ആദരവ് വിരൽത്തുമ്പിൽ; യുഎഇയ്ക്ക് ദേശീയദിന സമ്മാനമൊരുക്കി കൊയിലാണ്ടി സ്വദേശി

ദുബായ്: മുളയില്‍ യുഎഇയ്ക്ക് ദേശീയ ദിന സമ്മാനമൊരുക്കി കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷിജു അരിക്കുളം. യുഎഇയോടും ഇവിടുത്തെ ഭരണാധികാരികളോടുമുള്ള ആദരവും സ്‌നേഹവുമാണ് മുളയിലൂടെ ഇദ്ദേഹം വിവരിക്കുന്നത്.
യുഎഇ രാഷ്ട്രപിതാക്കന്മാരായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ എണ്ണഛായങ്ങളാണ് ഒരൊറ്റ മുളയുടെ വിവിധ വശങ്ങളിലായി ഒരുക്കിയിട്ടുള്ളത്.
45 സെന്റിമീറ്റര്‍ ഉയരവും 25 സെന്റിമീറ്റര്‍ വീതിയുമുള്ള മുളയിലാണ് ഈ അത്യുഗ്രന്‍ കലാവിരുന്ന്. ഇതിനായി നാട്ടില്‍ നിന്നുമാണ് മുള കൊണ്ടുവന്നത്. മണല്‍ക്കാടില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ യുഎഇയുടെ വികസന യാത്രയും അതിമനോഹരമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ഒരാഴ്ച നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഈ കലാസൃഷ്ടി രൂപകല്പന ചെയ്തത്. ''അന്നം തേടി വരുന്നവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന നാടാണിത്. മലയാളികളുടെ രണ്ടാം വീട്. യുഎഇയോടുള്ള ആദരവും സ്‌നേഹവും വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കണമെന്ന ചിന്തയിലൂടെയാണ് ഇത്തരമൊരു കലാസൃഷ്ടി ഉടലെടുത്തത്'- ഷിജു പറയുന്നു.
ഇതാദ്യമായല്ല ഇദ്ദേഹം ചിത്രരചനയിലൂടെ ഈ നാടിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത്. കുരുമുളകുകള്‍ ഉപയോഗിച്ച് വരച്ച ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഏറ്റവും വലിയ ഛായാചിത്രത്തിലൂടെ ഏഷ്യ ബുക്‌സ് ഓഫ് റെക്കോഡ്സിലും ഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡ്സിലും ഈ അതുല്യ കലാകാരന്‍ ഇടം പിടിച്ചിട്ടുമുണ്ട്. ഒരു ഇമിറാത്തിയുടെ ക്യാമറ കണ്ണിലൂടെയുള്ള ദുബായിയുടെ വികസന യാത്ര കാന്‍വാസിലൊരുക്കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ ഒട്ടേറെ പ്രമുഖരുടെ ഛായാചിത്രങ്ങളും ഇദ്ദേഹം വരച്ചിട്ടുണ്ട്. കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നാണ് ഷിജു ചിത്രകലാപഠനം പൂര്‍ത്തിയാക്കിയത്. ഭാര്യ സൗമ്യ. അദിത്രി, അദിതി എന്നിവര്‍ മക്കളാണ്.
Content Highlights: Koyilandy native Shiju Arikkulam crafts a unique UAE National Day gift using bamboo, showcasing his respect for the nation and its leaders.