കടുത്ത വേനലിൽ യു.എ.ഇ.; താപനില 45 ഡിഗ്രി സെൽഷ്യസിനടുത്തെത്തി, ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo-Gettyimages
പ്രതീകാത്മക ചിത്രം | Photo-Gettyimages

അബുദാബി: യു.എ.ഇയിൽ താപനില 45 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി. വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ താപനില കുത്തനെ ഉയരുമെന്നും കടുത്ത ചൂടിനൊപ്പം പൊടിപടലങ്ങൾ നിറഞ്ഞ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വരും ദിവസങ്ങളിൽ മരുഭൂമി പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുമെന്നും ചിലയിടങ്ങളിൽ ഇത് 45 ഡിഗ്രി വരെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കിയിട്ടുണ്ട്. താപനില ഉയരുന്നതിനൊപ്പം തന്നെ വടക്ക് കിഴക്ക് മുതൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നുള്ള കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്.

കടൽത്തീരത്ത് തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും ശനി, ഞായർ ദിവസങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും പൊടി നിറഞ്ഞ അന്തരീക്ഷം തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം, യു.എ.ഇയിൽ ഔദ്യോഗികമായി വസന്തകാലം അവസാനിച്ചിട്ടില്ലെങ്കിലും രാജ്യം ഇപ്പോൾതന്നെ കടുത്ത ചൂടിലാണ്. സാധാരണയായി ഇക്കാലയളവിൽ 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് ഉയരാറുള്ളത്. എന്നാൽ പെട്ടെന്നുള്ള ഈ കാലാവസ്ഥാ വ്യതിയാനം ഇനിയുള്ള ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്ന സൂചനയാണ് നൽകുന്നത്.

Content Highlights: Temperatures reaching near 45°C across various UAE regions., Strong winds up to 40 km/h expected from North-East to North-West., Coastal areas advised to exercise caution due to high waves., Dusty atmosphere to persist through the weekend., Significant deviation from seasonal averages of 30-35°C.