ആശങ്കകളില്ല, സുരക്ഷയിൽ വിശ്വാസം; ദുബായ് മാളിലൂടെ 'കൂൾ' ആയി നടന്ന് യുഎഇ പ്രസിഡന്റ്

ദുബായ്: യുദ്ധഭീതിക്കിടയിലും ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായ ദുബായ് മാളിലൂടെ 'കൂൾ' ആയി നടന്ന് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമാണ് തിങ്കളാഴ്ച വൈകീട്ട് ദുബായ് മാളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്.
മേഖലയിൽ സംഘർഷം വ്യാപിക്കുന്ന സമയത്ത് ഇറാന്റെ ഒട്ടേറെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ യുഎഇ പ്രതിരോധ മന്ത്രാലയം വിജയകരമായി തടഞ്ഞിരുന്നു. യുഎഇയുടെ സുരക്ഷയിലും സ്ഥിരതയിലുമുള്ള വിശ്വാസം പ്രകടമാകുന്ന തരത്തിലുള്ളതായിരുന്നു ഈ സന്ദർശനമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മാളിൽ ഷോപ്പിങ്ങിന് എത്തിയവരും ഭക്ഷണശാലകളിൽ ഉണ്ടായിരുന്നവരും ഇവരോട് സംസാരിക്കുകയും വീഡിയോ പകർത്തുകയും ചെയ്തു. പലരും അഭിവാദ്യം ചെയ്യുകയും അപ്രതീക്ഷിതമായ കൂടിക്കാഴ്ച്ചയിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. മാളിലെ റസ്റ്ററന്റിൽ നിന്ന് ഇവർ ഭക്ഷണം കഴിക്കുകയും ചെയ്തു.
ഇതിനിടയിൽ ഘാനയിൽ നിന്നുള്ള പ്രവാസി നേതാക്കളെ സമീപിച്ച് വീഡിയോ പകർത്തി. ഇതിനിടയിൽ ഇയാളോട് കാര്യങ്ങൾ അന്വേഷിക്കാനും ഭരണാധികാരികൾ മറന്നില്ല. എവിടെ നിന്നാണ് വരുന്നതെന്നും യുഎഇയിൽ സന്തോഷകരമായ ദിവസങ്ങൾ നേരുന്നുവെന്നും പ്രസിഡന്റ് അദ്ദേഹത്തോട് പറഞ്ഞു. ഒട്ടേറെ ശൈഖുമാരും ഉന്നത ഉദ്യോഗസ്ഥരും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു.
Content Highlights: uae president visits dubai mall