ഹോർമുസിനെ മറികടക്കാൻ UAE; വരുന്നു വമ്പൻ പൈപ്പ്‌ലൈൻ പദ്ധതി, വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം

ദുബായ്: ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ എണ്ണ കയറ്റുമതി വർധിപ്പിക്കുന്നതിനായി തന്ത്രപ്രധാനമായ ഒരു പുതിയ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കാൻ യു.എ.ഇ.യുടെ തീരുമാനം. ഫുജൈറ വഴിയുള്ള ക്രൂഡ് ഓയിൽ കയറ്റുമതി ശേഷി ഇരട്ടിയാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധംമൂലം പ്രാദേശിക സാഹചര്യം കലുഷിതമായ സാഹചര്യത്തിലാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈൻ എന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (അഡ്നോക്) നിർദേശം നൽകിയത്.
നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഈ പൈപ്പ്‌ലൈൻ 2027-ഓടെ പ്രവർത്തനക്ഷമമാകുമെന്ന് അഡ്‌നോക് അറിയിച്ചു. ഇപ്പോൾ യു.എ.ഇ.ക്ക് ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈൻ സംവിധാനമുണ്ട്. ഇതിലൂടെ പ്രതിദിനം 1.8 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഹോർമുസ് കടലിടുക്ക് ഒഴിവാക്കി നേരിട്ട് ഒമാൻ ഉൾക്കടൽ തീരത്തേക്ക് എത്തിക്കാൻ സാധിക്കുന്നുണ്ട്. പുതിയ പൈപ്പ്‌ലൈൻകൂടി യാഥാർത്ഥ്യമാകുന്നതോടെ യു.എ.ഇ.യുടെ എണ്ണ കയറ്റുമതി ശേഷി ഗണ്യമായി വർധിക്കും.
ഗൾഫ് മേഖലയിൽ സൗദി അറേബ്യയ്ക്കും യു.എ.ഇ.ക്കും മാത്രമാണ് നിലവിൽ ഹോർമുസ് കടലിടുക്കിന് പുറത്തേക്ക് എണ്ണ എത്തിക്കാനുള്ള പൈപ്പ്‌ലൈൻ സംവിധാനങ്ങളുള്ളത്. എന്നാൽ കുവൈത്ത്, ഇറാഖ്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ ഇപ്പോഴും ഊർജ കയറ്റുമതിക്കായി ഈ കടലിടുക്കിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഊർജ പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്.
Content Highlights: UAE is fast-tracking the West-East Pipeline to double crude export capacity via Fujairah., The project aims to bypass the Strait of Hormuz, a critical chokepoint currently affected by regional war.