ഇന്ത്യയിലേക്ക് പണമയക്കാൻ പദ്ധതിയുണ്ടോ? പണിമുടക്കുമൂലം ബാങ്ക് ട്രാൻസ്ഫറുകൾ വൈകിയേക്കാം

ദുബായ്: മാസാവസാനം യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് പണമയക്കാൻ പദ്ധതിയിടുന്ന പ്രവാസികൾക്ക് ബാങ്കിങ് സേവനങ്ങളിൽ ചെറിയ രീതിയിലുള്ള താമസം നേരിടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ബാങ്കിങ് പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ബാങ്ക് യൂണിയനുകൾ ഈ മാസം 28 തിങ്കൾ മുതൽ 30 ബുധൻ വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. നേരിട്ട് ജീവനക്കാരുടെ ഇടപെടൽ ആവശ്യമായി വരുന്ന ഇന്റർനാഷണൽ ബാങ്ക് ട്രാൻസ്ഫറുകളെയാണ് പണിമുടക്ക് ബാധിച്ചേക്കുക.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ആവശ്യങ്ങളിൽ അനുകൂല തീരുമാനമായില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നാണ് യൂണിയൻ വ്യക്തമാക്കുന്നത്. എന്നാൽ, സമരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരും ബാങ്ക് മാനേജ്മെന്റുകളും ചർച്ചകൾ നടത്തിയെങ്കിലും ചൊവ്വാഴ്ച നടന്ന ചർച്ചയിൽ അന്തിമ ധാരണയിലെത്താൻ സാധിച്ചിരുന്നില്ല.
പണിമുടക്ക് ദിവസങ്ങൾക്ക് മുൻപുള്ള സെപ്റ്റംബർ 26 ശനിയാഴ്ച ബാങ്ക് അവധിയാണ്. ഇതിന് പരിഹാരമായി, പ്രവാസികൾക്കും നാട്ടിലുള്ള ഉപഭോക്താക്കൾക്കും ബാങ്കിങ് ആവശ്യങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നതിനായി സെപ്റ്റംബർ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും തുറന്നു പ്രവർത്തിക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയോടെയാണ് ഞായറാഴ്ച ബാങ്ക് ശാഖകളും എ.ടി.എമ്മുകളും കറൻസി ചെസ്റ്റുകളും പ്രവർത്തിക്കുക.
യു.എ.ഇയിൽനിന്ന് പണിമുടക്കിന് മുൻപായി പണമയച്ചാലും അത് തിങ്കളാഴ്ചയ്ക്ക് മുൻപ് നാട്ടിലെ അക്കൗണ്ടിൽ ലഭ്യമാകുമെന്ന് പൂർണമായി ഉറപ്പുനൽകാനാവില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

പണം അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആകാൻ എടുക്കുന്ന സമയവും സ്വീകരിക്കുന്ന ബാങ്കിലെ സുരക്ഷാ പരിശോധനകളും ഇതിൽ നിർണായകമാണ്. അതിനാൽ അടിയന്തര ആവശ്യങ്ങൾക്ക് പണമയക്കുന്നവർ തങ്ങൾ ഉപയോഗിക്കുന്ന എക്‌സ്‌ചേഞ്ച് ഹൗസുകളിലോ ബാങ്ക് ആപ്പുകളിലോ കൃത്യമായ സമയപരിധി ചോദിച്ചുമനസ്സിലാക്കേണ്ടതാണ്.
അതേസമയം, പണിമുടക്ക് സമയത്തും യു.പി.ഐ, നെറ്റ് ബാങ്കിങ്, മൊബൈൽ ആപ്പുകൾ, എ.ടി.എം സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് ബാങ്കുകൾ അറിയിച്ചിട്ടുണ്ട്. എങ്കിലും വിദേശത്തുനിന്നുള്ള പണമിടപാടുകൾ പ്രൊസസ്സ് ചെയ്യാൻ ബാങ്കുകളുടെ പ്രവർത്തനങ്ങൾ ആവശ്യമായതിനാൽ ഇത്തരം ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചാലും സമയബന്ധിതമായി പണം ലഭിക്കുന്നതിൽ അൽപ്പം കാലതാമസം ഉണ്ടായേക്കാം. അതിനാൽ അടിയന്തരമായി പണം എത്തിക്കേണ്ടവർ മുൻകൂട്ടിത്തന്നെ ട്രാൻസ്ഫറുകൾ പൂർത്തിയാക്കാനും ആവശ്യമായ വിവരങ്ങൾ ഉറപ്പുവരുത്താനും നിർദ്ദേശമുണ്ട്.