യു.എ.ഇ. ദേശീയദിന അവധിയിൽ വിമാനടിക്കറ്റ് നിരക്ക് ഇരട്ടിയാകാൻ സാധ്യത; മുൻകൂട്ടി ബുക്ക് ചെയ്യാൻ നിർദ്ദേശം

ദുബായ്: വരുന്ന യു.എ.ഇ ദേശീയദിന അവധിക്കാലത്ത് യാത്ര പ്ലാൻ ചെയ്യുന്നവർ വിമാന ടിക്കറ്റുകൾ ഉടൻ ബുക്ക് ചെയ്യണമെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ. തിരക്കും എണ്ണവില വർധനവും കാരണം വിമാനടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഡിസംബർ രണ്ട് മുതൽ ആറ് വരെ നീളുന്ന അഞ്ച് ദിവസത്തെ വാരാന്ത്യ അവധിയാണ് 55-ാമത് ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്ത് പ്രതീക്ഷിക്കുന്നത്.
അവധിക്കാലത്ത് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ നിലവിലുള്ളതിന്റെ ഇരട്ടിയോളമാകാനാണ് സാധ്യത. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ പോകുന്ന നഗരങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകളിൽ 25 മുതൽ 35 ശതമാനം വരെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് 100 ശതമാനം വരെയുമാണ് വർധനവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ക്രൂഡോയിൽ വിലയിലുണ്ടായ വർധനവും മേഖലയിലെ വ്യോമപാതകളിലുണ്ടായ തടസ്സങ്ങളും വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് ഉയർത്തിയിട്ടുണ്ട്.
ഡിനാറ്റ ട്രാവലിന്റെ കണക്കുകൾ പ്രകാരം മാലദ്വീപ്, തായ്ലൻഡ്, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് അവധിക്കാലത്ത് പ്രവാസികൾ ഏറ്റവുംകൂടുതൽ തിരഞ്ഞെടുക്കുന്ന വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങൾ. നാല് മണിക്കൂർ മാത്രം യാത്രാസമയമുള്ള മാലദ്വീപ് വിസരഹിത പ്രവേശന സൗകര്യംകൊണ്ടും പ്രിയങ്കരമാണ്. ഇതിനുപുറമേ എമിറേറ്റ്‌സ് ഹോളിഡേയ്‌സ് വഴി ബുക്ക് ചെയ്ത യാത്രികരിൽ പകുതിയിലധികം പേരും മാലദ്വീപ്, മൗറീഷ്യസ്, സീഷെൽസ് തുടങ്ങിയ ദ്വീപ് രാജ്യങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രാ ബുക്കിങ്ങിൽ മുൻവർഷത്തെ അപേക്ഷിച്ച് 58 ശതമാനത്തിന്റെ വർധനവുണ്ടായി. വിദേശ യാത്രകൾക്ക് പുറമേ യു.എ.ഇക്ക് ഉള്ളിലെ റിസോർട്ടുകളിലും ഹോട്ടലുകളിലുമുള്ള താമസത്തിന് ആവശ്യക്കാർ ഏറെയാണ്. രാജ്യത്തിനകത്തെ ഹോട്ടൽ ബക്കിങ്ങുകളിൽ 23 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉയർന്ന നിരക്കുകൾ ഒഴിവാക്കാനും തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാനും അവസാന നിമിഷത്തെ ബുക്കിങ് ഒഴിവാക്കി എത്രയുംവേഗം ടിക്കറ്റുകൾ കരസ്ഥമാക്കാനാണ് ട്രാവൽ ഏജൻസികൾ നൽകുന്ന നിർദ്ദേശം.