്പിലെ നിയമലംഘനങ്ങള്‍, ആരോഗ്യ-തൊഴില്‍സുരക്ഷാ ലംഘനങ്ങള്‍, നിര്‍ബന്ധിതജോലി, മനുഷ്യക്കടത്ത് എന്നീ നിയമലംഘനങ്ങള്‍ ജീവനക്കാര്‍ക്ക് മന്ത്രാലയത്തെ അറിയിക്കാം.

തൊഴില്‍വിപണിയുടെ സുസ്ഥിരതയും അഭിവൃദ്ധിയും ഉറപ്പാക്കാനാണ് നിഷേധാത്മകനടപടികള്‍ കര്‍ശനമായി നിരീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൃത്യമായ പരിശോധനകള്‍ക്കു ശേഷം നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

Content Highlights: Workers can also report violations of the rules in the institutions