യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് നിരക്കുകൾ വർധിപ്പിച്ചു; നാളെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

ദുബായ്: യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട്, പോലീസ് ക്ലിയറൻസ് അടക്കമുള്ള സർട്ടിഫക്കറ്റുകൾ തുടങ്ങിയവയുടെ പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു. 450 ദിർഹമാണ് പുതിയ പാസ്പോർട്ടിന് നൽകേണ്ടത്. 60 പേജുള്ള ജംബോ പാസ്പോർട്ടിന് 630 ദിർഹം നൽകണം. പുതിയ നിരക്കുകൾ നാളെ മുതൽ നിലവിൽ വരും.
പാസ്പോർട്ട്-വിസാ സേവനങ്ങൾക്കുള്ള നിരക്കുകൾ വർധിപ്പിച്ചതായി കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചുള്ള നിരക്കാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രഖ്യാപിച്ചത്. 36 പേജുള്ള സാധാരണ പാസ്പോർട്ട് ലഭിക്കാൻ 450 ദിർഹവും അതിവേഗത്തിൽ, തത്ക്കാൽ സംവിധാനത്തിൽ ലഭിക്കണമെങ്കിൽ 900 ദിർഹവും നൽകണം. 60 പേജുള്ള ജംബോ പാസ്പോർട്ട് സാധാരണ രീതിയിൽ ലഭിക്കാൻ 630 ദിർഹവും തൽക്കാൽ ആയി ലഭിക്കാൻ 1080 ദിർഹവുമാണ് ഇനി നൽകേണ്ടത്. സാധാരണ പാസ്പോർട്ട് നഷ്ടമാകുകയോ കേടുപാട് പറ്റുകയോ ചെയ്താൽ പുതിയത് ലഭിക്കാൻ 900 ദിർഹവും 60 പേജുള്ളതാണെങ്കിൽ 1080 ദിർഹവും നൽകണം. തത്ക്കാലിലാണ് ഇവ ലഭിക്കേണ്ടതെങ്കിൽ യഥാക്രമം 1350 ദിർഹം, 1530 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.
18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സാധാരണ പാസ്പോർട്ടിന് 325 ദിർഹവും കേടുപാട് പറ്റിയത് മാറ്റാൻ 775 ദിർഹവും നല്കണം. തത്ക്കാലിലാണെങ്കിൽ ഇത് യഥാക്രമം 775 ദിർഹം, 1225 ദിർഹം എന്നിങ്ങനെയാകും. എട്ടുവയസ്സും ഇതിന് താഴെയുമാണ് പ്രായമെങ്കിൽ 295 ദിർഹമാണ് പാസ്പോർട്ടിന് നൽകേണ്ടത്. വേഗത്തിൽ ലഭിക്കാൻ 700 ദിർഹവും.
പോലീസ് ക്ലിയറൻസ്, സറൺഡർ സർട്ടിഫിക്കറ്റ്, മറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയ്ക്ക് 145 ദിർഹം നൽകണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. യാത്രാ സംബന്ധമായ സ്പെഷ്യൽ സർട്ടിഫിക്കറ്റിന് 60 ദിർഹവും തിരിച്ചറിയൽ രേഖയ്ക്ക് 180 ദിർഹവും ഈടാക്കും. ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ടിലേക്കുള്ള തുക, ഇത്തരം ഫീസ് നിരക്കിന് പുറമെ നൽകേണ്ടി വരും.
ജൂലായ് 1 മുതലാണ് നിരക്ക് പ്രാബല്യത്തിൽവരിക. അതേസമയം, ഇന്ത്യൻ പാസ്പോർട്ട് - വിസാ സേവനങ്ങൾക്കുള്ള പുതിയ ഏജൻസിയുടെ കാര്യത്തിൽ നാളെ തീരുമാനം പ്രഖ്യാപിക്കും. ബി.എൽ.എസ്സിന് പകരം അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് സേവനം നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അന്തിമ പ്രഖ്യാപനം വന്നിട്ടില്ല.